Thiruvananthapuram Result 2024: വീണ്ടും ബിജെപിയുടെ സ്വപ്നങ്ങള്‍ ശശി തരൂർ തല്ലിക്കെടുത്തുമോ?
തിരുവനന്തപുരം: കേരളത്തില്‍ ബി ജെ പി ഏറ്റവും ആദ്യം വിജയ പ്രതീക്ഷ വെച്ച് പുലർത്തി തുടങ്ങിയ ലോക്സഭ മണ്ഡലമാണ് തിരുവനന്തുപരം. 2014 ലെ തിരഞ്ഞെടുപ്പില്‍ വിജയത്തിന്റെ വക്കോളം എത്തി, എന്തിനേറെ മണ്ഡലത്തിന്റെ പലഭാഗത്തും ബി ജെ പി പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞതിന് ശേഷമാണ് ഒ രാജഗോപാല്‍ പരാജയപ്പെടുന്നത്. 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ വിജയം.
2019 ലെ തിരഞ്ഞെടുപ്പിലും ബി ജെ പി രണ്ടാമത് എത്തിയെങ്കിലും കുമ്മനം രാജശേഖനേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ട് പിടിക്കാന്‍ തരൂരിന് സാധിച്ചു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തിയ ഒരേയൊരു ലോക്സഭ മണ്ഡലവും തിരുവനന്തപുരമാണ്. ഇത്തവണ അത് വിജയത്തിലേക്ക് എത്തുമെന്ന് ബി ജെ പി ഉറച്ച് വിശ്വസിക്കുന്നു.

മാസങ്ങള്‍ക്ക് മുമ്പേ ഒരുങ്ങി ബിജെപി
കഴിഞ്ഞ രണ്ട് തവണയും നഷ്ടമായ മണ്ഡലം ഇത്തവണ ഏത് വിധേനയും പിടിക്കുകയെന്ന ലക്ഷ്യം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബി ജെ പി ഉയർത്തിയിരുന്നു. ഇതിനായി ദേശീയ നേതാക്കളെ തന്നെ തിരുവനന്തപുരത്ത് ഇറക്കുമെന്ന പ്രചരണമുണ്ടായി. ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്നും ജനവിധി നേടാനുള്ള സാധ്യതകളും ഉയർന്ന് വന്നു. പിന്നേയുള്ള ചർച്ചകള്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിനായിരുന്നു.
എക്സിറ്റ് പോളുകള്‍ പറയുന്നത്
സംസ്ഥാനത്ത് ഇത്തവണ ബി ജെ പി വിജയിക്കുന്ന മണ്ഡലങ്ങളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്നാണ് പല ദേശീയ മാധ്യമങ്ങളും പുറത്തുവിട്ട എക്സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ഇത്തവണയും യു ഡി എഫ് തന്നെയെന്നാണ് മനോരമ ന്യൂസിന്റെ എക്സിറ്റ് പോള്‍ പറയുന്നത്. സര്‍വേയുടെ ഭാഗമായ 37.86 ശതമാനം പേരും ശശി തരൂരിന് അനുകൂലമായാണ് വോട്ട് ചെയ്തത്. രാജീവ് ചന്ദ്രശേഖരിന് 35.25 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ഇടത് സ്ഥാനാർത്ഥി പന്ന്യന്‍ രവീന്ദ്രന് 25.58 ശതമാനം വോട്ട് മാത്രമേ ലഭിക്കു.
ബിജെപിയുടെ ആത്മവിശ്വാസം
മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചരണത്തില്‍ തന്നെയാണ് ബി ജെ പിയുടെ ആത്മവിശ്വാസം. കഴിഞ്ഞ തവണ കുമ്മനം രാജശേഖന് നേടാന്‍ കഴിയാതെ പോയ ചില വിഭാഗങ്ങളുടെ വോട്ട് പിടിക്കാന്‍ രാജീവ് ചന്ദ്രശേഖരന് കഴിഞ്ഞിട്ടുണ്ടെന്നും ബി ജെ പി അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാത്തവരെക്കൊണ്ട് പോലും ലോക്സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യിപ്പിക്കുമെന്നും നേതാക്കള്‍ പറയുന്നു.
തരൂരെന്ന വന്മതില്‍
യു ഡി എഫില്‍ ക്യാമ്പില്‍ തരൂരിന്റെ വിജയത്തിന്റെ യാതൊരു ആത്മവിശ്വാസക്കുറവുമില്ല. തരൂരിന്റെ പ്രതിച്ഛായ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകമായി യു ഡി എഫ് കാണുന്നത്. ബി ജെ പി വോട്ട് പ്രതീക്ഷിക്കുന്ന വിഭാഗങ്ങളിലേക്ക് കൂടി കടന്ന് ചെല്ലാന്‍ തരൂരിന് കഴിയും. മാത്രവുമല്ല, ന്യൂനപക്ഷ സമുദായങ്ങള്‍ പതിവ് പോലെ തങ്ങളെ പിന്തുണയ്ക്കുമെന്നും യു ഡി എഫ് കണക്ക് കൂട്ടുന്നു.
അത്ഭുതം കാണാമെന്ന് എല്‍ഡിഎഫ്
എക്സിറ്റ് പോളുകളിലും മറ്റും എല്‍ ഡി എഫിന് വലിയ പ്രധാന്യം നല്‍കുന്നില്ലെങ്കിലും വോട്ടെണ്ണുമ്പോള്‍ അത്ഭുതങ്ങള്‍ കാണാമെന്നാണ് ഇടതുക്യാമ്പുകളുടെ അവകാശവാദം. പന്ന്യന്‍ രവീന്ദ്രന്റെ ജനകീയത തന്നെയാണ് അവരുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാന കാരണം. കഴിഞ്ഞ രണ്ട് തവണത്തേക്കാളും മികച്ച പ്രകടനം ഇത്തവണ എന്തായാലും അവർ ഉറപ്പ് നല്‍കുന്നു.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍ കര എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. കോവളത്ത് ഒഴികെ എല്ലായിടത്തും ഇടത് എംഎല്‍എമാരാണ്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളില്‍ ബി ജെ പിക്ക് രണ്ടാം സ്ഥാനത്ത് എത്താനും സാധിച്ചിരുന്നു.












Click it and Unblock the Notifications