പതിനേഴാം വയസിൽ ചെങ്കൊടി കൈയിലേന്തി, പിന്നെ ഇടവേളകൾ ഇല്ലാത്ത സമരങ്ങൾ; വിഎസ് വിടപറയുമ്പോൾ
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെയുള്ള വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു വിഎസ് അച്യുതാനന്ദൻ. സ്വന്തം പാർട്ടിയിൽ നിന്നുള്ളവർക്ക് മാത്രമല്ല രാഷ്ട്രീയമായി മറ്റ് ചേരിയിൽ ആയിരുന്നവർക്ക് പോലും സ്വീകാര്യൻ. കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ചരിത്രമെടുത്ത് പരിശോധിച്ചാൽ വിഎസിനെ പോലെയുള്ള മറ്റൊരു നേതാവിനെ നമുക്ക് അധികം കാണാൻ കഴിയില്ല.
ഇന്ത്യൻ കമ്മ്യൂണിസ്‌റ്റുകാരിൽ പഴയ തലമുറയിലെ അവസാന സഖാവ് കൂടിയായ വിഎസ് വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് ഒരു നൂറ്റാണ്ട് കാലത്തെ സമര ചരിത്രം കൂടിയാണ്. വിഎസിനെ കുറിച്ച് അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും, അറിയാത്തവരിൽ ഏറെയും പുതിയ തലമുറയിലെ കുട്ടികൾ ആയിരിക്കും.മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായും ഒക്കെ ചിരപരിചിതമായ വിഎസിന് അപ്പുറം അദ്ദേഹത്തിലെ സമര തീക്ഷ്‌ണതയെ കുറിച്ച് അറിയുന്നവർ ഈ തലമുറയിൽ വിരളമായിരിക്കും.

കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ എന്തുകൊണ്ട് വിഎസിനെ മാതൃകയായി ഉയർത്തിക്കാട്ടി എന്നും അദ്ദേഹതേ കൊണ്ടാടിയെന്നും അറിയേണ്ടവർക്ക് പതിറ്റാണ്ടുകൾ പിന്നിലേക്ക് പോവേണ്ടി വരും. അസ്സലൊരു ക്രൗഡ് പുള്ളർ എന്നതിലുപരി കേരളം സാക്ഷിയായ ഒട്ടേറെ ഐതിഹാസിക സമരങ്ങളുടെയും അമരത്ത് വിഎസ് എന്ന വ്യക്തി ഉണ്ടായിരുന്നു, അല്ലെങ്കിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്ന, പതിനഞ്ചാം വയസിൽ ജോലിക്ക് ഇറങ്ങേണ്ടി വന്ന കഠിനമായ ബാല്യത്തിന്റെ അനുഭവങ്ങളിൽ നിന്ന് കൗമാരത്തിൽ എത്തിയപ്പോൾ പതിനേഴാം വയസിൽ വിഎസ് ചെങ്കൊടി കൈയിലേന്തി. പിന്നീട് അഞ്ച് വർഷം മുൻപ് പൂർണമായ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത് വരെ ഏതാണ്ട് എട്ട് പതിറ്റാണ്ടോളം വിഎസ് അച്യുതാനന്ദൻ എന്ന ചുവന്ന സൂര്യൻ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ സജീവമായിരുന്നു.
സമരം തന്നെ ജീവിതം, സമരത്തിന് ഇടവേളകളും ഇല്ല
തന്റെ ജീവിതകഥ എഴുതാൻ തീരുമാനിച്ച വിഎസിനെ സംബന്ധിച്ച് പേരിന് വേണ്ടി കൂടുതൽ അന്വേഷണം നടത്തേണ്ടി വന്നില്ല. 'സമരം തന്നെ ജീവിതം' എന്ന ആത്മകഥ എഴുതിയ വിഎസ് അത് ജീവിതത്തിലും പകർത്തിയ ആളാണ്. സമരത്തിന് ഇടവേളകൾ ഇല്ലെന്ന മറ്റൊരു പുസ്‌തകവും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. പൊതുപ്രവർത്തനത്തിന് തിരശീല ഇടുന്നത് വരെ വിഎസ് പങ്കെടുത്തത് എണ്ണിയാൽ ഒടുങ്ങാത്ത സമരങ്ങളിൽ ആയിരുന്നു.
അഴിമതിക്കെതിരായി തുറന്ന, സന്ധിയില്ലാ സമരം നയിച്ച വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു വിഎസ്. ഈ പോരാട്ടം വിഎസിന് ആളുകൾക്ക് ഇടയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. ഇതിനെ ഭാഗമായി വിഎസ് കോടതികളിൽ നടത്തിയ പോരാട്ടങ്ങൾ ഏറെയുണ്ട്. കെ കരുണാകരൻ, ആർ ബാലകൃഷ്‌ണപിള്ള, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ ഇതിന്റെ ചൂടറിഞ്ഞ നേതാക്കളാണ്.
പുന്നപ്ര-വയലാറും വിഎസും
കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ അനുഭവിക്കുന്ന കൊടിയ യാതന കണ്ടില്ലെന്ന് നടിക്കാൻ വിഎസ് എന്ന സമര യൗവനത്തിന് സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് തൊഴിലാളികള്‍ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്. അമ്പലപ്പുഴ-ചേർത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കയർ തൊഴിലാളികളും ഒക്കെ സമരത്തിന് ഇറങ്ങുകയായിരുന്നു.
1946ൽ ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു, സഖാവ് വിഎസ് അച്യുതാനന്ദനും സമരത്തിന്റെ ഭാഗമായിരുന്നു. ഒടുവിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടെ കൂട്ടത്തിലേക്ക് പിൽക്കാലത്ത് പുന്നപ്ര വയലാറും കൂട്ടിച്ചേർക്കപ്പെട്ടു.
വെട്ടിനിരത്തൽ സമരം
1996-97 കാലത്ത് മാങ്കൊമ്പില്‍ വിഎസിന്റെ നേതൃത്വത്തില്‍ നടന്ന വെട്ടിനിരത്തില്‍ സമരവും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി. നെല്‍പ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകള്‍ തിരിയുന്നതിനെതിരെ ആയിരുന്നു പ്രധാനമായും ഈ സമരം. ഇതോടെ കർഷക തൊഴിലാളികൾക്ക് ജോലി നഷ്‌ടമാവുന്ന സാഹചര്യം ഉണ്ടാവുകയായിരുന്നു.
മറ്റ് സമരങ്ങൾ
മിച്ചഭൂമി സമരങ്ങളിലും പട്ടയസമരങ്ങളിളിലും നഴ്‌സുമാമാരുടെ സമരങ്ങളിലും ഒക്കെ വിഎസ് പലകാലത്തായി പങ്കാളിയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരായ സമരങ്ങളിലൂടെയും തൊഴിലാളി-സർവീസ് മേഖലയിലെ സമരങ്ങളിലൂടെയും ഒക്കെ അദ്ദേഹം തന്റെ ജീവിതസപര്യ കൃത്യമായി നടപ്പിലാക്കി കൊണ്ടിരുന്നു.
കേരളത്തിലെ കർഷകരുടെ അവകാശങ്ങൾക്കായി അദ്ദേഹം നയിച്ച സമരങ്ങളും മുൻപ് ശ്രദ്ധനേടിയിരുന്നു. കർഷകർക്കുള്ള ഭൂവകാശം, പട്ടയം, ഭൂസമരങ്ങൾ എന്നിവയിൽ വിഎസിന്റെ നേതൃത്വത്തിൽ നടത്തിയ പോരാട്ടങ്ങളാണ് പിൽക്കാലത്ത് കൂടുതൽ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 1950-60 കാലഘട്ടങ്ങളിലെ ഭൂസമരങ്ങളിൽ സജീവ പങ്കാളി കൂടിയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications