' ഞാന്‍ വന്ന് കാലുപിടിക്കാം, അവള്‍ എന്നെ തല്ലിക്കോട്ടെ,'; വിജയ് ബാബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്. വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലം ആണ് പുറത്തുവന്നിരിക്കുന്നത്.
പരാതി പുറത്ത് അറിഞ്ഞാല്‍ താന്‍ മരിക്കുമെന്നും പോലീസുകാര്‍ ഇത് ആഘോഷിക്കും എന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ വന്ന് കാലുപിടിക്കാം എന്നും അതിജീവിത തന്നെ തല്ലിക്കോട്ടെ എന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നുണ്ട്.
ഫോണ്‍ സംഭാഷണം വായിക്കാം:


ഫോണ്‍ സംഭാഷണം വായിക്കാം:
വിജയ് ബാബു: ഞാന്‍ പറയുന്നത് അഞ്ച് മിനിറ്റ് കേള്‍ക്കണം. ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നത് ആണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം.

ഞാന്‍ ഈ കുട്ടിക്ക് നല്ലതുമാത്രമേ ചെയ്തിട്ടുള്ളൂ. 'യൂ തിങ്ക് അബൗട്ട് മൈ മദര്‍ , യൂ തിങ്ക് അബൗട്ട് ഹെര്‍ മദര്‍' ഇത് വെളിയില്‍ പോയാല്‍ പോലീസുകാര്‍ സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്ക് അറിയാം.
അതിജീവിതയുടെ ബന്ധു: എനിക്കും അതിന്റെ അവസ്ഥകള്‍ അറിയാം. നിങ്ങള്‍ അവളെ ട്രിഗര്‍ ചെയ്തു. അവളുടെ കൈയില്‍ നിന്ന് പോയി കാര്യങ്ങള്‍.

വിജയ് ബാബു: എനിക്ക് മനസിലായി, ഞാന്‍ ട്രിഗര്‍ ചെയ്തു. അത് സത്യം ആണ്. പക്ഷേ, അതിന് പരിഹാരമുണ്ട്. ഞാന്‍ മാപ്പ് പറയാം. ഞാന്‍ വന്ന് കാലുപിടിക്കാം. അവള്‍ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ, പക്ഷേ, ഇത് വെളിയില്‍ നാട്ടുകാര്‍ സെലിബ്രേറ്റ് ചെയ്യാന്‍ സമ്മതിക്കരുത്. ഞാന്‍ ട്രിഗര്‍ ചെയ്തു, സമ്മതിച്ചു. അതിന് സൊലൂഷന്‍ ഇല്ലേ. അതിന് പോലീസ് കേസാണോ, നാളെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ,
ഇതാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന സംഭാഷണം.

അതേസമയം, കേസില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തത്. നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഇന്ന് മുതല്‍ ജൂലൈ 3 വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ വൈകീട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാം.

അടുത്ത മാസം മൂന്നാം തീയതി വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് ചോദ്യം ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ് ബാബുവിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്നാണ് നടി നല്‍കിയ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 22നാണ് നടി പരാതി നല്‍കിയത്. വിജയ് ബാബുവിനെതിരെ യുവ നടി പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്ത് രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ ബലാത്സംഗത്തിനും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ ഇയാള്‍ രാജ്യം വിടുകയായിരുന്നു.ഇതിന് പിന്നാലെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിന് ശേഷമാണ് വിജയ് ബാബു നാട്ടിലേക്ക് എത്തിയത്.

വിജയ് ബാബുവിന് ഉപാധികളോടെ ആണ് കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാനും സംസ്ഥാനം വിട്ട് പോകരുത് എന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചു. സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയെ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
വിജയ് ബാബു തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്ന്
അതിജീവിത പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അതിജീവിതയുടെ അച്ഛനുംെ ഇക്കാര്യം പറഞ്ഞിരുന്നു.












Click it and Unblock the Notifications