വണ്ടിപ്പെരിയാർ കേസ്; മകളെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി കിട്ടിയേ തീരൂ, മറുപടി വേണമെന്ന് സതീശൻ
വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതി കുറ്റം സമ്മതിക്കുകയും പ്രതിയുമായെത്തി പൊലീസ് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. എന്നിട്ടും കേസ് കോടതിയില്‍ പരാജയപ്പെട്ടതിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
'വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചപറ്റി. പ്രതിയുടെ സി.പി.എം ബന്ധത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടോയെന്ന് സംശയമുണ്ട്. ഒരമ്മയുടെ ചങ്ക് പൊട്ടിയുള്ള നിലവിളി മുഖ്യമന്ത്രിയും സര്‍ക്കാരും കേള്‍ക്കണം. അവർക്ക് നീതി ഉറപ്പാക്കാത്ത എന്ത് നവകേരളമാണ് നിങ്ങൾ നിർമ്മിക്കുന്നത്.

കോടതി വിധി നിരാശാജനകമാണെന്ന് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ വിധിയിൽ അതീവ ദുഃഖിതരാണ്. അവരുടെ കണ്ണുനീരിന് മുന്നിൽ നമുക്ക് മറുപടിയില്ല. വാളയാർ പെൺകുട്ടികളുടെ ചിത്രം ഒരു നോവായി അവശേഷിക്കുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നത് അത്യന്തം ദുഃഖകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
'വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണ്. പ്രതിയുടെ പാർട്ടി ബന്ധം കണക്കിലെടുത്ത് പോലീസ് തുടക്കം മുതൽ തന്നെ മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്ന ആരോപണം ശക്തമാണ്. കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും ആരോപണമുണ്ട്.
പ്രതിക്ക് രാഷ്ട്രീയ സംഘടനയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചത്. എന്നാൽ കേസിൽ പ്രതിയായഅന്നുതന്നെ ഇയാളുടെ അംഗത്വം റദ്ദാക്കിയതായി ഡി.വൈ.എഫ്.ഐ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ വിധിയിൽ അതീവ ദുഃഖിതരാണ്. അവരുടെ കണ്ണുനീരിന് മുന്നിൽ നമുക്ക് മറുപടിയില്ല. വാളയാർ പെൺകുട്ടികളുടെ ചിത്രം ഒരു നോവായി അവശേഷിക്കുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നത് അത്യന്തം ദുഃഖകരമാണ്', സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications