ഓണം ബമ്പറെടുക്കാൻ കൂട്ടയിടി ചുമ്മാതാണോ? അച്ചടിച്ച് ക്ഷീണിക്കുമോ ലോട്ടറി വകുപ്പ്, കണ്ണ് തള്ളും വിൽപ്പന
തിരുവനന്തപുരം: 'ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ', വൺമാൻ ഷോ എന്ന ചിത്രത്തിൽ നടൻ സലീം കുമാർ പറയുന്ന ഈ ഡയലോഗ് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നവർ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഓണം ബമ്പറിന്റെ കാര്യത്തിലും ആളുകളുടെ മനോഭാവം ഇത് തന്നെയാണെന്നാണ് ടിക്കറ്റ് വിൽപ്പനയിലെ കുതിപ്പ് വ്യക്തമാക്കുന്നത്. നറുക്കെടുപ്പിന് ഒരു മാസം തികച്ച് ഉണ്ടായിട്ടും ലോട്ടറി കടയിലേക്ക് ആളുകൾ കുത്തിയൊഴുകുകയാണ്, ഇനിയെങ്ങാനും ആ 25 കോടിയുടെ ഭാഗ്യശാലി ആയാലോ അല്ലേ.
ജുലൈ 27 നായിരുന്നു ഓണം ബംബർ വിൽപ്പന ആരംഭിച്ചത്. അന്ന് മാത്രം 4,41,600 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഒരു ദിവസത്തെ ഏറ്റവും വലിയ വിൽപനയായിരുന്നു ഇത്. വിൽപന തുടങ്ങി ഇന്നലെ വരെ 20.5 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റത്. ഓണം ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്. തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളാണ് മറ്റ് സ്ഥാനങ്ങളിലുള്ളത്.

കഴിഞ്ഞ വർഷം 67.5 ലക്ഷം ഓണം ബമ്പർ ടിക്കറ്റ് അച്ചടിച്ചതിൽ 66,55,914 എണ്ണം വിറ്റിരുന്നു. ഇത്തവണ 30 ലക്ഷം ടിക്കറ്റുകളായിരുന്നു ആദ്യ ഘട്ടത്തിൽ അച്ചടിച്ചത്. ഇക്കുറി 70 ലക്ഷത്തിലധികം ടിക്കറ്റ് ചെലവാകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.
സമ്മാനഘട അറിയാം
125.54 കോടി രൂപയാണ് ആകെ സമ്മാനമായി ഇത്തവണ നൽകുന്നത്. ഒന്നാം സമ്മാനം 25 കോടി നൽകുമ്പോൾ രണ്ടാം സമ്മാനം ഇത്തവണ 20 പേർക്കാണ് ലഭിക്കും. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബർ 20 നായിരിക്കും നറുക്കെടുപ്പ്.
25 കോടിയിൽ എത്ര രൂപ കൈയ്യിൽ കിട്ടും?
ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കുറച്ച് ഏകദേശം 15.75 കോടി രൂപയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക. സർ ചാർജും സെസും കൂടി 2.86 കോടി രൂപ ഇതിൽ നിന്ന് വീണ്ടും അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന് ലഭിക്കുക.
കഴിഞ്ഞ തവണത്തെ വിജയി
തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ചത്. തന്റെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്ന ലോട്ടറിയെ തന്നെ ജീവിത മാർഗമാക്കിയിരിക്കുകയാണ് അനൂപ് ഇപ്പോൾ. തിരുവനന്തപുരത്താണ് അനൂപ് ലോട്ടറി കട ആരംഭിച്ചത്.












Click it and Unblock the Notifications