യുഎഇക്കാർക്ക് നെഞ്ചിടിപ്പ് , പക്ഷെ സൗദിക്കാർക്ക് ആശ്വാസം: പ്രവാസികളെ പിഴിഞ്ഞ് വിമാനകമ്പനികള്‍
കരിപ്പൂർ: നാട്ടിലെത്തി കുടുംബത്തോടും നാട്ടുകാരുമോടൊപ്പം ഓണം ആഘേഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം പ്രവാസി മലയാളികളും. ഓരോ ഓണക്കാലത്തും എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ ഇവർ ശ്രമിക്കും. എന്നാല്‍ ഇത്തരക്കാരെ പിഴിഞ്ഞ് അമിത ലാഭം കൊയ്യുന്ന ചിലരും നമുക്ക് ചുറ്റുമുണ്ട്. വിമാന, ബസ് കമ്പനികളാണ് ആ കൊള്ളക്കാർ.
ബാംഗ്ലൂർ ഉള്‍പ്പെടേയുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഓണക്കാലത്ത് നാട്ടിലേക്ക് എത്താന്‍ സാധാരണ നിരക്കിനേക്കാള്‍ രണ്ടും മൂന്ന് ഇരട്ടി നിരക്ക് വർധനവാണ് ഓണക്കാലത്ത് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ സ്പെഷ്യല്‍ സർവ്വീസുകള്‍ ഉള്‍പ്പെടുത്തി രണ്ട് സംസ്ഥാനത്തെ കെഎസ്ആർടിസി സർവ്വീസുകള്‍ യാത്രക്കാർക്ക് ആശ്വാസം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. ഓണക്കാലത്ത് റെയില്‍വേ കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനും അനുവദിച്ചിട്ടുണ്ട്.

ഗള്‍ഫിലെ പ്രവാസികളുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. അക്ഷരാർത്ഥത്തില്‍ വിമാനക്കമ്പനികള്‍ ഇവരുടെ ചോരയൂറ്റി കുടിക്കുന്ന സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഗള്‍ഫ്-കേരള സെക്ടറിലെ പല വിമാനടിക്കറ്റുകളും വിറ്റു തീർന്നു. ശേഷിക്കുന്ന ഏതാനും ടിക്കറ്റുകള്‍ക്ക് 200 ഇരട്ടിയിലേറെയാണ് വർധനവ്. ഇതോടെ ഓണത്തിന് നാട്ടിലെത്താന്‍ ആഗ്രഹിച്ച പലരും യാത്ര ഉപേക്ഷിച്ചു.
യുഎഇയില്‍ സ്കൂള്‍ അവധിക്കാലം അവസാനിച്ചിരിക്കുന്നതിനാല്‍ മടങ്ങാനിരിക്കുന്ന പ്രവാസി കുടുംബങ്ങളും ആശങ്കയിലാണ്. നേരത്തെ 7000 രൂപയില്‍ താഴെ വിലയ്ക്ക് ലഭിച്ചിരുന്ന വിമാന ടിക്കറ്റുകള്‍ക്ക് നിലവില്‍ 40000 മുതല്‍ 1.5 ലക്ഷം വരെയാണ് ഈടാക്കുന്നത്. കോഴിക്കോട്-ദുബായ് മേഖലയില്‍ 64000 രൂപവരെയായിട്ട് ടിക്കറ്റ് നിരക്ക് ഉയർന്നു. ദുബായ് -കോഴിക്കോട് മേഖലയിലും സമാനമാണ് നിരക്കുകൾ.
ദുബായ്-കൊച്ചി റൂട്ടില്‍ 13000 മുതല്‍ 104738 വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് 28,000 മുതൽ 2,45,829 രൂപ വരെയും. ഫലത്തില്‍ രണ്ട് മക്കള്‍ അടങ്ങുന്ന ഒരു കുടുംബത്തിന് കേരളത്തിൽനിന്ന് ദുബായിലേക്കോ തിരിച്ചോ യാത്ര ചെയ്യണമെങ്കിൽ രണ്ടുലക്ഷത്തോളം രൂപ നല്‍കേണ്ടി വരും. സെപ്തബർ പകുതി വരേയും സമാന നിലയിലാണ് വില. അതിന് ശേഷം പഴയ നിലയിലേക്ക് വില താഴുന്നുണ്ട്.
മറ്റിടത്ത് ഉയർന്ന നിരക്കിലെങ്കിലും ടിക്കറ്റ് ലഭ്യമാണെങ്കിലും കോഴിക്കോട് -ഷാർജ മേഖലയിൽ രണ്ടാഴ്ച ടിക്കറ്റുകൾ ലഭ്യമല്ല. സെപ്റ്റംബർ ആദ്യവാരത്തില്‍ 33,080 രൂപ മുതൽ 66,404 രൂപ വരെയാണ് ടിക്കറ്റിന് നല്‍കേണ്ടത്. തിരുവനന്തപുരത്തേത് 22,660 മുതൽ 90,522 വരെയും കൊച്ചിയിലേക്ക് 19,000 മുതൽ 64,741 രൂപവരെയുമെത്തി നിൽക്കുന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ തിരുവനന്തപുരേത്തേക്കും കൊച്ചിയിലേക്കും 7000 രൂപയ്ക്ക് താഴെ ടിക്കറ്റുകൾ ലഭിച്ചിരുന്നു. അബുദാബിയിലേക്ക് കോഴിക്കോട്ടുനിന്ന് 36,902 മുതൽ 1,50,219 രൂപ വരെയാണ് നല്‍കേണ്ടതെങ്കില്‍ കൊച്ചിയിൽനിന്ന് 22,000 മുതൽ 2,67,409 രൂപ വരെ നല്‍കണം. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ജിദ്ദ മേഖലയെ നിരക്ക് വർധനവ് ബാധിച്ചിട്ടില്ലെന്നതാണ്. കോഴിക്കോട് -ജിദ്ദ മേഖലയിൽ 12,709 രൂപ മുതൽ ടിക്കറ്റ് ലഭിക്കും. കൊച്ചിയില്‍ നിന്ന് 13,242 രൂപയും തിരുവനന്തപുരത്ത് 31,862 രൂപയുമാണ് ഈടാക്കുന്നത്.












Click it and Unblock the Notifications