'പിണറായി വിജയൻ ഭക്തനാണ്, മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ അദ്ദേഹം മാത്രം'; അയ്യപ്പ സംഗമത്തിൽ വെള്ളാപ്പള്ളി
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്ന അവകാശവാദവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ കാറിലായിരുന്നു വെള്ളാപ്പള്ളി ചടങ്ങിനെത്തിയത്. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണെങ്കിലും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നതിന്റെ ആവശ്യമില്ലെന്നാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്.

പിണറായി വിജയന്റെ കാറിൽ വന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയാണ് വെള്ളാപ്പള്ളി നടേശൻ നൽകിയത്. 'മുഖ്യമന്ത്രി പിണറായി വിജയനെ എനിക്ക് അത്രയേറെ ഇഷ്‌ടമാണ്. അദ്ദേഹത്തെ ഞാനും എന്നെ അദ്ദേഹവും മുമ്പ് പൊക്കിക്കൊണ്ട് നടന്നിട്ടുള്ളതാണ്. അടുത്ത തവണ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വേറെയാരെയും മുഖ്യമന്ത്രിയാക്കിയിട്ട് കാര്യമില്ല' എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
'യോഗ്യന്മാരുണ്ടായിരിക്കാം, പക്ഷേ, ഇവരെയെല്ലാം കൊണ്ട് നടക്കാനുള്ള ലീഡര്‍ഷിപ്പ് ക്വാളിറ്റി പിണറായിക്ക് മാത്രമാണുള്ളത്. എല്ലാത്തിനേയും മെരുക്കിക്കൊണ്ട് പോകാനുള്ള ശക്തി പിണറായിക്കുള്ളത് പോലെ ഇടതുപക്ഷത്ത് മറ്റാര്‍ക്കും തന്നെയില്ല. അപ്പുറത്ത് യുഡിഎഫില്‍ തമ്മിലടിയാണ്. യുഡിഎഫ് അപ്രസക്തമായി കൊണ്ടിരിക്കുകയാണ്' വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
തിരുത്തിയ രീതിയിലാണ് സർക്കാരിന്റെ സമീപനം മുൻകാല അനുഭവങ്ങൾ എൽഡിഎഫിനുണ്ട്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകൾ പിൻവലിച്ചാൽ അതിന്റെ ഗുണം സർക്കാരിന് ലഭിക്കും. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണ്. പ്രതിപക്ഷം ഷണ്ഡൻമാരാണ്; അദ്ദേഹം പറയുന്നു.
'ഈ പറയുന്നവരെല്ലാം ആദര്‍ശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്‌റ്റുകാർ തന്നെയാണ്. പണ്ട് ഏതാണ്ടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ട് തവണ വട്ടം വന്നിട്ടുണ്ട്. ഭക്തനല്ലെങ്കില്‍ പിന്നെ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ? ഇവര്‍ക്കൊക്കെ മനസില്‍ ഭക്തിയുണ്ട്' വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, ആഗോള അയ്യപ്പ സംഗമം പമ്പയിൽ വച്ചാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തത്. ശബരിമലയിലേത് മതാതീത ആത്മീയതയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞത്. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാടിന്റെ രണ്ട് മന്ത്രിമാര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്‌റ്റാലിന് പങ്കെടുക്കണം എന്നുണ്ടായിരുന്നു. എന്നാൽ മറ്റു കാരണങ്ങള്‍ക്കൊണ്ടാണ് അദ്ദേഹം വരാതിരുന്നതെന്നും മുഖ്യമന്ത്രി ചടങ്ങിനിടെ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മൂവായിരത്തിൽ അധികം പ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.












Click it and Unblock the Notifications