വിസ്‌മയ കേസിലെ പ്രതി കിരൺ കുമാറിനെ വീടുകയറി തല്ലി യുവാക്കൾ; മൊബൈൽ ഫോൺ കവർന്നു
സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്‌മയ എം നായർ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കിരൺ കുമാറിനെ വീടുകയറി മർദിച്ചതിൽ നാല് യുവാക്കൾക്കെതിരെ കേസ്. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി ശൂരനാട് പൊലീസ് കേസടുത്തത്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന നാല് യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നില്‍ വെച്ചിരുന്ന വീപ്പകളില്‍ അടിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. ആ സമയത്ത് പുറത്തേയ്ക്ക് എത്തിയ കിരണിനെ മര്‍ദിക്കുകയായിരുന്നു. അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നു. മുമ്പും യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളില്‍ വീടിന് മുന്നിലെത്തി വെല്ലുവിളി നടത്തിയിരുന്നു. അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു.

2021 ജൂൺ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺ കുമാർ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണ്‍കുമാറിന് കഴിഞ്ഞ വര്‍ഷം ജൂലൈയിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ശിക്ഷാവിധി മരവിപ്പിക്കണമെന്ന കിരണിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനം എടുക്കും വരെയായിരുന്നു ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചത്












Click it and Unblock the Notifications