വാരിയംകുന്നൻ ഹിന്ദുക്കളെ മതം മാറ്റിയോ? തെളിവ് നിരത്തി സംഘപരിവാർ വാദം പൊളിച്ചടുക്കി തോമസ് ഐസക്
വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുളളവരെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കാനുളള നീക്കം വലിയ പ്രതിഷേധത്തിന് വഴി തുറന്നിരിക്കുകയാണ്. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസർച്ചിന്റെ വാദം. ചരിത്രത്തെ വളച്ചൊടിക്കാനുളള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണിത് എന്നാണ് വ്യാപകമായി വിമർശനം ഉയർന്നിരിക്കുന്നത്.
മലബാറിലെ മുസ്ലീംങ്ങളുടെ പങ്കാളിത്തം വളരെ ഏറെ ഉണ്ടായ മലബാർ കലാപം ബ്രിട്ടീഷുകാർക്ക് എതിരെ ആയിരുന്നില്ലെന്നും അത് ഹിന്ദു വിരുദ്ധ ലഹള ആണെന്നുമാണ് സംഘപരിവാർ വാദം. ഈ വാദത്തെ ചോദ്യം ചെയ്തും പൊളിച്ചടുക്കിയും രംഗത്ത് വന്നിരിക്കുകയാണ് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. സ്വാതന്ത്യ സമര ചരിത്രത്തിൽ ഒരു റോളും ഇല്ലാത്ത ആർഎസ്എസുകാർ യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളുടെ യോഗ്യത നിർണിയിക്കുന്നതിലും വലിയ വിരോധാഭാസം മറ്റെന്തുണ്ടെന്ന് തോമസ് ഐസക് ചോദിക്കുന്നു. വാരിയംകുന്നൻ ഹിന്ദുക്കളെ മതപരിവർത്തനം എന്നത് അടക്കമുളള ആരോപണങ്ങൾക്ക് തോമസ് ഐസക് മറുപടി പറയുന്നു.
അച്ഛനൊപ്പം നിറഞ്ഞ് ചിരിച്ച് മീനാക്ഷി, ഒപ്പം അനിയത്തിയും കാവ്യയും, ദിലീപിന്റെ കുടുംബചിത്രം വൈറൽ

'' തീഹാർ ജയിലിൽ കിടക്കുന്ന കൊടുംകുറ്റവാളികളുടെ കൈയിൽ അധികാരം കിട്ടിയെന്നു സങ്കൽപ്പിക്കുക. തങ്ങളെ അറസ്റ്റു ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിശിഷ്ടസേവാ മെഡൽ പൂർവകാല പ്രാബല്യത്തോടെ പിൻവലിക്കാൻ അവർ തീരുമാനിച്ചാൽ, ആരെങ്കിലും അത്ഭുതപ്പെടുമോ? അതുപോലെയാണ് വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവരെ സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ബിജെപിയുടെ നീക്കം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കുമില്ലാതിരുന്ന ആർഎസ്എസുകാർ, യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളുടെ യോഗ്യത നിശ്ചയിക്കാനിറങ്ങിപ്പുറപ്പെട്ടതിനെക്കാൾ വലിയ വിരോധാഭാസമെന്തുണ്ട്? ആർഎസ്എസ് ചെയ്തുകൊണ്ടിരിക്കുന്ന അൽപ്പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനമാണിത്.

വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അളക്കാൻ എന്താണിക്കൂട്ടരുടെ അളവുകോൽ? അദ്ദേഹം ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാണ് പ്രധാന ആരോപണം. ആരോപിച്ചാൽ പോരല്ലോ. തെളിവു വേണ്ടേ. വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ നിർബന്ധിത മതംമാറ്റത്തിന് ചരിത്രത്തിൽ എന്തു തെളിവാണ് ഉള്ളത്? ആർഎസ്എസുകാരോട് ആരോപണത്തിന് തെളിവു ചോദിക്കുന്നതിൽ അർത്ഥമില്ലെന്നറിയാം. മലബാർ കലാപം സംബന്ധിച്ചുള്ള തങ്ങളുടെ വാദം സമർത്ഥിക്കാൻ ആർഎസ്എസ് അനുകൂലികൾ എല്ലാക്കാലത്തും ആശ്രയിക്കുന്നത് കലാപത്തിനു സാക്ഷിയായ, കെ പി സി സി പ്രസിഡന്റ് ആയിരുന്ന കെ. മാധവൻ നായരുടെ മലബാർ കലാപം എന്ന പുസ്തകമാണ്. ആ പുസ്തകത്തിലെങ്കിലും വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണമുണ്ടോ?

ഇല്ലെന്നു മാത്രമല്ല, ഈ ആരോപണം അദ്ദേഹം തള്ളിക്കളയുന്നുമുണ്ട്. “ബ്രിട്ടീഷുകാർക്കെതിരായി ആദ്യമായി ഒരു സായുധ കലാപത്തിന് നേതൃത്വം നൽകിയത് കുഞ്ഞഹമ്മദ് ഹാജിയാണെന്നുള്ളത് തർക്കമറ്റ സംഗതിയാണ്” എന്നു വിലയിരുത്താൻ മാധവൻ നായർ മടിച്ചിട്ടില്ല. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിർബന്ധിത മതപരിവർത്തനത്തിന് എതിരായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത മതംമാറ്റം ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മാധവൻ നായർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
താനും വാര്യൻകുന്നത്ത് അഹമ്മദ് ഹാജിയുമായി മുഖാമുഖം കണ്ട സംഭവം വളരെ വിശദമായിത്തന്നെ മാധവൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്.

മഞ്ചേരിയിലെ ഒരു നമ്പൂതിരി ബാങ്ക് കൊള്ളയടിക്കാൻ കലാപകാരികളിലൊരു വിഭാഗം കോപ്പുകൂട്ടുന്നു എന്ന വിവരമറിഞ്ഞപ്പോൾ അതു തടയാൻ തന്റെ വിശ്വസ്തരായ അനുചരന്മാരെക്കൂട്ടി അഹമ്മദ് ഹാജി നേരിട്ടു തന്നെ അവിടെ എത്തി. തുടർന്നാണ് മാധവൻ നായരുമായുള്ള കൂടിക്കാഴ്ച. തുടർന്നു നടന്ന ദീർഘമായ സംഭാഷണം പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കാം. മാധവൻ നായർ ഹാജിയോട് - "എനിക്ക് മറ്റൊന്നും പറയുവാനില്ല. എങ്കിലും മാപ്പിളമാർ പ്രവർത്തിച്ച അക്രമങ്ങൾ നിങ്ങൾ കണ്ടുവോ? ഒരു ഹിന്ദുവിന്‍റെ വീടെങ്കിലും ഇനി അവർ കൊള്ള ചെയ്യാൻ ബാക്കിയില്ലല്ലോ. ഇതെന്ത് അന്യായമാണ്? ഇങ്ങനെയാണോ നിങ്ങളുടെ മതം ഉപദേശിക്കുന്നത്. നിങ്ങൾക്ക് ശക്തിയുണ്ടെങ്കിലും മനസ്സുണ്ടെങ്കിലും ഈ കൊള്ള നിർത്തുകയാണു വേണ്ടത് ''

ഉടനെ ഹാജിയാർ കണ്ണൊന്നുരുട്ടി മിഴിച്ച് എന്നോട് ഇങ്ങനെ പറഞ്ഞു: "അതിനു തന്നെയാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്. മഞ്ചേരി നാലും കൂടിയ സ്ഥലത്തുവെച്ച് ഞാൻ ഇപ്പോൾ ഇതു പറഞ്ഞു തന്നെയാണ് ഇങ്ങോട്ടു വന്നത്. കൊള്ള ചെയ്യുന്ന ഏതു മാപ്പിളയെയും എന്‍റെ കൈയിൽ കിട്ടിയാൽ അവന്‍റെ വലത്തേ കൈ ഞാൻ വെട്ടിമുറിക്കും. അതിനു സംശയമില്ല. ഇവിടെ ഒരു കൊള്ള നടക്കുന്നുണ്ടെന്ന് കേട്ടിട്ടാണ് ഞാൻ ഇങ്ങോട്ടുതന്നെ ഇപ്പോൾ വന്നത് ". ''കൈ മുറിക്കുന്നതും മറ്റും സാഹസമാണ്, അതൊന്നും ചെയ്യരുത്. പക്ഷേ, കൊള്ള എങ്ങനെയെങ്കിലും നിർത്തുന്നത് അത്യാവശ്യമാണ്'' എന്ന് ഞാൻ മറുപടി പറഞ്ഞു. ഹാജിയാർ ''അങ്ങനെ പറഞ്ഞാലെ അവർ പേടിക്കുകയുള്ളൂ'' എന്ന് എന്‍റെ ചെവിയിൽ മന്ത്രിച്ചു."

ലഹളയുടെ അപഭ്രംശങ്ങളെ നഖശിഖാന്തം എതിർക്കുമ്പോഴും, വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ ചാർത്താൻ കെ മാധവൻ നായർ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, അതിനെ പരസ്യമായി എതിർക്കുകയും ഏതു വിധേനെയും തടയാൻ ശ്രമിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു എന്നു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മലബാർ കലാപത്തിൽ പങ്കെടുത്തതിന് വിചാരണ ചെയ്യപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച പ്രമുഖനായ കോൺഗ്രസ് നേതാവായിരുന്നു മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്. ചെർപ്ലശേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ 'ഖിലാഫത്ത് സ്മരണകൾ’ എന്ന പുസ്തകമുണ്ട്. അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ ഈ സമരത്തെ രാഷ്ട്രീയവിപ്ലവം എന്ന് വിശേഷിപ്പിച്ച കൃതിയാണത്.

ലഹളക്കാർ മഞ്ചേരിയിലെ പുല്ലൂർ ബാങ്ക് കൊള്ളയടിച്ചതിനോട് അനുബന്ധിച്ചുണ്ടായ ഒരു സംഭവം അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു, “ഒരു മുസ്ലിം ഹിന്ദുവിന് കൊടുത്തിരുന്ന പ്രോമിസറി നോട്ട് ബലമായി തിരികെ വാങ്ങി. ഹിന്ദു, ഹാജിയോട് പരാതിപ്പെട്ടു. ശിക്ഷയായി കൈവെട്ടുവാൻ ഹാജി ഉത്തരവിടേണ്ട താമസം, അയാൾ പേടിച്ചു വിറച്ച് രേഖ തിരികെ നൽകാൻ തയ്യാറായി. അതോടെ ശിക്ഷാവിധി നടപ്പാക്കിയുമില്ല. 1921 ആഗസ്റ്റ് 21ന് ഹാജിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ കൂടിയ പ്രവർത്തക സമിതി സമ്മേളനം, ഹിന്ദുക്കൾക്ക് പരിരക്ഷയും സമാധാനവും ഉറപ്പു വരുത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു”. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മതതീവ്രവാദിയാക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളുടെ അടിവേരറുക്കുന്ന ദൃക്സാക്ഷി വിവരണങ്ങളാണിത്.

കുഞ്ഞഹമ്മദ് ഹാജിയുടെ കോടതി കർശനമായ ശിക്ഷകൾ വിധിച്ചിരുന്നതിനാൽ ഹിന്ദുക്കളെ മതപരിവർത്തനം നടത്തുന്നതിനും കൊള്ളയടിക്കുന്നതിനുമുള്ള ഏറനാടൻ മാപ്പിളമാരുടെ ആവേശം കെട്ടടങ്ങിയിരുന്നു എന്ന് അക്കാലത്തെ മലബാർ കളക്ടറായിരുന്ന എഫ് ബി ഇവാൻസ് എഴുതിയതും സ്മരണീയമാണ്. സമരത്തിൽ സംഭവിച്ച ഈ പാളിച്ച അക്കാലത്തു തന്നെ കുഞ്ഞഹമ്മദ് ഹാജി തിരിച്ചറിഞ്ഞതിനും തിരുത്താൻ ശ്രമിച്ചതിനും തെളിവ് വേറെയുമുണ്ട്. സമരത്തിൽ വാര്യൻകുന്നത്ത് അഹമ്മദ് ഹാജിയ്ക്കൊപ്പം ആദ്യാവസാനം പങ്കെടുക്കുകയും അറസ്റ്റു ചെയ്യപ്പെട്ട് 14 കൊല്ലം ജയിൽ വാസം അനുഭവിക്കുകയും ചെയ്ത കോൺഗ്രസ് നേതാവായിരുന്നു എം പി നാരായണമേനോൻ. മാപ്പിള ഔട്ട്‌റേജിയസ് ആക്ട് ' പ്രകാരം ശിക്ഷിക്കപ്പെട്ട ഏക 'ഹിന്ദു' കോൺഗ്രസ് നേതാവ്.

1920ൽ മലബാറിലെ കോൺഗ്രസിന്‍റെ ഓർഗനൈസിങ്ങ് സെക്രട്ടറിയായിരുന്ന അദ്ദേഹം പിന്നീട് ഏറനാട് കോൺഗ്രസ് സെക്രട്ടറിയായി. അക്കാലത്താണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരക്കാർക്കൊപ്പം ആദ്യാവസാനം ഉറച്ചു നിൽക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്ത അദ്ദേഹം 1934ലാണ് മോചിപ്പിക്കപ്പെട്ടത്. പട്ടാളക്കോടതി തടവുശിക്ഷ വിധിച്ചതിനെത്തുടർന്ന് കൈയും കാലും ചങ്ങല കൊണ്ട് ബന്ധിച്ച് മലപ്പുറം മുതൽ തിരൂർ വരെ കിലോമീറ്ററുകളോളം കാൽനടയായി നടത്തിച്ചാണ് അദ്ദേഹത്തെ കൊണ്ടുപോയത്. അതിനിടെ ബയണറ്റുവെച്ചു കുത്തിയും മർദ്ദിച്ചും പട്ടാളക്കാർ അദ്ദേഹത്തെ പരസ്യമായി പീഡിപ്പിക്കുകയും ചെയ്തു. എം പി നാരായണ മേനോനെതിരെയുള്ള ഈ ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്ന് പരസ്യമായി വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രതിജ്ഞ ചെയ്തു. തുടർന്ന് പട്ടാള നിയമം കൂസാതെ മാപ്പിളമാർ പട്ടാളക്കാരുമായി തെരുവുയുദ്ധത്തിനിറങ്ങി.
പൃഥ്വി എവിടെ? കുടുംബത്തിനൊപ്പം ഓണം തകര്‍ത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും

എം പി നാരായണ മേനോനും കുഞ്ഞഹമ്മദ് ഹാജിയും തമ്മിലുള്ള ഈ ആത്മബന്ധം തന്നെയാണ്, മലബാർ കലാപം ഒരു വർഗീയകലാപമായിരുന്നില്ലെന്നും വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മത തീവ്രവാദിയായിരുന്നില്ലെന്നുമുള്ളതിന്റെ എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ഇങ്ങനെയൊരു ധീരദേശാഭിമാനിയെ കേവലമൊരു മതവർഗീയവാദിക്കാൻ ആർഎസ്എസ് എത്ര ശ്രമിച്ചാലും വിജയിക്കുകയില്ല. അധികാരത്തിന്റെ റബ്ബർക്കട്ട ഉപയോഗിച്ച് ആർഎസ്എസുകാർ മായ്ച്ചു കളയാൻ ശ്രമിച്ചാൽ മാഞ്ഞുപോകുന്ന ചരിത്രപുരുഷനല്ല വാര്യൻകുന്നത്ത്. ബ്രിട്ടീഷുകാർക്കും ഭൂസ്വാമിമാർക്കും എതിരെ ആരംഭിച്ച സമരം നേതാക്കളുടെ വരുതിയ്ക്ക് നിന്നില്ല എന്ന യാഥാർത്ഥ്യവും ഇതോടൊപ്പം എടുത്തു പറയണം. വർഗീയവാദികൾ അതൊരു അവസരമാക്കി നിർബന്ധിത മതപരിവർത്തനവും കൊള്ളയും കൊലപാതകങ്ങളും നടത്തിയിട്ടുണ്ട്.

ഈ അപഭ്രംശത്തെ അക്കാലത്തു തന്നെ കമ്മ്യൂണിസ്റ്റു പാർടി തുറന്നു പറഞ്ഞിട്ടുമുണ്ട്. ആഹ്വാനവും താക്കീതും എന്ന പ്രസിദ്ധമായ ലേഖനത്തിൽ ഈ എം എസിന്റെ വാക്കുകൾ. “മതദ്രോഹികളും വിപ്ലവവിരോധികളും ആയ നേതാക്കന്മാരുടെ നേതൃത്വത്തിൽ ബഹുജനസമരം എങ്ങനെ പൊളിയുമെന്നും ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന സമരങ്ങളെത്തന്നെ സാമുദായികലഹളയായി മാറ്റി നാടിനെ എങ്ങനെ നശിപ്പിക്കുമെന്നും, നേതാക്കന്മാരുടെ വിപ്ലവവിരോധവും സമരത്തിന്റെ സാമുദായികസ്വഭാവവും സാമ്രാജ്യത്വത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നും പഠിക്കാൻ ഞങ്ങളവരോട് അപേക്ഷിക്കുന്നു”. എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെ ഏകീകൃതസമരം സാമ്രാജ്യാധിപത്യത്തിനെതിരായി നയിക്കുന്നതിനു പകരം ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരായി പോരാടി ഇരുകൂട്ടരും സാമ്രാജ്യഭക്തന്മാരായിത്തീരുകയെന്ന ആപത്തിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാർ മുന്നറിയിപ്പു നൽകിയിരുന്നു. ആ അധ്യായവും ചരിത്രത്തിലുണ്ട്.

സാമ്രാജ്യത്തിനും ചൂഷണത്തിനും എതിരായ സമരം കേവലമൊരു സാമുദായിക ലഹളയായി സംഘടിപ്പിക്കപ്പെട്ടാൽ എന്തു സംഭവിക്കുമെന്നും അതിൽ നിന്ന് മുതലെടുക്കുന്നത് ആരായിരിക്കുമെന്നും കമ്മ്യൂണിസ്റ്റുകാർക്ക് അന്നും ഇന്നും കൃത്യമായ ധാരണയുണ്ട്. മതപരമായി സംഘടിപ്പിക്കപ്പെട്ട സമരത്തിന് മതപരമായ മുതലെടുപ്പുണ്ടാവുക സ്വാഭാവികം. കൃത്യമായ സന്ദർഭങ്ങളിൽ ഇടപെട്ട് തിരുത്തുന്നതിനു പകരം, സമരത്തെയപ്പാടെ തള്ളിപ്പറഞ്ഞുകൊണ്ട് ഭീരുക്കളെപ്പോലെ പിന്മാറുകയാണ് അന്ന് കോൺഗ്രസ് നേതൃത്വം ചെയ്തത്. അതോടെ സമരത്തിലെ മതവർഗീയ ഘടകം കൂടുതൽ ശക്തിപ്പെട്ടു. വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവർ എത്ര തന്നെ തള്ളിപ്പറഞ്ഞിട്ടും തിരുത്താൻ ശ്രമിച്ചിട്ടും കഠിനശിക്ഷയുടെ മുന്നറിയിപ്പു നൽകിയിട്ടും നിരപരാധികളായ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന ചരിത്രവസ്തുതയും ഈ കലാപത്തിന്റെ പാഠമായി നാം ഉൾക്കൊള്ളുക തന്നെ വേണം. അങ്ങനെ കൊല്ലപ്പെട്ടവർക്കും ചരിത്രത്തിൽ ഇടമുണ്ടാവണം.

മലബാർ കലാപത്തിന്റെ ആവേശകരമായ ഓർമ്മകളും ആഹ്വാനവും ഏറ്റെടുക്കുന്നതോടൊപ്പം അതിലടങ്ങിയ താക്കീതിന്റെ പാഠവും പ്രധാനമാണ്. മതപരമായി ഉത്തേജിതരാക്കപ്പെട്ട ഏറനാടൻ മാപ്പിളമാരുടെ സമരോത്സുകതയെ ആദരിക്കുമ്പോൾത്തന്നെ, അത്തരം സംഘാടനരീതിയുടെ അനിവാര്യമായ ആപത്തിന്റെ ഗുണപാഠം വിമർശനപരമായിത്തന്നെ ഉൾക്കൊള്ളുകയും വേണം. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള ധീരദേശാഭിമാനിമാരുടെ പോരാട്ടവീര്യത്തെയും രാജ്യസ്നേഹത്തെയും ഉജ്വലമായി ഉയർത്തിപ്പിടിച്ചുകൊണ്ടും, സാമ്രാജ്യത്വത്തിനും ഭൂപ്രമാണിമാരുടെ കണ്ണിൽച്ചോരയില്ലായ്മയ്ക്കും എതിരെ ഉയർന്ന രാഷ്ട്രീയകലാപമാണ് മലബാർ ലഹള എന്ന ചരിത്രവസ്തുതയ്ക്ക് അടിവരയിട്ടുകൊണ്ടും തന്നെ കമ്മ്യൂണിസ്റ്റുകാർ ഈ സമരരീതിയുടെ ആപത്ത് വർഷങ്ങൾക്കു മുമ്പേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ നിലപാടു തന്നെയാണ് ഇപ്പോഴും.

ആ ആപത്തിന്റെ രക്തസാക്ഷികൾ തന്നെയാണ്, മലബാർ കലാപകാലത്ത് വേട്ടയാടപ്പെട്ട നിരപരാധികളായ ഹിന്ദുക്കൾ. അവർക്കും ചരിത്രത്തിൽ ഇടമുണ്ട്. ഇടതുപക്ഷം അത് അംഗീകരിക്കുന്നതുകൊണ്ടാണ്, മലബാർ കലാപത്തെക്കുറിച്ച് സംഘപരിവാറുകാർ ചമച്ച വ്യാഖ്യാനങ്ങളൊന്നും മലബാറിൽപ്പോലും ഇന്നോളം വിലപ്പോകാത്തത്. ഈ കലാപത്തിന്റെ പേരിൽ വർഗീയ ചേരിതിരിവിന് ആർഎസ്എസും ഹിന്ദു വർഗീയവാദികളും ശ്രമിക്കുന്നത് ഇതാദ്യമായൊന്നുമല്ല. പാളിപ്പോയ ആ ശ്രമങ്ങളുടെ പട്ടികയിൽത്തന്നെയാണ് പുതിയ അടവിന്റെ സ്ഥാനവും''.












Click it and Unblock the Notifications