യുഡിഎഫ് ദുർബലമായിട്ടില്ല..ബിജെപിയേയും കുറച്ച് കാണരുത്; കൂടുതൽ പേരെ പാർട്ടിയിലെത്തിക്കാൻ സിപിഎം
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പതിവ് തെറ്റിച്ച് കൊണ്ടായിരുന്നു ഇക്കുറി എൽഡിഎഫിന് അധികാര തുടർച്ച ലഭിച്ചചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ സീറ്റുകൾ നേടി കൊണ്ടുള്ള വൻ വിജയത്തിനൊപ്പം വോട്ട് വിഹിതവും മുന്നണിക്ക് വർധിപ്പിക്കാൻ സാധിച്ചു. 2016 നെ അപേക്ഷിച്ച് 2.57 ശതമാനം വോട്ടിന്റെ വർധനയായിരുന്നു എൽഡിഎഫിന് ലഭിച്ചത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 10.73 ശതമാനത്തിന്റെ വർധനയും ഉണ്ടായത് വലിയ നേട്ടമായി.
എന്നാൽ ഇതുകൊണ്ടൊന്നും ആത്മവിശ്വാസം ഉയരേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. രണ്ടാം വട്ടവും അധികാരം നേടിയെങ്കിലും യുഡിഎഫിന്റെ ശക്തി അംഗീകരിക്കണമെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. ഇതിന് നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കുകളും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഒപ്പം ബിജെപി ദുർബലമല്ലെന്ന് തിരിച്ചറിയണമെന്നും സിപിഎം വ്യക്തമാക്കുന്നു. വിശദമായ വായിക്കാം

സമാനതകൾ ഇല്ലാത്ത തിരിച്ചടിയായിരുന്നു സംസ്ഥാനത്ത് ഇത്തവണ യു ഡി എഫ് നേരിട്ടത്. എൽ ഡി എഫ് 2016 ൽ നേടിയതിനേക്കാൾ 9 സീറ്റുകൾ ഉയർത്തി 99 സീറ്റുമായി അധികാരം നിലനിർത്തിയപ്പോൾ കഴിഞ്ഞ തവണ 47 സീറ്റുകൾ ലഭിച്ച യുഡിഎഫ് തങ്ങളുടെ 6 സീറ്റ് കൈവിട്ട് 41 ൽ ഒതുങ്ങി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടു പ്പിൽ നേടിയതിനേക്കാൾ 7.87 ശതമാനം വോട്ടുകളായിരുന്നു തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടമായത്. എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 0.78 ശതമാനം വോട്ടുകൾ യുഡിഎഫിന് ഇക്കുറി അധികം ലഭിച്ചിരുന്നു.

ഈ വോട്ട് വർധന കുറച്ച് കാണേണ്ടതില്ലെന്നാണ് സിപിഎം നിർദ്ദേശിക്കുന്നത്. ഇപ്പോഴും യുഡിഎഫ് ദുർബലമാണെന്ന് കാണാനാകില്ലെന്നും സിപിഎം നേതൃത്വം പറയുന്നു. മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ ന്യൂനപക്ഷ സമുദായം സിപിഎമ്മിനോട് അടുത്തിട്ടുണ്ടെന്ന് നേരത്തേ പാർട്ടി അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുസ്ലീം വിഭാഗത്തിന്റ സഹകരണം മലബാർ മേഖലയിൽ ഉൾപ്പെടെ വലിയ നേട്ടമാണ് പാർട്ടിക്ക് സമ്മാനിച്ചത്. പൗരത്വ നിയമങ്ങൾക്ക് എതിരായി സിപിഎം കൈക്കൊണ്ട നിലപാടുകളും പ്രതിഷേ പരിപാരികളുമെല്ലാം മുസ്ലീം സമുദായത്തിന് സിപിഎമ്മിനോടുള്ള അകൽച്ച മാറ്റിയെന്നും റിപ്പോർട്ടിൽ ഉണ്ടയാരുന്നു. എന്നിരുന്നാലും മുസ്ലീം സമുദായത്തിന് വലിയ സ്വാധീനമുള്ള മുസ്ലീം ലീഗ് യുഡിഎഫിൽ ആണെന്നത് മറക്കരുതെന്നാണ് സിപിഎം നിർദ്ദേശം.

അതിനാൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പരമാവധി പാർട്ടിയോട് അടുപ്പിക്കാൻ ശ്രമിക്കണം. അതിനായി മികച്ച കേഡർമാരെ അതത് മേഖലകളിൽ ചുമതല ഏൽപ്പിക്കാനുള്ള നിർദ്ദേശങ്ങളും സിപിഎം നേതൃത്വം നൽകുന്നു. മുസ്ലീം ഇടത്തരക്കാർ ഉൾപ്പെടെ പുതിയ വിഭാഗങ്ങൾ പാർട്ടിയിലേക്ക് വരുന്നുണ്ട്. മുസ്ലിം ലീഗില്‍ നിന്നുള്‍പ്പടെ വലിയൊരു വിഭാഗം പാര്‍ട്ടിയോട് അടുക്കുന്നുണ്ടെന്നതും അനുകൂലമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി കൂടുതല്‍ പേരെ ന്യൂനപക്ഷത്ത് നിന്നും പാർട്ടിയിൽ എത്തിക്കേണ്ടതുണ്ടെന്ന് നേരത്തേ സിപിഎം തങ്ങളുടെ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഒപ്പം ക്രിസ്ത്യൻ വിഭാഗങ്ങളേയും കൂടെ നിർത്താൻ ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും സിപിഎം നിർദ്ദേശിക്കുന്നു.ഇത്തവണ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം ഉണ്ടാക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു.ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെ സ്വാധീനം മധ്യകേരളത്തിലുൾപ്പെടെ മുന്നണിക്ക് വലിയ വിജയം സമ്മാനിച്ചിരുന്നു.അതേസമയം യുഡിഎഫിനോട് അനുകൂല നിലപാട് പുലർത്തുവന്നരെ മറുകണ്ടം ചാടിച്ച് പാർട്ടിയുടെ അടിത്തറ വിപുലമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും സിപിഎം അണികളോട് നർദ്ദേശിക്കുന്നുണ്ട്.

