സ്വര്‍ണവില ഇടിഞ്ഞുവീണു; ആഭരണം വാങ്ങാം... നിരക്ക് കുറയാന്‍ കാരണം ഇതാണ്, അറിയാം പവന്‍ വില
കൊച്ചി: ആഭരണ പ്രേമികളെ ആശങ്കപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ വര്‍ധിച്ചിരുന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. 400 രൂപയിലധികം കുറഞ്ഞത് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസമാണ്. ആഗോള വിപണിയിലും വില താഴ്ന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയില്‍ കാണുന്നത്. മൂന്ന് കാരണങ്ങളാണ് വില കുറയാന്‍ കാരണമായി വിപണി നിരീക്ഷകര്‍ എടുത്തുപറയുന്നത്.
എന്നാല്‍ ഈ പ്രവണത തുടരുമോ എന്ന കാര്യത്തില്‍ കൃത്യതയില്ല. അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങാന്‍ ആസൂത്രണം ചെയ്തിട്ടുള്ളവര്‍ വേഗം ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ പവന്‍ നിരക്ക് 56200 രൂപയായിരുന്നു. അതിവേഗം വര്‍ധിച്ച് 59000ത്തിന് അടുത്തെത്തിയിരിക്കെയാണ് ഇന്നത്തെ വിലയിടിവ്. അറിയാം വില വിവരങ്ങള്‍...

സ്വര്‍ണം ഗ്രാമിന് 55 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാം നിരക്ക് 7285 രൂപയിലെത്തി. പവന്‍ വിലയില്‍ 440 രൂപ കുറഞ്ഞ് 58280 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 6010 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഗ്രാമിന് 2 രൂപ കുറഞ്ഞ് 105 രൂപയിലെത്തി. വില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണം വാങ്ങാനുള്ളവര്‍ കൂടുതലായി എത്തുമെന്നാണ് കരുതുന്നതെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2723 ഡോളറാണ് വില. നേരത്തെ 2800ലേക്ക് കുതിച്ച ശേഷം ഇടിയുകയായിരുന്നു. ഇതോടെയാണ് കേരളത്തില്‍ ഉള്‍പ്പെടെ വില കുറഞ്ഞത്. വില വന്‍ തോതില്‍ ഉയരുന്നതായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള ട്രെന്‍ഡ്. ഈ വേളയില്‍ ലാഭം കൊയ്യാന്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നതാണ് വില ഇടിയാന്‍ ഒരു കാരണം.
സ്വര്‍ണത്തിന് രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇന്നലെ. ഈ വേളയില്‍ വിറ്റഴിച്ചാല്‍ ലാഭം കൊയ്യാമെന്ന് വന്‍കിട നിക്ഷേപകര്‍ മനസിലാക്കുകയും വ്യാപകമായ വിറ്റഴിക്കലും നടത്തി. വില കുറയാന്‍ ഇതൊരു കാരണമായെങ്കിലും മറ്റു രണ്ട് കാരണങ്ങള്‍ കൂടിയുണ്ട്. അമേരിക്കന്‍ ഡോളറിന്റെ മൂല്യം കുതിച്ചു എന്നതാണ് ഇതിലൊന്ന്.
ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം കുറയും. അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങാനുള്ള ശേഷി കുറയും. ചൈനയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ ആവശ്യം കുറഞ്ഞു എന്നതാണ് വില കുറയാനനുള്ള മൂന്നാമത്തെ കാരണം. ലോകത്ത് വന്‍തോതില്‍ സ്വര്‍ണം വാങ്ങുക്കൂട്ടുന്നവരാണ് ചൈനക്കാര്‍. ഇവിടെ നിന്ന് ആവശ്യക്കാര്‍ കുറഞ്ഞതും വില ഇടിയാന്‍ കാരണമായി.
ഡോളര്‍ സൂചിക 104.33 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 84.07 എന്ന നിരക്കിലെത്തി. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 75.83 ഡോളര്‍ ആണ് വില. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മോശമായി തുടരുന്നതിനാല്‍ ഏത് സമയവും എണ്ണവില വര്‍ധിക്കാം. സ്വര്‍ണവിലയില്‍ മാറ്റം വരാന്‍ ഇതും ഒരു ഘടകമാണ്.












Click it and Unblock the Notifications