'വിയോജിപ്പ് പ്രകടിപ്പിക്കാം, തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ആർക്കുമില്ല': വിനയ് ഫോർട്ട്
കൊച്ചി: 'വിത്തിൻ സെക്കൻഡ്‌സ്' എന്ന സിനിമയ്ക്കെതിരെ മോശം റിവ്യൂ നൽകുന്നതിനിടെ സോഷ്യൽമീഡിയയിൽ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ കയ്യേറ്റം നടന്നിരുന്നു. സിനിമ കാണാതെ റിവ്യൂ പറഞ്ഞെന്നാരോപിച്ചായിരുന്നു കയ്യേറ്റം. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്.
സന്തോഷ് വർക്കിയെ മർദ്ദിച്ചത് അങ്ങേയറ്റം ദയനീയമായ കാര്യം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതും നിങ്ങളുടെ അവകാശമാണ്. അത് ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു. കൊള്ള എന്ന തന്റെ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ അയാളെ തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ലോകത്തിലുള്ള ആർക്കും ഇല്ല, വിനയ് പറഞ്ഞു. ഒരു സിനിമ കാണാം. അതിനേക്കുറിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ പറയേണ്ട രീതിയിൽ പറയണമെന്നും വിനയ് ഫോർട്ട് പറഞ്ഞു. ആശയങ്ങൾ ആശയങ്ങളായിട്ട് കമ്യൂണിക്കേറ്റ് ചെയ്യണം എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും വിനയ് പറഞ്ഞു.
" പരസ്പര ബഹുമാനം ഉണ്ടാകണം. അല്ലാതെ എനിക്ക് നിങ്ങളെ ഇരട്ടപ്പേര് വിളക്കാനോ, ഭയങ്കര അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിക്കാനോ ഉള്ള അധികാരം ആരും തന്നിട്ടില്ല. സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതും നിങ്ങളുടെ അവകാശമാണ് . അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ല. അങ്ങേയറ്റം ദയനീയമായ കാര്യം ആണ് സന്തോഷ് വർക്കിക്ക് നേരെ നടന്നത്. കാരണം ഒരാളേയും കയ്യേറ്റം ചെയ്യാനുള്ള അധികാരം ആർക്കുമില്ല. നമ്മളൊക്കെ മനുഷ്യരാണ്", വിനയ് ഫോർട്ട് പറഞ്ഞു.
അതേസമയം, സന്തോഷ് വർക്കിയെ കൈകാര്യം ചെയ്തതിൽ സന്തോഷം ഉണ്ടെന്നാണ് പ്രൊഡക്ഷൻ കൺട്രോളറും നടനുമായ എൻ എം ബാദുഷ പറഞ്ഞത്. സിനിമയുടെ പിന്നിലെ വിഷമം ഇത്തരക്കാർ മനസിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി 'വിത്തിൻ സെക്കൻഡ്‌സ്' നിർമാതാവ് സംഗീത് ധർമരാജൻ രംഗത്തെത്തിയിരുന്നു.
സന്തോഷ് വർക്കിയെ തങ്ങളുടെ ഭാഗത്ത് നിന്നും ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമ കാണാതെയാണ് സന്തോഷ് വർക്കി റിവ്യൂ പറഞ്ഞതെന്നും കാര്യങ്ങൾ ചോദിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications