സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം: 126 പരാതികള്‍, അതിക്രമം നേരിട്ടവരില്‍ വനിതാ പോലീസും
തിരുവന്തപുരം: സർക്കാർ ഓഫീസുകളിൽ വനികൾക്ക് എതിരായ അതിക്രമത്തിന്റെ കണക്കുകൾ പുറത്ത്. മൂന്ന് വർഷത്തിനിടെ 126 പരാതികൾ ലഭിച്ചതിൽ 26 പരാതികളിൽ പരിഹാരം കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. വനിതാ പോലീസ് ഉദ്യോഗസ്ഥരും അതിക്രമം നേരിട്ടിട്ടുണ്ട് എന്നാണ് സർക്കാർ രേഖ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പരാതി. 31 പരാതികളാണ് തലസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റത്തിന് ശേഷമുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എറണാകുളത്ത് 15 പരാതികളാണ്. തൃശൂർ 26 പരാതികൾ, മലപ്പുറം 10 പരാതികൾ എന്നിങ്ങനെയാണ് ഈ ജില്ലകളിൽ നിന്ന് ലഭിച്ച പരാതികൾ. 126 പരാതികളിൽ 26 പരാതികളിൽ ഇനിയും തീർപ്പ് കല‍്പിക്കാനുണ്ട്. ബാക്കി 100 പരാതികൾ പരിഹരിച്ചു എന്നാണ് സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ പറയുന്നത്.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സജീവ ചർച്ച നടക്കുന്നതിനിടെയാണ് സർക്കാർ മേഖലയിലും തൊഴിലിടത്തിൽ ചൂഷണം നേരിടുന്നുണ്ട് എന്ന് രേഖകൾ വ്യക്തമാക്കുന്നത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം വ്യക്തമാക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമ കളക്ടീവിന്റെ ( ഡബ്ല്യൂ സി സി ) ആവശ്യം പരിഗണിച്ചാണ് 2017 നവംബർ 16 ന് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകൾ ഉള്ള റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി.












Click it and Unblock the Notifications