ഗുണ്ട പ്രയോഗം തിരിച്ചടിച്ചു; മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു... വിഡി സതീശന്‍ ജോജുവിനെ വിളിക്കും
കൊച്ചി: നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടാണ് വൈറ്റിലയില്‍ കോണ്‍ഗ്രസ് ഉപരോധ സമരത്തിനിടെ പ്രശ്‌നമുണ്ടാക്കിയത് എന്ന ആരോപണം പൊളിഞ്ഞു. ജോജു മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ജോജുവിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ സിനിമാ മേഖലയിലും പ്രതിഷേധം ശക്തമാണ്. ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി സംസാരിച്ചു.
വഴി തടഞ്ഞുള്ള സമരത്തോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് വ്യക്തമക്കിയ സതീശന്‍ ജോജുവിനെ വിളിച്ചു സംസാരിക്കും. അതേസമയം, തന്റെ വാഹനം സ്ത്രീകളിലൊരാള്‍ ആക്രമിക്കുന്നത് കണ്ടുവെന്നും എന്റെ അമ്മയും കോണ്‍ഗ്രസുകാരിയാണെന്നും ജോജു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ....

നടന്‍ ജോജുവിനെ തെരുവ് ഗുണ്ട എന്ന് കെ സുധാകരന്‍ അധിക്ഷേപിച്ചതില്‍ പ്രതിഷേധമുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജോജുവിന്റെ വാഹനം തകര്‍ത്തത് ഒരിക്കലും അംഗീകരിക്കാനാകില്ല. ജോജുവിന്റെ വാഹനത്തിന് അടുത്ത് രോഗികളുണ്ടായിരുന്നു. ഈ അവസ്ഥ ചൂണ്ടിക്കാട്ടാനാണ് ജോജു ശ്രമിച്ചത്. പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ വാക്കേറ്റമുണ്ടാകുന്നത് സ്വാഭാവികമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വാഹനം തകര്‍ത്തത്തിലും ഗുണ്ട പരാമര്‍ശത്തിലും ഞങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിഡി സതീശനെ വിളിച്ച് ഇക്കാര്യം സംസാരിച്ചു. ജോജുവിനെ വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരമെന്ന് സിനിമാ മേഖലയിലുള്ള മറ്റു ചിലരും ചോദ്യം ഉന്നയിച്ചു.

അതേസമയം, ജോജുവിനെതിരെ കടുത്ത പ്രതിഷേധം തുടരുകയാണ് കോണ്‍ഗ്രസ്. തൃശൂര്‍ മാളയിലെ ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പോലീസ് ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞു. ജോജുവിന്റെ കാര്‍ വൈറ്റില ബൈപ്പാസില്‍ വച്ച് സമരക്കാര്‍ ആക്രമിക്കുകയും ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു. ജോജു സ്ത്രീകളോട് മോശമായി പെരുമാറി എന്നാണ് കോണ്‍ഗ്രസ് ആരോപണം.

താന്‍ മദ്യപിച്ചിട്ടില്ല. സ്ത്രീകളോട് മോശമായി സംസാരിച്ചിട്ടില്ല. ഷൈന്‍ ചെയ്യാന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. റോഡില്‍ ഷോ നടത്തിയതല്ല. എന്റെ തൊട്ടടുത്ത വണ്ടിയില്‍ കീമോയ്ക്ക് കൊണ്ടുപോകേണ്ട കൊച്ചുകുട്ടിയുണ്ടായിരുന്നു. പോലീസ് വണ്ടിയില്‍ കൊണ്ടുപോയി എന്റെ ബ്ലഡ് എടുപ്പിച്ചു. കള്ളുകുടിച്ചില്ല എന്ന് ഞാന്‍ തെളിയിക്കേണ്ടി വന്നു. അതിലും വല്യ നാണക്കേടെന്താണെന്നും ജോജു ചോദിക്കുന്നു.

മോളും അമ്മയും പെങ്ങളുമൊക്കെ എനിക്കുണ്ട്. സ്ത്രീയോട് മോശമായി പെരുമാറുന്ന ആളല്ല ഞാന്‍. എന്റെ അമ്മ കോണ്‍ഗ്രസുകാരിയാണ്. പ്രതിഷേധിച്ചത് ശരിയാണ്. അതാണ് ഞാന്‍ മോശമായി പെരുമാറിയെന്ന് ആരോപിക്കാന്‍ കാരണം. ഒരു ചേച്ചി എന്റെ വണ്ടിയില്‍ കയറിയിരുന്ന് തല്ലിപ്പൊളിക്കുകയായിരുന്നു. എന്താ കാണിക്കുന്നതെന്ന് അവര്‍ ചിന്തിക്കണമെന്നും ജോജു പറഞ്ഞു.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ജോജു മദ്യപിച്ചാണ് ബഹളം വച്ചത് എന്നായിരുന്നു എറണാകുളം ഡിസിസി അധ്യക്ഷന്‍ ഷിയാസിന്റെ ആരോപണം.

വഴിതടയല്‍ സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എറണാകുളത്തെ പ്രതിഷേധത്തിനിടെ അനിഷ്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. അതേസമയം, ജോജുവിനെ ക്രമിനല്‍ എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിശേഷിപ്പിച്ചത്. ഗുണ്ടയെ പോലെയാണ് അദ്ദേഹം പാഞ്ഞടുത്തതെന്നും പോലീസ് നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications