തോക്കുമായി രണ്ട് പേര്‍ ബംഗളൂരുവില്‍ അറസ്റ്റില്‍; ടിപി കേസ് പ്രതി രജീഷ് കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ടി കെ രജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കര്‍ണാടക പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. അരമണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ രജീഷുമായി പൊലീസ് സംഘം കര്‍ണാടകയിലേക്ക് തിരിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവില്‍ വച്ച് തോക്കുമായി രണ്ട് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രജീഷിനെ കസ്റ്റഡിയില്‍ എടുത്തത്. കേരളത്തിലേക്ക് തോക്കു കൊണ്ടുപോയത് ടി കെ രജീഷ് ആവശ്യപ്പെട്ടിട്ടാണെന്നാണ് രണ്ട് പേര്‍ മൊഴി നല്‍കിയിരിക്കുന്നത്. തോക്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കോടതി ഉത്തരവുമായി കര്‍ണാടക പൊലീസ് കണ്ണൂരില്‍ എത്തിയത്. അതീവ രഹസ്യമായിട്ടാണ് രജീഷിനെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രജീഷിനെ മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പൊലീസ് പിടിച്ചത്. കേസില്‍ നാലാം പ്രതിയാണ് ടി കെ രജീഷ്. ആകെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ പി കെ കുഞ്ഞനന്തനും അശോകനും മരിച്ചതോടെ 10 പ്രതികളാണുള്ളത്.
അതേസമയം, ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ തുടരെ തുടരെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. നേരത്തെ മുഹമ്മദ് ഷാഫിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയിരുന്നു. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടു വരാന്‍ തങ്ങളെ സഹായിച്ചത് ടി പി കേസ് പ്രതികളാണെന്നാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിനോട് പറഞ്ഞത്.
2018ല്‍ പരോളിലിറങ്ങിയ കൊടി സുനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കൊടി സുനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ കയ്യില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായതോടെ പണം തിരികെ ലഭിക്കാന്‍ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
കൊച്ചിയില്‍ നിന്ന് കണ്ണൂരേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് 14 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം നഷ്ടമാവുന്നത്. ഈ പണം തിരകെ കിട്ടാന്‍ യുവാവിനെയും സഹോദരനേയും കൊടി സുനിയുടെ സംഘാഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കിര്‍മാണി മനോജിനെ വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ വച്ച് അറസ്റ്റ് ചെയ്ത സംഭവമുണ്ടായിരുന്നു.












Click it and Unblock the Notifications