കണ്ണൂര്‍ കോര്‍പ്പറേഷനിൽ വീണ്ടും ജയിച്ച് പികെ രാഗേഷ്, ചങ്ങനാശേരി നഗരസഭാ ഭരണവും നിലനിർത്തി യുഡിഎഫ്!
കണ്ണൂര്‍: ചങ്ങനാശേരി നഗരസഭാ തിരഞ്ഞെടുപ്പിലും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിലും വിജയിച്ച് യുഡിഎഫ്. പികെ രാഗേഷ് വീണ്ടും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഗേഷ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ യുഡിഎഫിനോട് ഇടഞ്ഞ് ഇടതുപക്ഷത്തേക്ക് മാറിയ ലീഗ് വിമതന്‍ കെപിഎ സലീം അനുകൂലമായി വോട്ട് ചെയ്തതാണ് രാഗേഷിന് തുണയായത്.
എല്‍ഡിഎഫിന് വേണ്ടി സിപിഐ നേതാവ് വെള്ളോറ രാജന്‍ ആണ് മത്സരിച്ചത്. രാഗേഷിന് 28 വോട്ടുകളും രാജന് 27 വോട്ടുകളും ലഭിച്ചു. നേരത്തെ യുഡിഎഫ് കൗണ്‍സിലര്‍ കെപിഎ സലീം എല്‍ഡിഎഫ് പക്ഷത്തേക്ക് മാറിയതോടെ നടത്തിയ അവിശ്വാസ പ്രമേയത്തില്‍ രാഗേഷ് ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു. അതിനാലാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ സലീമിനെ ലീഗ് നേതൃത്വം അനുനയിപ്പിച്ചതോടെ യുഡിഎഫ് തന്നെ വിജയം സ്വന്തമാക്കി.

അതിനിടെ കോട്ടയം ചങ്ങനാശേരി നഗരസഭയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. രണ്ട് കോണ്‍ഗ്രസ് വിമതര്‍ വോട്ട് ചെയ്തിട്ടും എല്‍ഡിഎഫിന് ഭരണം പിടിച്ചെടുക്കാനായില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സാജന്‍ ഫ്രാന്‍സിസിന് 16 വോട്ടുകള്‍ കിട്ടി. എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായ സജി തോമസിന് 15 വോട്ടുകളാണ് ലഭിച്ചത്. സജി തോമസ് കോണ്‍ഗ്രസ് വിമതനാണ്.
ചങ്ങനാശേരി നഗരസഭയില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളാണ് ഉളളത്. കോണ്‍ഗ്രസ് വിമതനായ സജി തോമസിനെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയായിരുന്നു. നാല് കോണ്‍ഗ്രസ് വിമതരുടെ പിന്തുണ ലഭിക്കും എന്നായിരുന്നു എല്‍ഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. എന്നാല്‍ രണ്ട് പേര്‍ മാത്രമാണ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. ഒരു കോണ്‍ഗ്രസ് വിമതന്റെ വോട്ട് അസാധുവും ആയി. നാല് അംഗങ്ങളുളള ബിജെപി നഗരസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.












Click it and Unblock the Notifications