മാസപ്പടി വിവാദം; പാർട്ടി സെക്രട്ടറി എല്ലാം പറഞ്ഞിട്ടുണ്ട്, കാർഡ് കൊടുക്കാൻ എന്റെ ചിരിച്ച ഫോട്ടോ താരം'
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി മന്ത്രി പി മുഹമ്മദ് റിയാസ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സെക്രട്ടറിയും ഇതു സംബന്ധിച്ച നിലപാടു വ്യക്തമാക്കിയതാണെന്നും മാധ്യമങ്ങൾ എന്തൊക്കെ ചോദിച്ചാലും ഇക്കാര്യത്തിൽ ഇതുമാത്രമേ തനിക്ക് പറയാനുള്ളൂവെന്നും റിയാസ് പറഞ്ഞു.
'വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന വിശദമായി വന്നിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയും ഇക്കാര്യത്തിൽ വിശദമായി മറുപടി നൽകുകയും പാർട്ടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാധ്യമപ്രവര്‍ത്തകരാണെന്ന് തോന്നുന്നു. മനഃസാക്ഷിക്ക് വിരുദ്ധമായി ചിലര്‍ക്ക് പറയേണ്ടി വരുന്നു.സ്വാതന്ത്ര്യദിനം ആശംസിക്കുമ്പോഴും ഉടമകളുടെ രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് നില്‍ക്കേണ്ട ഗതികേട് നിങ്ങള്‍ക്കുണ്ട്. എൽഡിഎഫും സിപിഎമ്മും ഇടതുപക്ഷസര്‍ക്കാരും ഇതൊക്കെ കുറേ നേരിട്ടതാണ്.

2016 മുതല്‍ 2021 വരെ അഞ്ചുവര്‍ഷ കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെ എങ്ങനെയാണ് ഉടമകളുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിതമായി വേട്ടയാടപ്പെട്ടത് നാം കണ്ടതാണ്. 2016 മുതല്‍ 2021 വരെയുള്ള അന്തിചര്‍ച്ചകള്‍ കേട്ട് വിശ്വസിച്ച് മലയാളികള്‍ പോളിങ് ബൂത്തില്‍ പോയിരുന്നെങ്കില്‍ എല്‍ ഡി എഫിന് മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും കെട്ടിവെച്ച പണം ലഭിക്കില്ലായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിന്റെ ഫലം യഥാര്‍ഥത്തില്‍ രാഷ്ട്രീയ താത്പര്യം കാത്തുസംരക്ഷിക്കുന്ന മാധ്യമ ഉടമകള്‍ക്കേറ്റ കനത്തപ്രഹരം കൂടിയാണ്. അന്തിച്ചർച്ചകളുടെ ചർച്ചാവിഷയങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നാണ് ഫലം തെളിയിച്ചത്.
ഇപ്പോള്‍ കുറേ ദിവസമായി ഇതെടുക്കുന്നുണ്ട്. അത് അതിന്റേതായ രീതിയില്‍ പോട്ടെ. പ്രൊമോ കാര്‍ഡിലൊക്കെ എന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. ആ ചിത്രങ്ങള്‍ ചിരിച്ചിട്ടുള്ളതാണ്. പേടിച്ചുകാണുന്ന മുഖം വരുന്നതാണ് നല്ലത്. അതിന് പറ്റിയൊരു ഫോട്ടോഗ്രാഫറെ പറഞ്ഞയച്ചാല്‍ ആ നിലയില്‍ പോസ് ചെയ്തു തരാം. ഇനി മുതല്‍ അത് കൊടുക്കുന്നതാവും കുറേക്കൂടി വിഷയത്തിന് അനുസരിച്ച് നല്ലതെന്ന് തോന്നുന്നു.
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തെയും റിയാസ് വിമർശിച്ചു.'പ്രധാനമന്ത്രി ഇന്ന് ആദ്യമായി ഒരു കാര്യം കേട്ടതുപോലെയാണ് മണിപ്പുർ വിഷയത്തിൽ ഇന്ന് സംസാരിച്ചത്. അദ്ദേഹം ഇവിടെയൊന്നുമല്ല, ഇന്നു ജനിച്ചൊരു കുട്ടിയെപ്പോലെയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസംഗം. യഥാർഥത്തിൽ എന്തു വായിക്കണം എന്ന ഒരു പൗരന്റെ അവകാശം ഹനിക്കുന്ന ഒരു വലിയ നിലപാട് വന്നിരിക്കുകയാണ്.
ലൈബ്രറികളിൽ പുസ്തകങ്ങൾ ഉൾപ്പെടെ ഏതു വേണം എന്നു നിശ്ചയിക്കുന്ന തീരുമാനം വന്നു. ലൈബ്രറികളിൽ സംഘപരിവാറിന്റെ ആശയം വായിക്കാൻ നിർബന്ധിതരാകുന്ന തലത്തിലുള്ള തീരുമാനങ്ങൾ വരാൻ പോകുകയാണ്. ഈ സ്വാതന്ത്ര്യദിനത്തിൽ ഏറ്റവും ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയം ഇതാണ്'- റിയാസ് പറഞ്ഞു.












Click it and Unblock the Notifications