ഓപറേഷന്‍ ബ്ലാക്ക് ബോര്‍ഡില്‍ കുടുങ്ങി ഉദ്യോഗസ്ഥര്‍; കടുത്ത നടപടി എന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കുടുങ്ങി ഉദ്യോഗസ്ഥര്‍. ഓപറേഷന്‍ ബ്ലാക്ക് ബോര്‍ഡ് എന്ന പേരിലായിരുന്നു സംസ്ഥാത്തുനീളം വ്യാപക മിന്നല്‍ പരിശോധന. കണ്ടെത്തിയ വിഷയങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേരുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇടനിലക്കാരായി പ്രവര്‍ത്തിച്ച മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. വകുപ്പ് തലത്തില്‍ അടിയന്തര അന്വേഷണ സമിതിയെ നിയോഗിക്കും. ജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ: ''വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ നടത്തിയ 'ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്' എന്ന സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ വിഷയങ്ങള്‍ അതീവ ഗൗരവത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നത്.
പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനും, പൊതുവിദ്യാഭ്യാസ മേഖലയുടെ സുതാര്യത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേരുള്ളതോ, വ്യക്തമായ തെളിവ് ലഭിച്ചതോ ആയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകും. വിജിലന്‍സിന്റെ തുടര്‍ പരിശോധനകള്‍ക്ക് എല്ലാ പിന്തുണയും നല്‍കും.
കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും, ഇടനിലക്കാരായി പ്രവര്‍ത്തിച്ച റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. വകുപ്പ് തലത്തില്‍ ഒരു അടിയന്തിര ആഭ്യന്തര അന്വേഷണ സമിതിയെ രൂപീകരിക്കും. അഴിമതിക്ക് വഴിവെച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും.
പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍/ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റും. അപേക്ഷകള്‍ വൈകിപ്പിക്കുന്നത് തടയാന്‍ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കും.
വിദ്യാഭ്യാസ വകുപ്പില്‍ അഴിമതിക്ക് ഒരു സ്ഥാനവുമില്ല. ഒരു ഉദ്യോഗസ്ഥനും നിയമത്തിന് അതീതരല്ല. പൊതുവിദ്യാഭ്യാസ മേഖലയെ അഴിമതിമുക്തമാക്കാനുള്ള ദൃഢനിശ്ചയം സര്‍ക്കാരിനുണ്ട്. തുടര്‍ പരിശോധനകള്‍ക്ക് ശേഷമുള്ള അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.''












Click it and Unblock the Notifications