വിഷ്ണുപ്രിയയുടെ കൊലപാതകം: പരാജയ ജീവിതവും കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം: കെകെ ശൈലജ
കണ്ണൂർ: പാനൂര്‍ വള്ള്യായിലെ വിഷ്ണുപ്രിയയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ചു. വിഷ്ണുപ്രിയയുടെ കൊലപാതകം ഞെട്ടലുളവാക്കുന്നതും പുതുതലമുറയില്‍ നിലനില്‍ക്കുന്ന പക്വതയില്ലായ്മയെ വെളിവാക്കുന്നതുമാണെന്ന് മുന്‍മന്ത്രിയും മട്ടന്നൂർ എംഎല്‍എയുമായ കെകെ ശൈലജ. പ്രണയം നിരസിക്കപ്പെട്ടാല്‍ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കുമെല്ലാം എത്തപ്പെടുന്ന യുവത്വം നമുക്ക് ചുറ്റും വളര്‍ന്നുവരികയാണ്.
പുരോഗമനോന്മുഖമെന്ന് പറയുമ്പോഴും സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനും ചെറുത്ത് തോല്‍പ്പിക്കാനും നമുക്ക് കഴിയണമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു. വിഷ്ണുപ്രിയയുടെ വീട് സന്ദർശിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു എം എല്‍ എ.

പരാജയത്തിന് ശേഷമുള്ള ജീവിതങ്ങളെ കൂടി നാം കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. ബന്ധങ്ങളെ പക്വതയോടെ തെരഞ്ഞെടുക്കാന്‍ കഴിയുന്നവരായി നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണം. കുട്ടികളുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്നൊരന്തരീക്ഷം നമ്മുടെ വീടിനകത്ത് വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും കെകെ ശൈലജ പറഞ്ഞു.

പ്രണയപ്പക വലിയൊരു സാമൂഹ്യ പ്രശ്‌നമായി നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നുവരികയാണ്. കുടുംബത്തിനും നാടിനും സമൂഹത്തിനും തുണയാവേണ്ട പ്രതിഭാധനരായ യുവത്വമാണ് ഇത്തരം സംഭവങ്ങളിലൂടെ ഇല്ലാതാവുന്നത്. പ്രണയിക്കപ്പെടുകയെന്നതുപോലെ അത് നിരസിക്കപ്പെടാനുള്ള സാധ്യതയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരായി നമ്മുടെ പുതുതലമുറ ഇനിയും ഏറെ മാറേണ്ടതുണ്ട്.

പ്രണയം പറയാനുള്ള സ്വാതന്ത്ര്യം പോലെ അത് നിരസിക്കാനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കാന്‍ കഴിയണം. അരുതെന്ന മറ്റൊരാളുടെ മറുപടിയെ കൂടെ കേട്ടുവളരാനും അംഗീകരിക്കാനും കഴിയുന്നവരായി നമ്മുടെ തലമുറയെ നാം വളര്‍ത്തണം. നേട്ടങ്ങളില്‍ അഭിരമിക്കുന്നവര്‍ മാത്രമല്ല നഷ്ടങ്ങളെ അംഗീകരിക്കുന്നവര്‍ കൂടെയായി നമ്മുടെ പുതുതലമുറ വളര്‍ന്നുവരട്ടേയെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.

അതേസമയം, പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലും പ്രണയബന്ധത്തിൽ നിന്നും ഇറങ്ങി വന്നതിന്റെ പേരിലും സ്ത്രീകളെ ഏതുവിധേനയും ആക്രമിക്കാമെന്നും കൊലപ്പെടുത്താമെന്നുമുള്ള മനോഭാവമാണ് പലരും വെച്ച് പുലർത്തുന്നതെന്നായിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതികരണം.

പ്രണയപ്പകയുടെ ഒടുവിലത്തെ ഇരയായിരിക്കുകയാണ് പാനൂർ സ്വദേശി വിഷ്ണുപ്രിയ. സ്വന്തം വീട്ടിൽ വെച്ചാണ് വിഷ്ണുപ്രിയ കൊല ചെയ്യപ്പെട്ടിരിക്കുന്നത്. കൊലയ്ക്ക് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിയും അത്തരത്തിൽ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ദിവസങ്ങളോളം നിരീക്ഷിച്ചതിനു ശേഷം കൃത്യമായ പ്ലാനോടുകൂടിയാണ് പ്രതി കൊലപാതകം നടത്തിയിരിക്കുന്നതെന്നും സംഘടന പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

ഇത്തരം കൊലപാതകങ്ങൾ കേരളത്തിൽ വലിയൊരു സാമൂഹ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രണയവും പകയും പോലെ ഒരിക്കലും ചേരാത്ത രണ്ടു പദങ്ങളെ കൂട്ടിയോജിപ്പിക്കേണ്ടിവരുന്നത് അത്യന്തം വിരോധാഭാസമാണ്. പ്രണയബന്ധത്തിൽ അകപ്പെട്ടിരിക്കുന്ന രണ്ടുപേരിൽ ഒരാൾക്ക് ആ ബന്ധത്തിൽ നിന്നും ഇറങ്ങി പോകണം എന്ന് താല്പര്യമുണ്ടെങ്കിൽ അത് അനുവദിച്ചു കൊടുക്കാനുള്ള മനസ്സ് നമ്മുടെ പുതിയ തലമുറ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. അതൊരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ജനാധിപത്യപരമായി കാണിക്കേണ്ട മര്യാദയും ബഹുമാനവുമാണ്.

അത്യന്തം ഇടുങ്ങിയ ചിന്താഗതിയിൽ നിന്നുമാണ് ഇത്തരം കൊലപാതങ്ങളിലേക്കുള്ള വഴി തെളിയുന്നത്. NO എന്ന വാക്കിനെ അംഗീകരിക്കാൻ കഴിയാത്തവരായി നമ്മുടെ സമൂഹം മാറാതിരിക്കാനുള്ള ബോധവൽക്കരണവും മുൻകരുതലും നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. ലൈംഗിക വിദ്യാഭ്യാസവും സ്ത്രീ-പുരുഷ തുല്യതയെ കുറിച്ചുള്ള അവബോധവും പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകുമെന്നാണ് കരുതുന്നത്. ഇതിനുതകുന്ന കാര്യങ്ങൾ കരിക്കുലത്തിന്റെ ഭാഗമാക്കാനും ആവശ്യമായ കൗൺസിലിംഗ് സംവിധാനങ്ങൾ ഒരുക്കാനും നാം തയ്യാറാകണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications