സ്വര്‍ണം വീണ്ടും കുതിച്ചു; ഈ മാസം 3680 രൂപയുടെ മുന്നേറ്റം, അറിയാം ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണവല വര്‍ധിച്ചു. എല്ലാ റെക്കോര്‍ഡുകളും മറികടന്ന് പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് സ്വര്‍ണം. ഒരുപക്ഷേ, വരുംദിവസങ്ങളിലും സ്വര്‍ണത്തിന് നേരിയ തോതില്‍ വിലമാറ്റം സംഭവിക്കാം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചു. എങ്കിലും വരുംമാസങ്ങളില്‍ മാറ്റങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു.
ക്രൂഡ് ഓയില്‍ വില കുറഞ്ഞുവരികയാണ്. ബിറ്റ് കോയിന്‍ വില ഉയര്‍ന്ന നിരക്കില്‍ തുടരുകയും ചെയ്യുന്നു. ഡോളര്‍ സൂചിക വലിയ മുന്നേറ്റം നടത്തുന്നില്ല. ഇന്ത്യന്‍ രൂപ കരുത്ത് തിരിച്ചുപിടിക്കാനാകാതെ കുഴങ്ങുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബാങ്ക് പലിശയില്‍ കാര്യമായി കൈവയ്ക്കില്ലെന്നാണ് കരുതുന്നത്. ഓഹരി വിപണിയാണ് അദ്ദേഹത്തിന്റെ നോട്ടം. അറിയാം ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച്....

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 60880 രൂപയായി ഉയര്‍ന്നു. 120 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7610 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6285 രൂപയായി. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് കാര്യമായ മാറ്റമുണ്ടായി. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയിലെത്തി. ആഗോള സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. ഔണ്‍സിന് 2761 ഡോളറാണ് പുതിയ നിരക്ക്.
ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 57200 രൂപയായിരുന്നു കേരളത്തിലെ വില. ഇന്ന് 60880 രൂപയായി. അതായത്, 3680 രൂപയാണ് ഈ മാസം മാത്രം സ്വര്‍ണത്തിന് വില കൂടിയത്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് ലാഭകരമാണ് എന്ന് ഇക്കാര്യം സൂചിപ്പിക്കുന്നു. അതുതന്നെയാണ് കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. എത്ര വില കൂടിയാലും സ്വര്‍ണം ആളുകള്‍ വാങ്ങുന്നതും ഇതുകൊണ്ടുതന്നെ.
ഡോളര്‍ സൂചിക 107 എന്ന നിരക്കിലാണുള്ളത്. ഇന്ത്യന്‍ രൂപ 86.58 എന്ന നിരക്കിലും. ഡോളറും രൂപയും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിപണി അസ്ഥിരമായിട്ടാണ് കാണുന്നത്. ക്രൂഡ് ഓയില്‍ വില ഇടിയുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നേട്ടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളറിലേക്ക് താഴ്ന്നു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 104000 ഡോളറിലേക്ക് കയറി.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ച പോലെ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. അതേസമയം, മാര്‍ച്ചില്‍ ചേരുന്ന യോഗത്തില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ഈ വര്‍ഷം രണ്ട് തവണ പലിശ കുറയ്ക്കുമെന്നാണ് കരുതുന്നത്. പലിശ കുറയ്ക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. സ്വര്‍ണ വില ഉയരുകയും ചെയ്യും. അമേരിക്കന്‍ പ്രസിഡന്റും ഫെഡറല്‍ റിസര്‍വ് ചെയര്‍മാനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ല എന്ന പ്രചാരണം കുറഞ്ഞിട്ടുണ്ട്.
കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. വില കുറയ്ക്കണമെന്ന് ഒപെക് രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ ഇക്കാര്യം പരിഗണിക്കാന്‍ സാധ്യത കുറവാണ്. ശനിയാഴ്ചയാണ് ഇന്ത്യയില്‍ ബജറ്റ് അവതരണം. സ്വര്‍ണ ഇറക്കുമതി നികുതി കൂട്ടിയാല്‍ സ്വര്‍ണവില വര്‍ധിച്ചേക്കും.












Click it and Unblock the Notifications