Get Updates
Get notified of breaking news, exclusive insights, and must-see stories!

Thrissur Result 2024: ബിജെപി അക്കൗണ്ട് തുറക്കുന്നത് തൃശൂരിലായിരിക്കുമോ? കണക്കുകള്‍ പറയുന്നത്

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും നാളുകള്‍ക്ക് മുന്‍പെ വോട്ടര്‍മാരുടേയും രാഷ്ട്രീയ നിരീക്ഷകരുടേയും ചര്‍ച്ചാ വിഷയമായ മണ്ഡലമാണ് തൃശൂര്‍. ഔദ്യോഗിക പ്രഖ്യാപനത്തിനും മുന്‍പ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി അവരോധിക്കപ്പെട്ട മണ്ഡലമാണ് തൃശൂര്‍. ഇവിടേക്ക് ഇടത്, വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളായി ആരും വരും എന്നതായിരുന്നു എല്ലാവരുടേയും ആകാംക്ഷ.

ബിജെപി അവരുടെ എ ക്ലാസ് മണ്ഡലമായി കരുതുന്നതിനാല്‍ തന്നെ എല്‍ഡിഎഫിന് ഇവിടേക്ക് മുന്‍മന്ത്രി വിഎസ് സുനില്‍ കുമാറിനെ അല്ലാതെ മറ്റൊരാളേയും നിര്‍ദേശിക്കാനുണ്ടായിരുന്നില്ല. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിയെന്ന നിലയിലെ പ്രവര്‍ത്തനവും തൃശൂരിലുടനീളം നിറഞ്ഞ് നില്‍ക്കുന്ന ആളെന്നതിനാലും സുനില്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം എല്ലാവരും ഉറപ്പിച്ചിരുന്നു.

Thrissur Result 2024

എന്നാല്‍ ആശയക്കുഴപ്പമാകെ കോണ്‍ഗ്രസിനും യുഡിഎഫിനുമായിരുന്നു. അതിന് പ്രധാന കാരണം കെ കരുണാകരന്‍ എന്ന കോണ്‍ഗ്രസ് രാഷ്ട്രീയ അതികായന്റെ മകള്‍ പത്മജ ബിജെപിയിലേക്ക് ചേക്കേറിയതായിരുന്നു. പത്മജ കൂടി ഉള്‍പ്പെടുന്നതാണ് തൃശൂര്‍ മണ്ഡലം എന്നതിനാല്‍ ഇവിടേക്ക് ആലോചിച്ച് മാത്രമെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാവൂ എന്നതും കോണ്‍ഗ്രസിനെ സംബന്ധിച്ച് തലദേനയായിരുന്നു.

എല്ലാ സിറ്റിംഗ് എംപിമാരും ഇത്തവണ മത്സരിക്കട്ടെ എന്ന യു ഡി എഫിന്റേയും കോണ്‍ഗ്രസിന്റേയും നിലപാട് പൊളിക്കേണ്ടി വന്നതും തൃശൂരാണ്. പത്മജ ഫാക്ടര്‍ മുന്‍നിര്‍ത്തി തൃശൂരിലെ സിറ്റിംഗ് എംപി ടിഎന്‍ പ്രതാപനെ മാറ്റി പത്മജയുടെ സഹോദരന്‍ കെ മുരളീധരനെ നിര്‍ത്തി സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയാണ് കോണ്‍ഗ്രസ് നടത്തിയത്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലവും തൃശൂരായി മാറി.

ഇത്തവണ പുറത്തുവന്ന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഇത് മണ്ഡലമായിരിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റ് ബിജെപിക്ക് പലരും കേരളത്തില്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ട്. അതിനാല്‍ അതിലൊന്ന് തൃശൂരായിരിക്കും എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ ഉറപ്പിച്ച് പറയുന്നത്.

എല്ലാ അവകാശവാദങ്ങള്‍ക്കും അപ്പുറം മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് കൂടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അതിന് മണ്ഡലപുനര്‍നിര്‍ണയവും കാരണമായിട്ടുണ്ട്. 2009 മുതല്‍ ബിജെപിയുടെ മണ്ഡലത്തിലെ വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. 2009 ല്‍ 54680 മാത്രമായിരുന്നു എന്‍ഡിഎയുടെ വോട്ട്. 2014 ല്‍ ഇത് 1.02 ലക്ഷവും 2019 ല്‍ ഇത് അത് 2.93 ലക്ഷവും ആയി ഉയര്‍ന്നു. കഴിഞ്ഞ തവണയും മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും രണ്ടാം സ്ഥാനവുമായി എന്‍ഡിഎയുടെ വോട്ടുവ്യത്യാസം 27634 മാത്രമായിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാരുള്ള മണ്ഡലം തൃശൂരാണ്. 1.46 ലക്ഷമാണ് ഇവിടത്തെ കന്നി വോട്ടര്‍മാര്‍. ഇത് എവിടേക്ക് ചായും എന്നത് ജയപരാജയങ്ങളെ സ്വാധീനിക്കും എന്നുറപ്പാണ്. ഇത്തവണ പോളിംഗ് കുറഞ്ഞതും പ്രവചനങ്ങളെ അസാധ്യമാക്കുന്നു. 2019 ല്‍ 77.94 ശതമാനം പേര്‍ വോട്ടു ചെയ്ത മണ്ഡലത്തില്‍ ഇത്തവണ 72.9 ആണ് പോളിംഗ് ശതമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+