പൂരം കലക്കലില്‍ തുടരന്വേഷണം, 3 തലത്തില്‍ അന്വേഷണം നടക്കും; എഡിജിപിയെ മാറ്റില്ല
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മൂന്ന് തലത്തിലുള്ള അന്വേഷണമാണ് നടക്കുക. എന്നാല്‍ ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റില്ല. പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാറിന് ഉണ്ടായ വീഴ്ച്ചകള്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡിജിപിയും, ഇന്റലിജന്‍സ് മേധാവിയും അന്വേഷണം നടത്തും.
അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപിയെ തുടര്‍ന്നും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ പിവി അന്‍വര്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും എഡിജിപി അജിത്കുമാറിനെ മാറ്റിയിരുന്നില്ല.

അതേസമയം തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. അതിന് ശേഷം ആഭ്യന്തര സെക്രട്ടറി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നത്.
പൂരം കലക്കാന്‍ വനംവകുപ്പ് ഗൂഢാലോചന നടത്തിയെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു. തൃശൂര്‍ ജില്ലാ ഭരണകൂടം, വനംവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ച്ചയിലായിരിക്കും രഹസ്യാന്വേഷണ വിഭാഗം എഡിജിപി അന്വേഷണം നടത്തുക.
അതേസമയം പൂരം കലക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പൂരത്തിന്റെ അവസാ ഘട്ടത്തില്‍ ചില വിഷയങ്ങള്‍ ഉണ്ടായി. പൂരം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. എഡിജിപി നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു.
സെപ്റ്റംബര്‍ 23ന് എഡിജിപി അജിത്കുമാറിന്റെ റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ ലഭിക്കും. അതില്‍ നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ സമഗ്രമായ റിപ്പോര്‍ട്ടായി ഇതിനെ കാണാനാവില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. റിപ്പോര്‍ട്ടില്‍ അത്തരം പരാമര്‍ശങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപി അജിത്കുമാറിനെ മാറ്റുന്ന കാര്യത്തിലും മുഖ്യമന്ത്രി വിശദീകരണം നല്‍കി. അജിത്കുമാറിനെ സംരക്ഷിക്കുന്ന പ്രശ്‌നമേ ഇതില്‍ ഇല്ല. ഒരു ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുമ്പോള്‍, കൃത്യമായ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. ആ റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കുകയാണ്.
ആരോപണം വന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെ ഒഴിവാക്കുക എന്ന നിലപാടില്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഫലപ്രദമായ നടപടിയുണ്ടാവും. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ എന്റെ നിലപാട് വ്യക്തമാക്കിയതാണ്. ആ തീരുമാനത്തില്‍ മാറ്റമില്ല. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications