'മുണ്ടക്കൈയിൽ ഉടൻ ക്ലിനിക്ക് ആരംഭിക്കും, രക്ഷാപ്രവർത്തകരും ചികിത്സതേടി എത്തുന്നുണ്ട്'; ജെഎച്ച്ഐ നവാസ്
വയനാട്: ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയായ മുണ്ടക്കൈയിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉടൻ ക്ലിനിക്ക് പ്രവർത്തനം തുടങ്ങുമെന്ന് ഇതിന്റെ ചുമതല വഹിക്കുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ നവാസ് വൺഇന്ത്യ മലയാളത്തോട്. നേരത്തെ തന്നെ ചൂരൽമല ഭാഗത്ത് ക്ലിനിക്ക് പ്രവർത്തനം തുടങ്ങിയെന്നും ഇവിടെ ധാരാളം പേർ ചികിത്സ തേടി എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'നിലവിൽ ചൂരൽമലയിൽ ഒരു ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ മുണ്ടക്കൈയിലും സമാനമായി ഒരു ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കും. ഇന്നലെ ബെയ്‌ലി പാലം തുറന്നതോടെ മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. ഡോക്‌ടർമാർ, നഴ്‌സുമാർ എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും അടങ്ങിയ ക്ലിനിക്കാവും പ്രവർത്തിക്കുക' അദ്ദേഹം പറഞ്ഞു.

'പ്രാഥമിക ചികിത്സയാണ് ഇവിടെ ലക്ഷ്യമിടുന്നത്. നിലവിൽ റെസ്ക്യൂ ടീമിന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമ്പോൾ ചികിത്സ ഉറപ്പാക്കാനും മറ്റുമാണ് ഈ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. അവർ ധാരാളമായി എത്തുന്നുണ്ട്. കൂടാതെ ആ ചുറ്റുവട്ടത്തുള്ള ആളുകൾ പനി, ജലദോഷം പോലെയുള്ള അസുഖങ്ങളുമായി ഇവിടേക്ക് വരുന്നുണ്ട്' നവാസ് വ്യക്തമാക്കി.
'ബിപിക്കും ഷുഗറിനും ഉൾപ്പെടെ മരുന്നുകൾ വാങ്ങാൻ കഴിയാത്ത പ്രദേശവാസികൾ ഉൾപ്പെടെ അവിടെ സഹായം തേടുന്നുണ്ട്. കൂടാതെ അടുത്ത് തന്നെ ആംബുലൻസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്. എന്തെങ്കിലും ഗുരുതരമായ സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ അവിടെ നിന്നും കൂടുതൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനായി മാറ്റും. വിംസ്, കൽപറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കും ഒക്കെയാണ് റഫർ ചെയ്യുന്നത്' അദ്ദേഹം പറയുന്നു.
നിലവിൽ മേഖലയിൽ മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എലിപ്പനി തടയാനായി അയ്യായിരത്തോളം ഡോക്‌സിസൈക്ലിൻ ഗുളികകൾ വിതരണം ചെയ്‌തിട്ടുണ്ട്. കൂടാതെ മഴക്കാല ജന്യ രോഗങ്ങളും മറ്റ് പകർച്ചവ്യാധികളും വരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാവരോടും മാസ്‌ക് ധരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നവാസ് വ്യക്തമാക്കി.
നിലവിൽ മേഖലയിൽ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഇല്ലെന്നും ആവശ്യത്തിന് സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 'ഡിപ്പാർട്മെന്റ് ഡോക്‌ടർമാർക്ക് പുറമേ മറ്റ് ആശുപത്രികളുടെ സേവനം കൂടി ഉറപ്പാക്കിയിട്ടുണ്ട്. ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ, ഇക്ര, മിംസ് തുടങ്ങിയ ഇടങ്ങളിൽ നിന്നും ഡോക്‌ടർമാർ സന്നദ്ധരാണ്. നിലവിൽ ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലും മറ്റ് സൗകര്യങ്ങളിലും കുറവൊന്നുമില്ല' അദ്ദേഹം പറഞ്ഞു.
'രക്ഷാപ്രവർത്തകർക്കും മേഖലയിൽ കഴിയുന്ന ആളുകൾക്കും ഉള്ള വൈദ്യസഹായമാണ് ഇവിടുത്തെ ക്ലിനിക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. മൂവായിരത്തോളം ആളുകൾ ഇവിടെ തുടരുന്നുണ്ട്. അവർക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കും. മാനസികാരോഗ്യ സേവനം സംബന്ധിച്ച തീരുമാനങ്ങൾ വൈകാതെ തന്നെ എടുക്കും. അത് ഉന്നത തലത്തിൽ തീരുമാനിക്കേണ്ട കാര്യമാണ്' നവാസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications