'എന്നോടാരും പരാതി പറഞ്ഞിട്ടില്ല, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗതാഗതമന്ത്രിക്ക് കാര്യമില്ല'; കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗതാഗത വകുപ്പിനും മന്ത്രിക്കും ഒരു കാര്യവുമില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. എന്തെങ്കിലും പറഞ്ഞ് വിവാദത്തിൽ ആവാനില്ലെന്നും റിപ്പോർട്ട് പുറത്തുവന്നത് നല്ലതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മന്ത്രിയെന്നതിലുപരി ഒരു അറിയപ്പെടുന്ന സിനിമാ താരം കൂടിയായ ഗണേഷ് വിഷയത്തിൽ കാര്യമായി പ്രതികരിക്കാൻ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
റിപ്പോർട്ടിൽ സാംസ്‌കാരിക വകുപ്പും സർക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് ഗണേഷ് പറയുന്നത്. ഇതുവരെയും തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞാൽ പരസ്യമായി പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കുന്നതെന്ന് ചോദിച്ച മന്ത്രി ആളുകളെ ആക്ഷേപിക്കാൻ തയ്യാറല്ലെന്നും വ്യക്തമാക്കി.

വിഷയത്തിൽ കൃത്യമായ മറുപടി സാംസ്‌കാരിക മന്ത്രി തന്നെ നൽകിയിട്ടുണ്ടെന്നാണ് ഗണേഷ് അഭിപ്രായപ്പെട്ടത്. അദ്ദേഹം നടപടി സ്വീകരിക്കുമെന്നും ഉറപ്പുണ്ടെന്നും ഗണേഷ് പറഞ്ഞു. സിനിമയിൽ എല്ലാം ശരിയാണെന്ന അഭിപ്രായമില്ലെന്ന് പറഞ്ഞ മന്ത്രി അറിയാതെ കാര്യങ്ങളെ സംസാരിക്കാൻ താൽപര്യമില്ലെന്നും വ്യക്തമാക്കി.
ലോക്കേഷനില്‍ ബാത്ത് റൂം സൗകര്യമില്ലാത്തതോക്കെ പെട്ടെന്ന് നടപടി എടുക്കണ്ട കാര്യമാണ്. മുതിർന്ന നടികളുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്ന് പറയുന്നു. പ്രൊഡ്യൂസേഴ്‌സ് സംഘടന ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. ഇതൊരു മൊത്തത്തിൽ ഉള്ള പഠനം ആണെന്നും അതിൽ നിന്നൊരു ഭാഗം മാത്രമെടുത്ത് ചാടേണ്ടയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുൻപും ഇതുപോലെയുള്ള കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. ഗണേഷ് കുമാറോ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയോ അല്ല ഇതിൽ നടപടിയെടുക്കേണ്ടത്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. കിട്ടിയെങ്കിൽ നടപടി എടുക്കുമായിരുന്നു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും ഇതുവരെ വരുത്തിയിട്ടില്ല. അതുകൊണ്ടാണ് സിനിമയിൽ അവസരങ്ങൾ കുറഞ്ഞതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും വ്യക്തമാക്കുന്നത്. മന്ത്രിയെന്ന നിലയിൽ മുഴുവൻ റിപ്പോർട്ടും താൻ വായിച്ചിട്ടില്ലെന്ന് പറഞ്ഞ സജി ചെറിയാൻ എല്ലാവരെയും പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ലെന്നും ഒരുപാട് മാന്യൻമാർ മലയാള സിനിമയിൽ ഉണ്ടെന്നും പറഞ്ഞു.
സർക്കാർ വളരെ പ്രാധാന്യത്തോടെ തന്നെയാണ് വിഷയം കൈകാര്യം ചെയ്‌തതെന്നും സജി ചെറിയാൻ വ്യക്തമാക്കി. മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നിർമാതാക്കളുടേയും സംവിധായകരുടേയും യോഗം വിളിച്ചുവെന്നും ലെെറ്റ് ബോയ്‌സിന്റെ സംഘടന മുതൽ അമ്മയുടെ ഭാരവാഹികളുമായി വരെ സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ സിനിമ കോൺക്ലേവ് നടത്തുമെന്നും സജി ചെറിയാൻ അറിയിച്ചു.


Click it and Unblock the Notifications