ടിപി കേസ് പ്രതികളായ ഷാഫിക്കും ഷിനോജിനും പരോൾ; 15 ദിവസത്തേക്ക്, സ്വാഭാവിക നടപടിയെന്ന് അധികൃതർ
കണ്ണൂർ: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 15 ദിവസത്തെ പരോളിലാണ് രണ്ട് പ്രതികളും പുറത്തിറങ്ങിയത്. രണ്ടര മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വഭാവിക പരോൾ ആണെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. അടുത്തിടെ കേസിലെ നാലാം പ്രതി രജീഷിനും പരോൾ ലഭിച്ചിരുന്നു.
20 ദിവസത്തേക്കാണ് രജീഷിന് പരോൾ അനുവദിച്ചത്. ജനുവരി 10-ന് തിരിച്ച് ജയിലിലെത്തണം. മൂന്നുമാസത്തിനിടെ രണ്ടുതവണയാണ് ഇയാൾക്ക് പരോൾ കിട്ടിയത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് ഇഷ്‌ടം പോലെ പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായുള്ള തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. അതിനിടയിലാണ് രണ്ട് പ്രതികൾക്ക് പരോൾ ലഭിച്ചിരിക്കുന്നത്.

നേരത്തെ ടിപി വധക്കേസ് പ്രതിയായ കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. 2024 ഡിസംബർ മുതൽ ജൂലായ് വരെ മൂന്ന് പരോളുകളാണ് സുനിക്ക് ജയിൽ വകുപ്പ് അനുവദിച്ചത്. ഇതിൽ കെകെ രമ എംഎൽഎ ഉൾപ്പെടെ കടുത്ത പ്രതിഷേധം ഉയർത്തിയെങ്കിലും പ്രതികൾക്ക് പരോൾ അനുവദിക്കുന്നത് തുടർക്കഥയാവുകയാണ്.
പരോളിനും ജയിലിൽ സൗകര്യമൊരുക്കാനും ഡിഐജി വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽനിന്ന് ഉൾപ്പെടെ പണം വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ജയിൽ ഡിജിപി കഴിഞ്ഞാൽ തൊട്ടടുത്തുള്ള ഏറ്റവും പ്രധാനപ്പെട്ട പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡിഐജി വിനോദ് കുമാർ. കൈക്കൂലി വാങ്ങി എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് എടുത്തത്.
പതിവായി ജയിലിലെ തടവുകാരിൽ നിന്ന് പണം വാങ്ങുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ലഹരി കേസുകളിൽ ഉൾപ്പെടെ പ്രതികളാക്കപ്പെട്ട് ജയിലിൽ കഴിയുന്ന തടവുകാർക്ക് പെട്ടെന്ന് പരോൾ ഒപ്പിച്ചു കൊടുക്കാൻ വേണ്ടി ഇടപെടാം എന്ന് പറഞ്ഞാണ് കൈക്കൂലി വാങ്ങുന്നത്. ഗൂഗിൾ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു.
മുൻപ് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കായി സര്‍ക്കാർ നടത്തിയ അസാധാരണനീക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചതോടെയാണ് വിവാദങ്ങളും തുടക്കം. വലിയ വിവാദമായതോടെ സർക്കാർ ഈ നീക്കം ഉപേക്ഷിച്ചിരുന്നു.












Click it and Unblock the Notifications