അവരെല്ലാം പോയി, തിരികെ കിട്ടിയത് 3 പേരുടെ മൃതദേഹങ്ങള്‍: വേദനയോടെ സഹോദരന്റെ കാത്തിരിപ്പ്
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് പിന്നാലെ ഒരു കുടുംബത്തിലെ 12 പേരെ തിരഞ്ഞുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പലരും ഷെയർ ചെയ്തിരുന്നു. എവിടെയെങ്കിലും ജീവനോടെയുണ്ടാകും എന്ന പ്രതീക്ഷയില്‍ ബന്ധുക്കളിലാരോ പങ്കുവെച്ച ഫോട്ടോ സോഷ്യല്‍ മീഡിയയിലെ മറ്റുള്ളവരും ഷെയർ ചെയ്യുകയായിരുന്നു. എന്നാല്‍ ആ 12 പേരേയും ആർത്തലച്ച് എത്തിയ മലവെള്ളം കൊണ്ടുപോയി.

മുണ്ടക്കൈ പള്ളിക്ക് സമീപം താമസിച്ചിരുന്ന കളത്തിങ്കല്‍ കുഞ്ഞിമൊയ്തീൻ, ഭാര്യ ആയിഷ, മൂത്ത മകൻ മൻസൂർ, ഭാര്യ മുഹ്സിന, മകൻ നൗഫലിന്റെ ഭാര്യ സജ്ന, ഇവരുടെ മക്കൾ, പേരക്കുട്ടി നഫ്ല നസ്റിൻ എന്നിവരെയാണ് കാണാതായത്. ഇതില്‍ 3 പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെയായി തിരികെ കിട്ടിയതെന്നാണ് മുഹ്സിനയുടെ സഹോദരന്‍ ഷംസുദ്ധീന്‍ വണ്‍ഇന്ത്യ മലയാളത്തോടെ വ്യക്തമാക്കുന്നത്.
പെങ്ങളുടെ ഭർത്താവിന്റെ അളിയന്റെ ചെറിയ മകള്‍, ഭർത്താവിന്റെ ഉപ്പയും ഉമ്മയും എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെയായി കിട്ടിയത്. വേറെ ആരെക്കുറിച്ചും ഇതുവരെ ഒരു വിവരവുമില്ല. വീട് നിന്നിരുന്ന സ്ഥലത്ത് ഞങ്ങള്‍ കഴിഞ്ഞ ദിവസം ചെന്ന് നോക്കിയിരുന്നു. അവിടെ ഒന്നും ശേഷിക്കുന്നില്ല. ഇന്ന് അവിടെ തിരച്ചില്‍ നടക്കുന്നുണ്ട്. ബന്ധുക്കളില്‍ ചിലർ തിരച്ചില്‍ നടക്കുന്നിടത്തുണ്ടെന്നും അദേഹം പറയുന്നു.

മേപ്പാടി സിഎച്ച്സിക്ക് മുന്നില്‍ കാത്തിരിക്കുന്ന ഷംസുദ്ധീന്‍
മൂന്നാമത്തെ ദിവസമാണ് സിഎച്ച്സിക്ക് മുന്നിലെ ഈ കാത്തിരിപ്പ്. ഓരോ മൃതദേഹങ്ങള്‍ വരുമ്പോഴും തിരിച്ചറിയാനായി അവിടുന്ന് വിളിക്കും. ഞങ്ങള്‍ പോയി നോക്കും. ഇത് തന്നെയാണ് അവസ്ഥ. മുണ്ടക്കൈ പാടിയിലെ വീട്ടിലായിരുന്നു എന്റെ പെങ്ങള്‍ മുഹ്സിനയും കുടുംബവും താമസിച്ചിരുന്നത്. മഴകനത്തതോടെ സുരക്ഷയോർത്ത് അല്‍പ്പം കൂടി മുകളിലായുള്ള തറവാട് വീട്ടിലേക്ക് മാറുകയായിരുന്നു. അവിടെ പ്രശ്നമുണ്ടാകുമെന്ന് അവർ കരുതിക്കാണില്ലെന്നും ഷംസുദ്ധീന്‍ പറയുന്നു.
അതേസമയം, മുണ്ടക്കൈ, ചൂരൽമല മേഖലയിൽ
നാളെ (ഓഗസ്റ്റ് 2) മുതൽ
40 ടീമുകൾ തെരച്ചിൽ മേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന്
റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ.
മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
പട്ടാളം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതിന് പുറമെ വെള്ളിയാഴ്ച മുതൽ ചാലിയാർ കേന്ദ്രീകരിച്ച്
ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിലും തുടങ്ങും.
40 കിലോമീറ്ററിൽ ചാലിയാറിന്റെ
പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് തെരയുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications