10 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്താന്‍ 15 ദിവസം മതിയോ? ഓഗസ്റ്റ് 22 വരെ സമയം വേണം എന്ന് മുസ്ലിം ലീഗ്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം നീട്ടണം എന്ന് മുസ്ലിം ലീഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ പത്ത് ലക്ഷത്തോളം വോട്ടര്‍മാര്‍ കുറവാണ്. ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പേര് ചേര്‍ക്കല്‍ നടപടിക്രമങ്ങള്‍ക്ക് 15 ദിവസം അപര്യാപ്തമാണ് എന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.
രണ്ടാഴ്ച മുമ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പട്ടിക പുറത്തിറക്കിയത്. ഓഗസ്റ്റ് ഏഴ് വരെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് തയ്യാറാക്കിയ പട്ടികയില്‍ വ്യാപകമായ പിശക് ഉണ്ട് എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നു. ഇത് ക്രമപ്പെടുത്തുന്നതിന് അനുവദിച്ച സമയം പോര എന്നാണ് ഉയരുന്ന അഭിപ്രായം. അപേക്ഷകള്‍ സ്വീകരിച്ച്, ആക്ഷേപങ്ങള്‍ പരിഹരിച്ച് പുതുക്കിയ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.

2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കും. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, കോളജ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെല്ലാം തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാം.
വാര്‍ഡ് പുനക്രമീകരണത്തിന്റെ ഭാഗമായി വോട്ടര്‍ പട്ടിക തയ്യാറാക്കുമ്പോള്‍ അപാകതകള്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് പിഎംഎ സലാം പറയുന്നത്. അതിരുകള്‍ക്ക് പുറത്തുള്ളവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്താന്‍ ഇപ്പോള്‍ അനുവദിച്ച സമയം മതിയാകില്ല. അതുകൊണ്ട് ഓഗസ്റ്റ് 22 വരെ സമയം വേണം എന്നും സലാം ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ''തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 22 വരെ ദീര്‍ഘിപ്പിക്കണം. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയക്ക് പരിമിതമായ സമയം മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്ത് ലോകസഭാ വോട്ടര്‍ പട്ടികയെക്കാള്‍ 10 ലക്ഷത്തോളം വോട്ടര്‍മാര്‍ തദ്ദേശസ്ഥാപന വോട്ടര്‍പട്ടികയില്‍ കുറവാണുള്ളത്.
ഇത്രയധികം വോട്ടര്‍മാരെ തദ്ദേശസ്ഥാപന വോട്ടര്‍ പട്ടികയിലേക്ക് ചേര്‍ക്കുന്നതിന് 15 ദിവസം എന്നത് അപര്യാപ്തമാണ്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഇതിനകം ലഭിച്ച അപേക്ഷകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. വാര്‍ഡ് പുനക്രമീകരണത്തിന്റെ ഭാഗമായി പട്ടിക തയ്യാറാക്കിയപ്പോള്‍ വ്യാപകമായ അപാകതകള്‍ സംഭവിച്ചിട്ടുണ്ട്.
അതിരുകള്‍ക്ക് പുറത്തുള്ള വോട്ടര്‍മാര്‍ ധാരാളമായി പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യം എല്ലായിടത്തുമുണ്ട്. ഇവ പരിഹരിക്കുന്നതിനും കൂടുതല്‍ സമയം ആവശ്യമാണ്. അര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നത് പ്രധാനമാണ്. ആയതിനാല്‍ പ്രത്യേക വിജ്ഞാപനം ഇറക്കി സമയം ദീര്‍ഘിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.''












Click it and Unblock the Notifications