തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി,സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭ തിരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയും മുന്‍ മന്ത്രിയുമായ കെ ബാബുവിന് തിരിച്ചടി. ബാബുവിന്റെ തൃപ്പൂണിത്തറയിലെ വിജയം ചോദ്യം ചെയ്ത് കൊണ്ട് എതിർ സ്ഥാനാർത്ഥിയായ സി പി എമ്മിലെ എം സ്വരാജ് നല്‍കിയ ഹർജിയിലെ വാദങ്ങള്‍ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു. സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കെ ബാബു നല്‍കിയ അപ്പീല്‍ തള്ളി കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എം സ്വരാജ് നേരത്തേ ഹൈക്കോടതിയെ സമീപിച്ചത്. ശബരിമല വിഷയം എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മണ്ഡലത്തില്‍ കെ ബാബു പ്രചരണം നടത്തിയതെന്നായിരുന്നു സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
അയ്യപ്പന് ഒരു വോട്ട് എന്ന അച്ചടിച്ച തിരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നും ചുവരെഴുത്തുകളിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്നും തൻറെ പരാജയം അയ്യപ്പൻറെ പരാജയമാണെന്നും പറഞ്ഞ് കെ ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നും ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവും കോടതിയിലെത്തി. ഹർജി പരിഗണിച്ച കോടതി ബാബുവിന്‍റെ തടസ്സവാദം തള്ളി സ്വരാജ് നൽകിയ കേസ് നിലനിൽക്കുന്നതെന്നും വ്യക്തമാക്കി. അതേസമയം ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമായിരുന്നു നേരത്തേ കെ ബാബു കോടതിയിൽ പറഞ്ഞത്. തുടർന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നി.
സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു തൃപ്പൂണുത്തുറയിൽ നടന്നത്. ശക്തമായ മത്സരത്തിനൊടുവിൽ 992 വോട്ടുകള്‍ക്കായിരുന്നു കെ ബാബുവിനോട് സിറ്റിങ് എം എല്‍ എ കൂടിയായ എം സ്വരാജ് തോറ്റത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ശക്തനായ കെ ബാബുവിനെ അട്ടിമറിച്ചായിരുന്നു എം സ്വരാജ് തൃപ്പൂണത്തുറയില്‍ വിജയിച്ചത്. ബാര്‍ കോഴ അടക്കമുള്ള വലിയ വിവാദങ്ങള്‍ കെ ബാബു നേരിടുന്ന സമയമായിരുന്നു സ്വരാജിന്റെ കൂറ്റൻ വിജയം.












Click it and Unblock the Notifications