ഇത്തവണ ബിജെപി കനത്ത തിരിച്ചടി നേരിട്ടെങ്കിലും അവരെ ദുർബലമായി കാണേണ്ടതില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കയ്യിലുണ്ടായിരുന്ന ഏക സീറ്റ് നഷ്ടമായിരുന്നു. മാത്രമല്ല വോട്ട് വിഹിതത്തിലും വലിയ നഷ്ടം സംഭവിച്ചു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 14.93 ശതമാനം വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാൽ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അത് 15.53 ശതമാനമായി വർധിപ്പിച്ചു. എന്നാൽ ഇത്തവണ 2016 ലേതിനേക്കാൾ 12.47 ശതമാനത്തിന്റെ വോട്ട് ഇടിവാണ് ബിജെപിക്ക് ഉണ്ടായത്. കൈവിട്ട നേമം മണ്ഡലത്തിൽ മാത്രം 12.22 ശതമാനം വോട്ടുകളായിരുന്നു ബിജെപിക്ക് നഷ്ടമായത്.

ബിജെപിയിൽ നിന്ന് പാവപ്പെട്ട ദുർബല വിഭാഗങ്ങൾ അകന്നിട്ടുണ്ടെന്ന വിലയിരുത്തലുകൾ പാർട്ടിക്കുണ്ട്. മാത്രമല്ല കേന്ദ്ര പദ്ധതികൾ ഉയർത്തിക്കാട്ടിയിട്ടും പണമൊഴുക്കിയിട്ട് പോലും സംസ്ഥാനത്ത് ബിജെപി ഇത്തവണ വലിയ പരാജയം രുചിച്ചു.എന്നാൽ വർഗീയ ധ്രുവീകരണത്തിലൂടെ കേന്ദ്ര അധികാരവും പണവും ഒഴുക്കി കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്ന കാര്യം ഗൗരവായി തന്നെ കാണണമെന്ന് സിപിഎം വ്യക്തമാക്കുന്നു. മാത്രമല്ല ഇക്കുറി സംസ്ഥാനത്തെ 9 മണ്ഡലങ്ങളിൽ ബിജെപിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.ഇത്തരം മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന നിർദ്ദേശം സിപിഎം കീഴ്ഘടകങ്ങൾക്ക് നൽകിയിരുന്നു. ചില ഹിന്ദു സംഘടനകൾ കൂടുതലായി ബിജെപിയിലേക്ക് അടുക്കുന്നുണ്ടെന്ന് മറന്ന് കൂടെന്നും സിപിഎം വ്യക്തമാക്കുന്നു.

ഇത്തവണ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചത് എൻഎസ്എസ് ആണെന്ന് നേരത്തേ സിപിഎം അവോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ശബരിമല വിവാദത്തിൽ സർക്കാരിനെതിരെ എൻഎസ്എസ് രംഗത്തെത്തി. അതേസമയം എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടിനൊപ്പം സമുദായം മുഴുവനായും നിലകൊണ്ടില്ലെന്നും സമുദായത്തിലെ പുരോഗമനവാദികൾ പാർട്ടിക്കൊപ്പം നിന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഘടന സെക്രട്ടറിയുടെ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താൻ കഴിയാത്ത തരത്തിലുള്ള തന്ത്രങ്ങളാണ് മെനയേണ്ടതെന്നാണ് സിപിഎം വ്യക്തമാക്കിയത്.

അതേസമയം ബിജെപിയിൽ നിന്നും അകലുന്നവർ യുഡിഎഫിലെത്തുന്നത് തടയാനുള്ള ശക്തമായ നടപടികളും കൈക്കൊള്ളണമെന്നും സിപിഎം അണികളോട് നിർദ്ദേശിക്കുന്നു. അതിനിടെ മറുവശത്ത് കൂടുതൽ ഘടകക്ഷികൾ യുഡിഎഫ് വിടാതിരിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മുന്നണി നേതൃത്വം. നേരത്തേ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ആർഎസ്പി യുഡിഎഫ് ചേരി വിട്ടേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തങ്ങൾക്ക് മുന്നണിയിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നായിരുന്നു ആർഎസ്പിയുടെ പരാതി. എന്നാൽ ആർഎസ്എസ് പരാതികൾക്ക് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തി ഒപ്പം നിർത്താൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.
ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി.. അമൃതയുടെ വൈറൽ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications