പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ മത്സരിക്കും, വ്യവസായികള്‍ക്ക് താല്‍പര്യം യുപി; രാജീവ് ചന്ദ്രശേഖര്‍
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശ യാത്രയെ വിമര്‍ശിച്ച് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ നിക്ഷേപം വരാന്‍ മുഖ്യമന്ത്രി വിദേശത്തേക്ക് പോകേണ്ടതില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം നിക്ഷേപകരെ അകറ്റിനിര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ വാക്കുകളിലേക്ക്...

വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തേക്കാള്‍ ഉത്തര്‍പ്രദേശിനോട് താല്‍പര്യം കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോഡലോ സീതാറാം യെച്ചൂരിയുടെ മോഡലാണോ നാടിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടയെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോടെ വിമുഖതയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലും ജനകീയനാണെന്ന് ബി ജെ പിയോടുള്ള കേരളത്തിന്റെ മനോഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ലോകം എന്തും വിളിച്ച് പറയാവുന്ന വേദിയായി മാറുന്നത് അംഗീകരിക്കാനാവില്ല. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതൊന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല. സോഷ്യല്‍ മീഡിയ നിയന്ത്രണം അനിവാര്യമാണെന്നും ഇതിന് വേണ്ടി ചട്ടങ്ങല്‍ രൂപീകരിക്കും. ഇതിന് വേണ്ടി പൊതുജനാഭിപ്രായം തേടുമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിയുടെ വിദേശ യാത്ര സന്ദര്‍സനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരും ഇതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നും അതിനായി യാത്ര നടത്തുന്നതില്‍ തെറ്റില്ല എന്നുമാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. യാത്രകളിലൂടെപല രാജ്യങ്ങളുടെയും അവസ്ഥ പഠിക്കാനാകും. അവിടം സന്ദര്‍ശിക്കുന്നതിലൂടെ അതെല്ലാം കേരളത്തിന് ഗുണകരമാകുമെന്നും ജയരാജന്‍ പറഞ്ഞു. വിദേശയാത്ര ഒഴിവാക്കിയാല്‍ സാമ്പത്തിക പ്രശ്‌നം തീരുമോ എന്നും ജയരാജന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ പശ്ചാത്തലത്തില്‍ മന്ത്രി മുഹമ്മദ് റിയാസും നിലപാട് വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷ മന്ത്രിമാര്‍ ഒരു ധൂര്‍ത്തിനും വിധേയരാകുന്നവരല്ലെന്നും ആവശ്യാനുസരണം വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. എല്ലാ കാലത്തും എല്ലാവരും വിദേശ യാത്ര നടത്താറുണ്ട്. ഏറ്റവുമധികം വിദേശയാത്ര നടത്തേണ്ടി വരുന്നത് ടൂറിസം വകുപ്പിനാണ്. എന്നാല്‍ ഇത്തവണ ടൂറിസം മന്ത്രി നടത്തിയ വിദേശയാത്രകള്‍ കുറഞ്ഞു പോയെന്നാണ് പൊതുവേയുള്ള നിരീക്ഷണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പതിനഞ്ചിലേറെ വിദേശ യാത്രകളാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം നടത്തിയിരിക്കുന്നത്. യുഎഇ, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെല്ലാം സര്‍ക്കാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. അമേരിക്കയിലേക്ക് പോയതും ചര്‍ച്ചകള്‍ നടത്തിയതും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടിയായിരുന്നു. യുഎഇയിലേക്ക് പോലീസ് നവീകരണം പഠിക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ സന്ദര്‍ശനം നടത്തിയത്.

ഇപ്പോള്‍ ബ്രിട്ടന്‍, ഫിന്‍ലന്‍ഡ്, നോര്‍വേ എന്നിവിടങ്ങളിലേക്കാണ് മുഖ്യമന്ത്രിയും സംഘവും പോകുന്നത്. യാത്ര അനുമതിക്കായിട്ടുള്ള നടപടി ക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ലോക മാതൃകകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളം ദരിദ്രമായ സംസ്ഥാനമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications