'പണപ്പെട്ടിയുള്ളത് ക്ലിഫ് ഹൗസില്‍'; രാജേഷിന്റെ പാതിരാനാടകം പൊളിഞ്ഞെന്ന് സതീശന്‍
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയില്‍ അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്ന് സതീശന്‍ ആരോപിച്ചു. പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയില്‍ അല്ല എന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും ഭാര്യാസഹോദരനുമാണ് റെയ്ഡിന് പിന്നില്‍ എന്നും അദ്ദേഹം പറഞ്ഞു. എം ബി രാജേഷ് രാജി വെക്കണം എന്നും അല്ലെങ്കില്‍ രാജി വെപ്പിക്കും എന്നും സതീശന്‍ വ്യക്തമാക്കി. 'സി പി എം - ബി ജെ പി നേതൃത്വങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണ് റെയ്ഡ് നടന്നത്. റെയ്ഡ് സംബന്ധിച്ച് പൊലീസ് വിശദീകരണത്തില്‍ വൈരുധ്യങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടമായ ബി ജെ പിയും അവര്‍ക്ക് എല്ലാ സഹായവും ചെയ്ത് കൊടുക്കാന്‍ നിന്ന സി പി എ. നേതൃത്വവും ജാള്യത മറയ്ക്കാന്‍ നടത്തിയ പാതിരാനാടകമാണ് അരങ്ങിലെത്തും മുന്‍പേ ദയനീയമായി പൊളിഞ്ഞത് എന്നും സതീശന്‍ വ്യക്തമാക്കി. രാജേഷും ഭാര്യാസഹോദരനായ സി പിഎം. നേതാവും ചേര്‍ന്ന് തയ്യാറാക്കിയതാണ് ഇതിന്റെ തിരക്കഥ എന്നും അദ്ദേഹം ആരോപിച്ചു.
ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദുകൃഷ്ണയുടെയും മുറിയിലേക്കാണ് പൊലീസ് ആദ്യം പോയത്. കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറികളെ ലക്ഷ്യമാക്കി വനിതാ നേതാക്കളെ അപമാനിക്കാനാണ് ഇത് ചെയ്തത് എന്നും സതീശന്‍ പറഞ്ഞു. സമീപത്തെ മുറികളില്‍ താമസിച്ചിരുന്ന ബി ജെ പിയുടെ വനിതാ നേതാക്കളുടെ മുറിയില്‍ വനിതാ പൊലീസ് എന്തുകൊണ്ട് പരിശോധന നടത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.
ഈ സര്‍ക്കാര്‍ കേരള പൊലീസിനെ ഏറ്റവും നാണംകെട്ട പൊലീസാക്കി മാറ്റി. ഏറ്റവും വലിയ അടിമക്കൂട്ടമാണ് പൊലീസ്. റെയ്ഡ് നടത്താന്‍ പോകുന്ന വിവരം കൈരളി ടിവി എങ്ങനെയാണ് നേരത്തെ അറിഞ്ഞത് എന്നും അവരെ അറിയിച്ചിട്ടാണോ പൊലീസ് റെയ്ഡ് നടത്താന്‍ പോയത് എന്നും സതീശന്‍ ചോദിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് ഹോട്ടലില്‍ ഡി വൈ എഫ് ഐയുടേയും ബി ജെ പിയുടേയും പ്രവര്‍ത്തകര്‍ എത്തിയതെങ്ങനെയാണ്.
അവര്‍ക്ക് ഹോട്ടലിന്റെ വരാന്തയിലേക്കും റിസപ്ഷനുള്ളിലേക്കും കയറാന്‍ സൗകര്യമുണ്ടാക്കി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത് എന്നും സതീശന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications