ഗുരുവായൂരിൽ പ്രസാദം വാങ്ങാനെത്തിയ സ്ത്രീയോട് കാവൽക്കാരന്റെ ക്രൂരത!തുടയെല്ല് പൊട്ടി ആശുപത്രിയിൽ
കാവൽക്കാരൻ തള്ളിയിട്ടതിനെ തുടർന്ന് കല്ലിൽ തട്ടി വീണാണ് കുഞ്ഞുലക്ഷ്മി അമ്മയുടെ തുടയെല്ല് പൊട്ടിയത്.
ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രസാദം വാങ്ങാൻ വരിനിൽക്കുന്നതിനിടെ കാവൽക്കാർ തള്ളിയിട്ട് വയോധികയുടെ തുടയെല്ല് പൊട്ടി. എരമംഗലം സ്വദേശിനി കുഞ്ഞുലക്ഷ്മി അമ്മ(70)യ്ക്കാണ് കാവൽക്കാരൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റത്.
തുടയെല്ല് പൊട്ടിയ കുഞ്ഞുലക്ഷ്മി അമ്മയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കാവൽക്കാരൻ തള്ളിയിട്ടതിനെ തുടർന്ന് കല്ലിൽ തട്ടി വീണാണ് കുഞ്ഞുലക്ഷ്മി അമ്മയുടെ തുടയെല്ല് പൊട്ടിയത്. ജൂലായ് 20 വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.

മരുമകളോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയ കുഞ്ഞുലക്ഷ്മി അമ്മ, പ്രസാദം ശീട്ടാക്കാനായി തെക്കേനടയിൽ വരിനിൽക്കുന്നതിനിടെയാണ് കാവൽക്കാരൻ തള്ളിയിട്ടത്. തിരക്ക് കൂട്ടുന്നുവെന്ന് പറഞ്ഞായിരുന്നു കാവൽക്കാരൻ കുഞ്ഞുലക്ഷ്മി അമ്മയെ തള്ളിയിട്ടത്. ആദ്യം ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച സ്ത്രീയെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞുലക്ഷ്മി അമ്മയുടെ മകൻ തിങ്കളാഴ്ച ദേവസ്വത്തിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയെ തുടർന്ന് ക്ഷേത്രം കാവൽക്കാരൻ പി ശിവശങ്കരനെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കുഞ്ഞുലക്ഷ്മി അമ്മയുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications