ഇത് വീണപൂവല്ല; 'ജെമിനി' പൂവ്; ലാലേട്ടനെ ചതിച്ചത് ചാറ്റ് ജിപിടിയോ; മൗനം തുടര്‍ന്ന് മോഹന്‍ലാല്‍
ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മോഹന്‍ലാല്‍ ചൊല്ലിയ കവിതയെക്കുറിച്ചുള്ള വിവാദം സമൂഹ മാധ്യമങ്ങളില്‍ കൊഴുക്കുന്നു. ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു മോഹന്‍ലാല്‍ കവിത ചൊല്ലിയത്. മഹാകവി കുമാരനാശാന്റെ വീണപൂവിലെ രണ്ടു വരി എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ കവിത ചൊല്ലിയത്.
എന്നാലിപ്പോള്‍ ഈ കവിതയെക്കുറിച്ചുള്ള വിവാദമാണ് സമൂഹ മാധ്യമങ്ങളില്‍ കൊഴുക്കുന്നത്. മോഹന്‍ലാല്‍ പറഞ്ഞ വരികള്‍ വീണപൂവിലേത് അല്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും കണ്ടെത്തിയിരിക്കുന്നത്. ആശാന്റെ തന്നെ കവിതയായ ചണ്ഡാലഭിക്ഷുകിയിലേതാണ് ഈ വരികള്‍ എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വിവാദം കൊഴുക്കുമ്പോഴും മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

മോഹന്‍ലാലിനെപ്പോലെ ഒരാള്‍ക്ക് എങ്ങനെയാണ് ഒരു വലിയ വേദിയില്‍ ഇങ്ങിനെ ഒരു തെറ്റ് സംഭവിച്ചതെന്നും നിരവധി പേര്‍ ചോദിക്കുന്നുണ്ട്. എഐ ചതിച്ചതാണെന്ന മട്ടിലുള്ള രസകരമായ കമന്റുകളും വരുന്നുണ്ട്. മോഹന്‍ലാലിന് പ്രസംഗം എഴുതികൊടുത്തയാള്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും പൂവ് കണ്ടപ്പോള്‍ വീണപൂവെന്നു തെറ്റിദ്ധരിച്ചതാവാം എന്നും വിമര്‍ശിക്കുന്നവരുണ്ട്.
ഒരു വലിയ പുരസ്‌കാര ചടങ്ങില്‍ യോജിക്കുന്ന വരികളല്ല മോഹന്‍ലാല്‍ ചൊല്ലിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മോഹന്‍ലാല്‍ നോക്കിയത് ചാറ്റ് ജിപിടി ആണെന്നും ചാറ്റ് ജിപിടിയില്‍ ഇത്തരം കാര്യങ്ങള്‍ നോക്കിയാല്‍ ഇങ്ങനെ പലതും കിട്ടുമെന്നും പറയുന്നവരുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട ചില ശ്രദ്ധേയമായ കമന്റുകള്‍ വായിക്കാം:
രാധിക സി നായര്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് ഇങ്ങനെ - 'വളരെ വൈകിയാണ് ശ്രീ മോഹന്‍ലാല്‍ ഫാല്‍ക്കേ അവാര്‍ഡ് സ്വീകരിച്ചു നടത്തിയ പ്രസംഗം കേട്ടത്. ശ്രീ ലാല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ച വരികള്‍ 'ചിതയിലാഴ്ന്നുപോയതുമല്ലോ
ചിരമനോഹരമായൊരു പൂവിത്' കുമാരനാശാന്റെ വീണപൂവില്‍ നിന്നുള്ളതു തന്നെയാണോ എന്നൊരു സംശയം. ബിഎ എംഎ ക്ലാസുകളില്‍ പഠിച്ചതും നിരന്തരം ഓര്‍ക്കുന്നതുമായ പുസ്തകമാണ് വീണപൂവ്' ഉറപ്പായിരുന്നെങ്കിലും സംശയം തീര്‍ക്കാന്‍ വീണപൂവ് രാവിലത്തെ അടുക്കളത്തിരക്കിനിടയില്‍ വായിച്ചു. ഇത് വീണപൂവ് അല്ല, സ്‌കൂള്‍തല പ്രസംഗമത്സരമല്ല.
അസോസിയേഷന്‍ വാര്‍ഷികത്തിന്റെ ഉദ്ഘാടന പ്രസംഗവുമല്ല. രാജ്യം നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നായ ഫാല്‍ക്കേ പുരസ്‌കാരം ഏറ്റു വാങ്ങി ചെയ്ത മറുപടി പ്രസംഗമാണ്.
പ്രസംഗം ഗംഭീരമായിരുന്നു. കവിതയിലാണ് ഇടറിപ്പോയത്'
എഴുത്തുകാരനായ ശ്രീചിത്രന്‍ കുറിച്ചത് ഇങ്ങനെ -
മോഹൻലാൽ ഫാൽക്കെ അവാർഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ മനോഹരമായ പ്രസംഗത്തിൽ സംഭവിച്ച ഒരു അബദ്ധം എങ്ങനെ സംഭവിച്ചു എന്നറിയാതെ ഇവിടെ പലരും അന്തം വിടുന്നുണ്ട്. എനിക്കത് കേട്ടപ്പോൾ തന്നെ മനസ്സിലായി. കുമാരനാശാൻറെ വീണപൂവിലെ വരിയായി "ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്" എന്ന് മോഹൻലാൽ പറഞ്ഞ ഉടനെ എല്ലാവരും വീണപൂവ് നോക്കിയതാണ് അബദ്ധം. സംഭവം സിമ്പിൾ ആണ് - ലാലേട്ടൻ നോക്കിയത് ചാറ്റ് ജിപിടി ആണ്. ചാറ്റ് ജിപിടിയിൽ ഇത്തരം കാര്യങ്ങൾ നോക്കിയാൽ ഇങ്ങനെ പലതും കിട്ടും. കുമാരനാശാൻറെ വരി എന്ന നിലയ്ക്ക് AI ക്രിയേറ്റ് ചെയ്യുന്ന വരികൾ ആണ് പലപ്പോഴും ലഭിക്കുക. എന്നാൽ അത് Al നിർമ്മിതമാണ് എന്ന് ചാറ്റ് ജിപിടി അവിടെ പറയുകയുമില്ല. ഞാൻ കരുതുന്നത് ലാലേട്ടന് സംഭവിച്ച അബദ്ധം ഇതാണ് എന്നാണ്.
ആശാൻ മാത്രമല്ല, വള്ളത്തോളിനേയും അതിനും പിന്നിൽ എഴുത്തച്ഛനെയും വരെ ചാറ്റ് ജിപിടി കൈകാര്യം ചെയ്ത വിധം നിങ്ങൾക്ക് കാണാം. കാര്യം എ ഐ വലിയ സംഭവം ഒക്കെയാണ്. പക്ഷേ ഇത്തരം കാര്യങ്ങൾക്ക് അതിനെ നമ്പാൻ പറ്റുന്ന അവസ്ഥയിൽ നിലവിൽ ആയിട്ടില്ല. മോഹൻലാലോ മോഹൻലാലിന് പ്രസംഗത്തിൽ ഇത് എഴുതി കൊടുത്ത ആൾക്കോ കുമാരനാശാനെ ഒക്കെ ഉദ്ധരിക്കണം എന്ന് ഉണ്ടെങ്കിൽ അതിനു പറ്റുന്ന ആരോടെങ്കിലും ചോദിക്കുന്നതായിരുന്നു നല്ലത്. അത്രയേ ഉള്ളൂ കാര്യം.
ഇതൊന്നും മോഹൻലാലിൻറെ പുരസ്കാരത്തിൻറെ വില ഒരു ശതമാനം പോലും കുറയ്ക്കുന്നില്ല.
മലയാളത്തിൻ്റെ മഹാനടന് ആശംസകൾ'.












Click it and Unblock the Notifications