വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ല എന്ന ഭീഷണിയാണിത്: രാജേഷിന് പിന്തുണയുമായി എകെ ബാലന്‍
തിരുവനന്തപുരം: 1921 ലെ മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയ വാരിയം കുന്നത്ത് മുഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ച് കേരള നിയമസഭാ സ്പീക്കര്‍ എംബി രാജേഷ് നടത്തിയ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത്. സ്പീക്കര്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. പ്രസ്താവനയില്‍ എംബി രാജേഷ് മാപ്പ് പറയണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ തന്‍റ നിലപാടില്‍ ഒരു തിരുത്തും ഉണ്ടാവില്ലെന്നായിരുന്നു എംബി രാജേഷ് വ്യക്തമാക്കിയത്. ഇപ്പോഴിതാ വിഷയത്തില്‍ എംബി രാജേഷിന് പിന്തുണയുമായി മുതിര്‍ന്ന നേതാവ് എകെ ബാലനും രംഗത്ത് എത്തിയിരിക്കുകയാണ്.
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

സ്പീക്കറുടെ വീട്ടിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനെ രൂക്ഷമായ ഭാഷയിലാണ് എകെ ഭാലന്‍ വിമര്‍ശിക്കുന്നത്. മലബാർ കലാപത്തെയും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും കുറിച്ച് അഭിപ്രായം പറഞ്ഞതിന് സ്‌പീക്കർ ശ്രീ. എം ബി രാജേഷിന്റെ വീട്ടിലേക്ക് ബിജെപി നടത്തിയ മാർച്ച് ജനാധിപത്യ മര്യാദയില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

മലബാർ കലാപത്തെക്കുറിച്ച് എം ബി രാജേഷ് പറഞ്ഞത് സിപിഐ എമ്മിന്റെ അഭിപ്രായമാണ്. രാഷ്ട്രീയ അഭിപ്രായങ്ങളെ രാഷ്ട്രീയമായി നേരിടണം. വീട്ടിലേക്ക് മാർച്ച് നടത്തി അക്രമം നടത്തുകയായിരുന്നു ബിജെപി ലക്ഷ്യം. ആർഎസ്‌എസിനെതിരെ പറഞ്ഞാൽ സ്‌പീക്കറായാലും വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ല എന്ന ഭീഷണിയാണിത്. സംഭവത്തിൽ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എകെ ബാലന്‍ ആവശ്യപ്പെടുന്നു.

മധ്യപ്രദേശിലെ ആർഎസ്‌എസ് നേതാവ് കുന്തൻ ചന്താവത്ത് മുഖ്യന്ത്രി പിണറായി വിജയന്റെ തലകൊയ്‌താൽ ഒരു കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്‌തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ അടിക്കുമെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞതും അതിന്റെ തുടർച്ചയാണ്. എം ബി രാജേഷിന് ഗുജറാത്തിൽ നിന്നടക്കം വീട്ടിലേക്ക് ഭീഷണി വരുന്നു. ഇത് നിസാരമായി കാണാനാവില്ല.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രാജ്യസ്‌നേഹത്തെക്കുറിച്ച് പറഞ്ഞ ചരിത്രകാരൻ എം ജി എസ് നാരായണൻ, എ ബി വാജ്‌പേയ് സർക്കാരിന്റെ കാലത്ത് ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാനായിരുന്നു. എം ജി എസ് നാരായണന്റെ ചില നിലപാടുകളോട് സിപിഐ എമ്മിന് വിയോജിപ്പുണ്ട്. എന്നാൽ ചരിത്രത്തോട് അദ്ദേഹം നീതിപുലർത്തിയിട്ടുണ്ടെന്നും എകെ ബാലന്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ താല്‍പര്യങ്ങളാലാണ് വാരിയം കുന്നനെ സ്വാതന്ത്ര സമര രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നായിരുന്നു എംജിഎസ് വ്യക്തമാക്കിയത്.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഭഗത്‌സിങ്ങും മരണത്തെ സ്വീകരിച്ച രീതിയാണ് എം ബി രാജേഷ് പ്രതിപാദിച്ചത്. അവരുടെ ധീരതയ്‌ക്ക് സമാന സ്വഭാവമുണ്ടായിരുന്നു. നേരിട്ടുനിന്ന് വെടിവച്ച് കൊല്ലാനാണ് ഇരുവരും ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടത്.
സ്പീക്കർക്കെതിരായ നീക്കത്തിൽ ജനാധിപത്യ വിശ്വാസികളും സാംസ്കാരിക രംഗത്തുള്ളവരും ശക്തമായി പ്രതിഷേധിക്കണം. ഇത് സ്പീക്കർക്കെതിരായ ഒറ്റപ്പെട്ട നീക്കമായി കാണാനാവില്ല. എം ബി രാജേഷിന് ഇതിനു മുമ്പ് നിരവധി വധ ഭീഷണികളും ഊമക്കത്തുകളും കിട്ടിയിട്ടുണ്ട്. എവിടേക്കാണ് നമ്മുടെ രാജ്യത്തെ സംഘപരിവാർ കൊണ്ടുപോകാൻ ശ്രമിക്കുന്നത് എന്നതിന്റെ തെളിവാണിത്. ഒരു അഭിപ്രായം പ്രകടിപ്പിച്ചു എന്നതിന്റെ പേരിൽ വീട്ടിലേക്കുള്ള കടന്നുകയറ്റം തനി ഫാസിസ്റ്റ് രീതിയാണ്.

1921 ലെ മലബാർ കലാപത്തെ കുറിച്ച് സി പി ഐ എമ്മിന്റെ കാഴ്ചപ്പാട് ഇ എം എസ് എഴുതിയ ആഹ്വാനവും താക്കീതും എന്ന പുസ്തകത്തിൽ വ്യക്തമായി പറയുന്നുണ്ട്. അതിൽ നിന്ന് മാറി ചിന്തിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ടും ഒറ്റപ്പെട്ട ചില വ്യതിയാനങ്ങൾ ഉണ്ടാകാം. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽകരിക്കാനാണ് ബി ജെ പി ശ്രമിച്ചത്. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് അമിതാവേശം കാട്ടുന്നത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വിശ്വാസ്യതയെ ബാധിക്കും. കാരണം, ഇന്നത്തെ മുസ്ലിം ലീഗിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ആണെന്നതുകൊണ്ട് ലീഗിന്റെ ഒരു പരാമർശവും പൊതുസമൂഹം മുഖവിലക്കെടുക്കില്ല.

മുസ്ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരാണ്, മുസ്ലിം ലീഗിന്റെ തലതിരിഞ്ഞ നേതൃത്വത്തോട് അമർഷമുള്ളവരാണ്. തീവ്ര വർഗീയ നിലപാടുള്ള ചിലരോട് പ്രതിസന്ധി ഘട്ടങ്ങളിൽ ലീഗ് നേതൃത്വം സഹായം ആവശ്യപ്പെടാറുണ്ട്. ജമാ അത്തെ മുസ്ലിം ലീഗ് നേതൃത്വത്തെ സ്വാധീനിക്കാൻ കഴിയുന്ന ശക്തിയാണ്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒന്നും പറയാതിരിക്കുകയെന്നതാണ് ചരിത്രത്തോട് മുസ്ലിം ലീഗിന് ചെയ്യാവുന്ന നീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും












Click it and Unblock the Notifications