കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി
കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ചു. ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന് പിന്നാലെയാണ് അമ്മയും മരണപ്പെട്ടത്. എകരൂർ ഉണ്ണികുളം സ്വദേശിയായ അശ്വതിയും ഗർഭസ്ഥ ശിശുവുമാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ചികിത്സാപിഴവ് എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.
ആശുപത്രിക്കെതിരെ കുടുംബം അത്തോളി പോലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് അവർ പോലീസിനെ സമീപിച്ചത്.

ഇന്നലെ പുലർച്ചെയാണ് ഗർഭസ്ഥ ശിശു മരണപ്പെട്ടത്. തുടർന്ന് അശ്വതിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് കുടുംബം ചികിത്സാ പിഴവ് ആരോപണം ഉന്നയിച്ചത്. വിവേകാണ് മരണപ്പെട്ട അശ്വതിയുടെ ഭർത്താവ്.
ഗുരുതരമായ ആരോപണമാണ് ആശുപത്രി അധികൃതർക്ക് എതിരെ യുവതി കുടുംബം ഉന്നയിക്കുന്നത്. സെപ്റ്റംബർ ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലുള്ള മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വേദന വരാത്തതിനെ തുടർന്ന് ചൊവ്വാഴ്‌ച മരുന്ന് വെച്ചിരുന്നു. എന്നാൽ സ്ഥിതി മാറാത്തതോടെ ബുധനാഴ്‌ചയും മരുന്ന് വയ്ക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇതിന് ശേഷം ബുധനാഴ്ച്ച ഉച്ചയോടെ യുവതിക്ക് പ്രസവ വേദന വരികയായിരുന്നു. സാധാരണ സുഖ പ്രസവം തന്നെ നടക്കുമെന്നായിരുന്നു ഈ സമയം ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ രാത്രിയായിട്ടും വേദന സഹിക്കാൻ വയ്യാതായതോടെ യുവതി സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഡോക്‌ടറും ആശുപത്രി അധികൃതരും അതിന് കൂട്ടാക്കാതെ വരികയായിരുന്നു.
ഇന്നലെ പുലർച്ചയോടെ ഗർഭപാത്രം തകർന്ന് അശ്വതിയുടെ കുഞ്ഞ് മരണപ്പെട്ടു എന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. ഗർഭപാത്രം ഉടൻ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ യുവതിയുടെ ജീവൻ അപകടത്തിലാകുമെന്നും ഇവർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് കുടുംബത്തിന്റെ സമ്മതത്തോടെ ഗർഭപാത്രം നീക്കം ചെയ്യാമെന്ന് അധികൃതർ പറയുകയായിരുന്നു.
എന്നാൽ ഇന്നലെ വീണ്ടും അശ്വതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നിരുന്നു. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതോടെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ബന്ധുക്കൾ ഉയർത്തുന്നത്.












Click it and Unblock the Notifications