യാത്രാ മൊഴി നല്‍കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; മലപ്പുറത്ത് വന്‍ജനാവലി, കബറടക്കം നാളെ
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ് തങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. തങ്ങളുടെ മൃതദേഹം മലപ്പുറം ടൗണ്‍ഹാളില്‍ എത്തിച്ചു. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പൊതുദര്‍ശനം തുടരുകയാണ്. വന്‍ ജനാവലിയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തടിച്ചുകൂടിയിരിക്കുന്നത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശിഹാബ് തങ്ങള്‍ അന്തരിച്ചത്.
അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ 22ാം തീയതിയാണ് ഹൈദരലി തങ്ങളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതുി ഉണ്ടായിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം ആദ്യം എത്തിച്ചത് അങ്കമാലി ജുമാമസ്ജിദിലായിരുന്നു. ഇവിടെ പ്രാഥമിക ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു പൊതുദര്‍ശനം. മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, സിപിഎം നേതാവ് എം. എ. ബേബി, ബിജെപി നേതാവ് എ എന്‍ രാധാക്യഷ്ണന്‍, സിനിമാതാരം മമ്മുട്ടി, എംഎല്‍എമാരായ അനൂപ് ജേക്കബ്, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, കെ ബാബു, ബെന്നി ബെഹനാന്‍, എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷന്‍ എന്ന നിലയിലും സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങള്‍ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു. ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു.- മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.
ഒരു വ്യാഴവട്ടക്കാലം ലീഗിനെ നയിച്ച സൗമ്യ സാന്നിധ്യമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. യു ഡി എഫ് തറവാട്ടിലെ കാരണവര്‍. വാക്കിലും നോക്കിലും ലാളിത്യം. വിനയമായിരുന്നു മുഖമുദ്ര. ഏഴര പതിറ്റാണ്ടിലധികം മതേതരത്വത്തിന്റേയും മാനവികതയുടേയും വെളിച്ചം പകര്‍ന്ന വിളക്കാണ് അണഞ്ഞത്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം കറങ്ങിത്തിരിഞ്ഞ പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ നാഥന്‍. മത, രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള കടന്നു വരവിനെ ദൈവീകമായ അനുഗ്രഹമായാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കണ്ടത്. ഉറച്ച വിശ്വാസമാണ് പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ ശിഹാബ് തങ്ങള്‍ക്ക് കരുത്തായതും.
സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ തന്റേതു കൂടിയായി കണ്ട ഹൃദയവിശാലത. മനുഷിക വിഷയങ്ങളില്‍ ഹൃദയം കൊണ്ടാണ് ശിഹാബ് തങ്ങള്‍ സംസാരിച്ചത്. ഫാസിസവും വര്‍ഗീയതയും വിഭാഗീയതും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന പരീക്ഷണഘട്ടത്തില്‍ കലര്‍പ്പില്ലാത്ത മതേതരത്വ നിലപാടുകള്‍ മുസ്ലിം ലീഗ് ഉയര്‍ത്തി പിടിക്കുമ്പോള്‍ അതിന്റെ ഊര്‍ജ സ്രോതസായിരുന്നു ശിഹാബ് തങ്ങള്‍. സൗമ്യമായി, ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം നിലപാടുകള്‍ പറഞ്ഞു. അവിടെ മൃദുഭാഷിയായ ഒരു കുറിയ മനുഷ്യന്റെ നിലപാടുകളിലെ കാര്‍ക്കശ്യം തെളിഞ്ഞ് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications