ജയിച്ചത് ഉമ തോമസ്; തോറ്റത് ജോ ജോസഫല്ല; ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ആസാദ്
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ചോദ്യ ചിഹ്നമാകുകയാണ്. സര്‍ക്കാരിന്റെ വിലയിരുത്തലായിട്ടാണ് വിധിയെ കാണുന്നത്. വികസന അജണ്ടയുടെ ഭാഗമായി കെ റെയില്‍ പദ്ധതി ഉള്‍പ്പെടെ അവതരിപ്പിച്ചിട്ടും ജനം ഇടതുപക്ഷത്തെ ഏറ്റെടുത്തില്ലെന്ന് ഫലം വ്യക്തമാക്കുന്നു. സാധാരണ ഉപതിരഞ്ഞെടുപ്പായി പോകുമായിരുന്ന തൃക്കാക്കരയിലേത് മഹാ മല്‍സരമാക്കി മാറ്റിയത് ഇടതുപക്ഷമാണ് എന്നാണ് വിമര്‍ശനം. യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നാണ് തൃക്കാക്കര. പിടി തോമസിന്റെ വിയോഗത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് ഇടതുപക്ഷം കണക്കുകൂട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മിലെ പ്രമുഖരുമെല്ലാം മണ്ഡലത്തില്‍ ദിവസങ്ങള്‍ തങ്ങി പ്രചാരണം നടത്തിയത് സംസ്ഥാന തിരഞ്ഞെടുപ്പിന്റെ പ്രതീതി നല്‍കി.

എന്നാല്‍ തൃക്കാക്കരക്കാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. മണ്ഡലത്തില്‍ നിന്നുള്ള സര്‍വകാല റെക്കോഡ് ഭൂരിപക്ഷമാണ് ഉമയ്ക്ക് ലഭിച്ചിരിക്കുന്നത്. പിടി തോമസ് ജയിച്ചതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം ജോ ജോസഫിനെതിരെ ഉമയ്ക്ക് ലഭിച്ചു. ഈ സാഹചര്യത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സാമൂഹിക നിരീക്ഷകര്‍ ഡോ. ആസാദിന്റെ പ്രതികരണമാണ് ഇതില്‍ ശ്രദ്ധേയം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
വിജയിക്കുന്നത് ഉമ തോമസാണ്. തോല്‍ക്കുന്നത് ഡോ ജോ ജോസഫല്ല.
സാധാരണപോലെ നടന്നുപോകുമായിരുന്ന ഒരു ഉപതെരഞ്ഞെടുപ്പിന് അമിതപ്രാധാന്യം നല്‍കി സര്‍ക്കാര്‍മേളയാക്കിയത് കടുത്ത പരാജയം ക്ഷണിച്ചുവരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും എം എല്‍ എമാരും അവരുടെ പേഴ്‌സണല്‍ സ്റ്റാഫും ഭരണ ആസ്ഥാനം തന്നെ തൃക്കാക്കരയിലേക്ക് മാറ്റിയിരുന്നു. കെ റെയിലിന്, സില്‍വര്‍ലൈനിന്, മഞ്ഞക്കുറ്റിക്ക്,വികസന അജണ്ടയ്ക്ക് വോട്ടു കിട്ടുമെന്നായിരുന്നു അവകാശവാദം.
തൃക്കാക്കരയില്‍ ജനങ്ങള്‍ വോട്ടു ചെയ്തത് ഉമയെ ജയിപ്പിക്കാന്‍ എന്നതിലുപരി സര്‍ക്കാറിനു താക്കീതു നല്‍കാനായിരുന്നു എന്നു വ്യക്തമാണ്. സര്‍ക്കാറും സി പി എമ്മും എല്‍ ഡി എഫും വീണ്ടുവിചാരത്തിനു തയ്യാറാവണം. അധികാരത്തിന്റെ സകല സൗകര്യങ്ങളും ഉപയോഗിച്ചിട്ടും ജനങ്ങളെ വരുതിയില്‍ കൊണ്ടുവരാനായില്ല. ഒപ്പം നിന്നവര്‍പോലും വോട്ടു മാറ്റി ചെയ്തിരിക്കുമെന്ന് സംശയിപ്പിക്കുന്നുണ്ട് ലീഡ്‌നില. ഈ ജനവിധി ജനാധിപത്യത്തിന്റെ ശക്തിയാണ്. തോല്‍വി മുഖ്യമന്ത്രി ഏറ്റെടുക്കണം. ഭരണത്തിലുള്ള ജനങ്ങളുടെ പ്രതികരണമാണെന്ന് തിരിച്ചറിയണം.
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെയാണ് ഉമ തോമസിന് ഈ ഉജ്ജ്വല വിജയം സമ്മാനിച്ചത്. സ്വപ്‌നം കാണാത്ത ഭൂരിപക്ഷം അവര്‍ക്കു സമ്മാനിച്ചത് ഭരിക്കുന്നവരുടെ ധാര്‍ഷ്ട്യത്തോടു പൊറുക്കില്ലെന്ന ജനങ്ങളുടെ നിശ്ചയമാണ്. ജനസമ്മതി എന്തും ചെയ്യാനുള്ള സമ്മതപത്രമല്ലെന്ന് തൃക്കാക്കരയിലെ ജനങ്ങള്‍ സര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തുകയാണ്.












Click it and Unblock the Notifications