കേന്ദ്രനയം തിരുത്തിക്കേണ്ടവർ എം പി യുടെ കുറ്റം കണ്ടുപിടിക്കാനാണ് നോക്കുന്നത്: എഎം ആരിഫ് എംപി
ആലപ്പുഴ: 2021 ലെ വിഷൻ 2024 പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന കായംകുളം - എറണാകുളം തീരദേശ പാതയുടെ ഇരട്ടിപ്പിക്കലിൽ നിന്ന് പിന്നോട്ട് പോകുവാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് നീക്കമുണ്ട് എന്ന വാർത്തകൾ നിരാശാ ജനകമാണെന്ന് ആലപ്പുഴ എംപി എഎം ആരിഫ്. ഒന്നാം പിണറായി സർക്കാർ കാലത്ത് മുഖ്യമന്ത്രി നേരിട്ട് താല്പര്യമെടുത്തുകൊണ്ടു കേന്ദ്രത്തെ സമീപിച്ചും ഞാൻ എംപി ആയതിനു ശേഷം നിരന്തരം സമ്മർദ്ദം ചെലുത്തിയുമാണ് ആ പദ്ധതി പുനരുജ്ജീവിപ്പിച്ചെടുത്തിരുന്നത്. അന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആയിരുന്ന,ആലപ്പുഴ സ്വദേശികൂടെ ആയ ജോൺ തോമസും ഇതിനു വേണ്ട സഹായങ്ങൾ ചെയ്തിരുന്നുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
എസ്റ്റിമേറ്റ് തുകയിൽ വർദ്ധനവ് ഉണ്ടായെന്നും, നെഗറ്റിവ് റിട്ടേൺ ആണെന്നുമൊക്കെ തൊടുന്യായങ്ങൾ പറഞ്ഞാണ് ഇന്നീ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് പറയുന്നത് ..എന്നാൽ എസ്റ്റിമേറ്റ് തുകയിൽ പത്തുവർഷത്തിനിടെ കാര്യമായ വർധന ഉണ്ടായിട്ടില്ല .റിട്ടേൺ നെഗറ്റിവ് ആയ നിരവധി റെയിൽവേ പദ്ധതികൾ രാജ്യത്തെമ്പാടും നടക്കുന്നുമുണ്ട് എന്നതാണ് സത്യം.തീരദേശ റെയിൽ പാതയുടെ അമ്പലപ്പുഴ-ആലപ്പുഴ-എറണാകുളം ഭാഗത്തിന്റെ ഇരട്ടിപ്പിക്കലിനുള്ള സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർണമായും റെയിൽവേയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് വിഷൻ 2024 പദ്ധതിയിൽ പെടുത്തി ചെയ്യാൻ തീരുമാനം ഉണ്ടായി. .ഇതനുസരിച്ച്, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക പൂർണമായി റെയിൽവേ വഹിക്കുമെന്നും തീരുമാനിച്ചിരുന്നു.

സ്ഥലം ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്നതായിരുന്നു റെയിൽവേയുടെ ആവശ്യം . ഇതിൽത്തട്ടി അമ്പലപ്പുഴ-ആലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ നീണ്ടുപോവുകയായിരുന്നു. ഇരട്ടിപ്പിക്കാനുള്ള നിർദിഷ്ട പാതയായതിനാൽ സമീപത്തുള്ള വസ്തു ഉടമകൾക്ക് ഭൂമി വിൽക്കാനാവാത്ത സ്ഥിതിയുമുണ്ടായി.
പാത ഇരട്ടിപ്പിക്കൽ നടപടി വേഗത്തിലാക്കാനായി ഞാൻ എംപി ആയി ഡൽഹിയിൽ എത്തിയ ആദ്യ സെഷനിൽ തന്നെ റെയിൽ മന്ത്രി പീയൂഷ് ഗോയൽ, റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ്, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർക്ക് കത്ത് നൽകുകയും പിന്നീട് പലതവണ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നുവെന്നും ആരിഫ് എംപി വ്യക്തമാക്കുന്നു..
തുടർന്ന്,തീരദേശപാതയുടെ അമ്പലപ്പുഴ-എറണാകുളം ഭാഗം (64.16കി.മീ.) റെയിൽവേ ഫണ്ട് ഉപയോഗിച്ച് ഇരട്ടിപ്പിക്കണമെന്ന് കാട്ടി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ റേയിൽവേ ബോർഡ് ചെയർമാൻ റിപ്പോർട്ട്,നൽകിയിരുന്നു. മംഗലാപുരം-തിരുവനന്തപുരം തീരദേശപാതയിൽ ഇരട്ടപ്പാതയില്ലാത്തത് അമ്പലപ്പുഴ-എറണാകുളം ഭാഗത്താണെന്ന് ഇതിൽ സൂചിപ്പിക്കുന്നു.തിരക്കേറിയ ഈ പാതയിൽ തീവണ്ടിയോട്ടം സുഗമമാക്കാൻ ഇരട്ടിപ്പിക്കൽ അനിവാര്യമാണ്. തിരുവനന്തപുരം-മംഗലാപുരം 620 കി.മീ.പാതയിൽ തിരക്കേറിയ തിരുവനന്തപുരം-എറണാകുളം സെക്ഷൻ പരിധിയുടെ 108 ശതമാനമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
നാടന്‍ മാത്രമല്ല മോഡേണും ഇവിടെ വഴങ്ങും: അതിംഗംഭീര ഫോട്ടോഷൂട്ടുമായി നവ്യ നായർ
ആലപ്പുഴ കരുവാറ്റ സ്വദേശിയായ അന്നത്തെ ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ റിപ്പോർട്ടു ഗുണകരമായതിനെ തുടർന്ന് നിർത്തി വച്ചിരുന്ന തീരദേശപാത ഇരട്ടിപ്പിക്കൽ ഡീ ഫ്രീസ് ചെയ്യാൻ തീരുമാനം ഉണ്ടാവുകയും അതിൻ്റെ തുടർ പ്രവർത്തനങ്ങൾ നടന്നുവരികയുമായിരുന്നു. സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച ഉത്തരവും ഇറങ്ങിയിരുന്നു .ആലപ്പുഴ, എറണാകുളം ജില്ലകളിൽ 3 ഭാഗങ്ങളായുള്ള ഇരട്ടിപ്പിക്കലിന് ആകെ 38.068 ഹെക്ടർ ഏറ്റെടുക്കാനാണ് അനുമതി നൽകിയത് . ഇതിൽ ഭൂരിഭാഗവും ആലപ്പുഴ ജില്ലയിലാണ്..ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ കാര്യാലയത്തിലെ ചീഫ് എൻജിനീയർ കത്ത് നൽകിയതിനെ തുടർന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിട്ടത്.
പദ്ധതിയുടെ അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയായി. എറണാകുളം ജില്ലയിലെ എറണാകുളം, എളംകുളം, മരട്, കുമ്പളം വില്ലേജുകളിലും ആലപ്പുഴ ജില്ലയിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ വടക്ക്, തുറവൂർ തെക്ക്, വയലാർ പടിഞ്ഞാറ്, ചേർത്തല വടക്ക്, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട് തെക്ക്, ആലപ്പുഴ പടിഞ്ഞാറ്, പുന്നപ്ര, അമ്പലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായാണു സ്ഥലമെടുക്കുവാൻ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
2023-24 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതി കമ്മിഷൻ ചെയ്യാനാണു റെയിൽവേ തീരുമാനംഉണ്ടായിരുന്നത് . കേരളത്തിൻ്റെ റെയിൽവേ വികസന മോഹങ്ങൾക്ക് ഒരു തിരിച്ചടിയാണിത് .. കൊല്ലം ആലപ്പുഴ തീരദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതിയില്ലാതാകുമെന്നതുകൂടാതെ ആലപ്പുഴ ജില്ലയിലെ വളർന്നു വരുന്ന വ്യവസായങ്ങൾക്ക് ഗുണകരമായിത്തീരേണ്ട അടിസ്ഥാന കര്യവികസനംകൂടെ,ഇല്ലാതെയാവുകകൂടെയാണ് ഈ പിന്മാറലിലൂടെ ഉണ്ടാകുന്നത് ..
ഇത്രയും കഷ്ടപ്പെട്ടു നേടിയെടുത്ത പദ്ധതി നഷ്ടമാകുമ്പോൾ അതിനിടയാക്കുന്ന കേന്ദ്രനയവും സമീപനവും തിരുത്തിക്കുവാൻ ശ്രമിക്കേണ്ടവർ അതിന് പോകാതെ എം പി യുടെ കുറ്റം കണ്ടുപിടിക്കാൻ നോക്കുന്നത് "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൗതുകം " എന്നത് പോലെ മാത്രം കാണുന്നു. കേരളത്തിൻ്റെ വികസനത്തിന് വേണ്ടി ഒരുമിച്ചു നിൽക്കേണ്ടവർ ഭിന്നാഭിപ്രായങ്ങൾ ഉയർത്തി മാറി നിൽക്കാതെ ഇതിനു വേണ്ട പിന്തുണ നൽകണം എന്ന് അഭ്യർത്ഥിക്കുന്നുവെന്ന് എംഎം ആരിഫ് എംപി പ്രസ്താവനയിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications