'അത് തെളിയിച്ചാല്‍ ശിഷ്ടകാലം കഴുതയായി ജീവിക്കാം'; എന്‍എസ് മാധവനെ വെല്ലുവിളിച്ച് മാരാര്‍
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാര്‍. എന്താണ് താന്‍ പറഞ്ഞത് എന്ന് നോക്കുക പോലും ചെയ്യാതെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ ട്രോള്‍ കണ്ട് അഭിപ്രായം പറഞ്ഞ മാധവനോട് സഹതാപം മാത്രമെ ഉള്ളൂ എന്ന് അഖില്‍ മാരാര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് കൊടുക്കുന്നത് മറ്റുള്ളവരുടെ കൈയില്‍ നിന്ന് പണം പിരിച്ചിട്ടാണ് എന്ന് എവിടെ എങ്കിലും താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ശിഷ്ടകാലം കഴുത ആയി ജീവിക്കാന്‍ തയ്യാറാണ് എന്ന് അഖില്‍ മാരാര്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍എസ് മാധവന്‍ എന്താണ് നല്‍കിയത് എന്നും മാരാര്‍ ആരാഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'പഠിപ്പും വിവരവും അറിവും ഉള്ള ബുദ്ധി ജീവി കമ്മിയുടെ അവസ്ഥ ഇതാണെങ്കില്‍ അന്തം കമ്മികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഞാന്‍ പറഞ്ഞത് എന്താണെന്ന് പോലും നോക്കാതെ കമ്മി ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന ട്രോള്‍ പോസ്റ്റുകള്‍ കണ്ട് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്ന എന്‍എസ് മാധവന്‍ സാറിനോട് സഹതാപം മാത്രം.
മാധവന്‍ സാറിനോടും അന്തം കമ്മികളോടും എനിക്ക് പറയാന്‍ ഉള്ളത് ഞാന്‍ വീട് വെച്ച് കൊടുക്കുന്നത് മറ്റുള്ളവരുടെ കൈയില്‍ നിന്ന് പണം പിരിച്ചിട്ടാണ് എന്ന് എവിടെ എങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ശിഷ്ടകാലം കഴുത ആയി ജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. മനസിലായില്ലേ നിങ്ങളുടെ കൂടെ കൂടിയേക്കാം.
NB: DYFI 25 വീട് വെച്ച് കൊടുക്കുന്നുണ്ട് മാധവന്‍ സാറേ.. നാട്ടുകാരുടെ കൈയില്‍ നിന്ന് പിരിച്ചിട്ടാണ്.... എന്തോ അവര്‍ക്കും എന്നെ പോലെ മുഖ്യമന്ത്രിയില്‍ വിശ്വാസമില്ല... പിന്നെ നാട്ടുകാരുടെ മുന്നില്‍ ബക്കറ്റ് എടുത്തു ഇറങ്ങി പിരിച്ചു പുട്ടടിച്ച പാര്‍ട്ടിയുടെ ഒരടിമ ആയ മാധവന്‍ സാറിനു ഒരുവന്‍ തന്റെ അദ്വാനത്തില്‍ നിന്ന് പണം സ്വമേധയാ നല്‍കുന്നത് ഉള്‍കൊള്ളാന്‍ പോലും കഴിയുന്നില്ല...
എന്തെന്നാല്‍ ദാനം കൊടുത്തല്ല ഇവര്‍ക്ക് ശീലം മറിച്ചു പിടിച്ചു പറിയാണ്...അതിരിക്കട്ടെ മാധവന്‍ സാര്‍ മുഖ്യമന്ത്രി യുടെ ആശ്വാസ നിധിയിലേക്ക് എന്ത് കൊടുത്തു... അത് കൂടി ഒന്ന് പറയണ്ടേ....'
നേരത്തെ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ താല്‍പര്യമില്ലെന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. പകരം മൂന്ന് വീടുകള്‍ വെച്ച് നല്‍കാം എന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും വന്നിരുന്നു. ദുരിതാശ്വാസനിധിക്കെതിരെ പ്രചരണം നടത്തി എന്നതിന്റെ പേരില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് അഖിലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് എന്‍ എസ് മാധവനും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. അഖില്‍ മാരാരുടെ പണം ആണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്നില്ല എന്നും പക്ഷേ മറ്റുള്ളവരുടെയും പണം സ്വരൂപിച്ച് ദുരന്തത്തില്‍ പെട്ടവര്‍ക്ക് വയനാട്ടില്‍ വീട് വെച്ച് നല്‍കുന്നത് ആണെങ്കില്‍ അത് അഴിമതിയായി തോന്നും എന്നുമായിരുന്നു മാധവന്റെ പ്രതികരണം.


Click it and Unblock the Notifications