'മുഖ്യമന്ത്രി സൂര്യൻ,കുന്തം, കുടച്ചക്രം..കരിഞ്ഞില്ലെങ്കിൽ 51 വെട്ട് വെട്ടി കരിച്ച് കളയും'; വിഡി സതീശൻ
കോഴിക്കോട് : സ്തുതിപാഠകവൃന്ദത്തിന് ഇടയിലാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി സൂര്യനാണ് കഴുകനാണ് കാരണഭൂതനാണ് കുന്തമാണ് കുടച്ചക്രമാണ് ദൈവത്തിന്റെ വരദാനമാണ് എന്നൊക്കെ മന്ത്രിമാര്‍ തന്നെ പറയുകയാണ്. ഇതൊക്കെ കേട്ട് മയങ്ങി ഇരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്തുതിപാഠകരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കും സംഭവിച്ചതാണ് പിണറായി വിജയനും സംഭവിച്ചിരിക്കുന്നത്. സ്തുതിപാഠകര്‍ക്കിടയില്‍ പെട്ടുപോയ എല്ലാ ഭരണാധികാരികള്‍ക്കും ചരിത്രത്തില്‍ ദുരന്തമാണ് ഉണ്ടായിട്ടുള്ളത്. പി ജയരാജന് വേണ്ടി പാട്ട് ഇറക്കിയപ്പോള്‍ വ്യക്തിപൂജയാണെന്ന് പറഞ്ഞ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി സൂര്യനാണെന്നും അടുത്തേക്ക് പോയാല്‍ കരിഞ്ഞു പോകുമെന്ന് പറയുന്നത്. കരിഞ്ഞു പോയില്ലെങ്കില്‍ വീട്ടിലേക്ക് ഇന്നോവ കാര്‍ അയച്ച് 51 വെട്ടുവെട്ടി കരിയിച്ചു കളയും.

ഒരാള്‍ സൂര്യനാണെന്ന് പറയുമ്പോഴാണ് മറ്റൊരാള്‍ കഴുകനാണെന്നും മറ്റൊരാള്‍ കാരണഭൂതനാണെന്നും വേറൊരാള്‍ ദൈവത്തിന്റെ വരദാനമാണെന്നുമാണ് പറയുന്നത്. ശരിക്കും ആരാണ് പിണറായി വിജയന്‍? അയാള്‍ ആരായാലും കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയും പൂട്ടാറായി, ആശുപത്രികളില്‍ മരുന്നില്ല, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങി, ജീവനകാര്‍ക്കും കരാറുകാര്‍ക്കും കോടികളാണ് കുടിശിക നല്‍കാനുള്ളത്, പട്ടികജാതിക്കാര്‍ക്ക് മൂന്ന് കൊല്ലമായി അനുകൂല്യങ്ങളില്ല, ലൈഫ് മിഷന്‍ സ്തംഭിച്ചു, വികസന പരിപാടികളും നിലച്ചു. ഇതൊക്കെയാണ് നാട്ടിലെ സാഹചര്യമെന്നിരിക്കെയാണ് സ്തുതിപാഠക സംഘം ഇറങ്ങി മുഖ്യമന്ത്രി പുതിയ അവതാരമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ദയനീയ സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്.
സിപിഎമ്മിന്റെ ജീര്‍ണത എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പിണറായിയെ സ്തുതിച്ചുള്ള വീഡിയോ. ഇതു തന്നെയാണ് മോദിക്ക് വേണ്ടി ബി.ജെ.പിയും ചെയ്യുന്നത്. അതേരീതിയിലാണ് പിണറായിയെയും അവതരിപ്പിക്കുന്നത്. ഇത് കേട്ട് കേരളത്തിലെ ജനം ചിരിക്കുമെന്ന് മനസിലാക്കാനുള്ള ബോധം പോലും ഇല്ലാത്തവരായി സിപിഎം നേതൃത്വം അധപതിച്ചു.
കേരളം കണ്ട ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്കാണ് സംസ്ഥാനം കൂപ്പ് കുത്തുന്നത്. യു ഡി എഫ് പുറത്തിറക്കിയ രണ്ട് ധവള പത്രങ്ങളിലും അപകടകരമായ അവസ്ഥയിലേക്കാണ് സംസ്ഥാനം പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കേരളീയത്തിനും നവകരള സദസിനും പണം പരിച്ചത് ഉദ്യോഗസ്ഥരാണ്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പിരിവ്. നികുതി വെട്ടിപ്പുകാരുടെ പറുദീസയാണ് കേരളം. ഇതിനൊക്കെ എതിരെയാണ് യു ഡി എഫും കോണ്‍ഗ്രസും സമരം ചെയ്യുന്നത്.
പ്രതിപക്ഷ നേതാവിന്റെ നഗരസഭ വരെ നവകേരള സദസിന് പണം നല്‍കിയെന്നാണ് ഏഴ് നവകേരള സദസിന്റെ വേദികളിലും മുഖ്യമന്ത്രി പരിഹസിച്ചത്. കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി മന്ത്രിയുടെ ഓഫീസില്‍ നിന്നും സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയാണ് പണം കൊടുപ്പിച്ചത്. നവകേരള സദസിന്റെ സംഘാടകസമതി കൈപ്പറ്റിയ ഒരു ലക്ഷം രൂപയും അവര്‍ തന്നെ നഗരസഭയില്‍ തിരിച്ചടച്ചെന്ന് മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ പറയണം.
പോയ് കക്കൂസ് കഴുകെടാ എന്ന് പൊലീസിനോട് പറഞ്ഞ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ മറ്റൊരു ഉദ്യോഗസ്ഥന്‍ ലാളിച്ചാണ് വണ്ടിയില്‍ കയറ്റിയത്. കണ്ണൂരില്‍ എം എല്‍ എ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചു. പൊലീസിന്റെ പിടിപ്പുകേടാണ് അക്രമത്തിന് കാരണമെന്ന് കല്യാശേരി ഏരിയാ സെക്രട്ടറി പറഞ്ഞു. എം.വി ജയരാജനും നിരന്തരമായി പൊലീസിനെതിരെ ആക്ഷേപം ഉന്നയിക്കുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും പാര്‍ട്ടി നേതാക്കള്‍ പൊലീസുമായി സംഘര്‍ഷത്തിലാണ്. പൊലീസിനെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണ്. പൊലീസിനെ അപമാനിക്കുമ്പോള്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എവിടെ പോയിരിക്കുകയാണ്? എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ ഭരിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ പൊലീസിനെ അപമാനിക്കുന്നത് കണ്ടിട്ട് മുഖ്യമന്ത്രിക്ക് നാണമാകുന്നില്ലേ?', വിഡി സതീശൻ ചോദിച്ചു.












Click it and Unblock the Notifications