നാലാം ദിനം ആശ്വാസവാര്‍ത്ത; നാല് പേരെ ജീവനോടെ കണ്ടെത്തി, പുറത്തെത്തിച്ചു
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ തിരച്ചിലിനിടെ നാല് പേരെ ജീവനോടെ കണ്ടെത്തി എന്ന് സൈന്യം. പടവെട്ടിക്കുന്നില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത് എന്ന് കരസേനാംഗങ്ങള്‍ പറഞ്ഞു. രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളേയുമാണ് രക്ഷപ്പെടുത്തിയത്. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഒരു സ്ത്രീക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. ഒരു കുടുംബത്തിലെ നാല് പേരാണ് ഇവര്‍.
അപകടത്തില്‍ ഒറ്റപ്പെട്ട് പോയവരാണ് ഇവര്‍ എന്നും വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത് എന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ശൈലേഷ് ഏഷ്യാനെറ്റ് ന്യൂിനോട് പറഞ്ഞു. ദുരന്തം ബാധിച്ച സ്ഥലത്ത് നിന്ന് അല്‍പം മാറിയുള്ള സ്ഥലത്താണ് ഇവര്‍ അകപ്പെട്ടത്. 72 മണിക്കൂറായി പുറംലോകവുമായി ഒരു ബന്ധവും ഇവര്‍ക്കുണ്ടായിരുന്നില്ല. അതേസമയം നാല് പേരും മണ്ണിനടിയില്‍ ആയിരുന്നില്ല എന്നും വീട്ടിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത് എന്നം മേജര്‍ ജനറല്‍ വിടി മാത്യു പറഞ്ഞു.

പരിക്കേറ്റ സ്ത്രീയെ സ്‌ട്രെക്ചറില്‍ കൊണ്ടുവരും എന്നും ബാക്കിയുള്ളവര്‍ നടന്ന് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ പ്രദേശത്ത് സ്വമേധയാ തുടരുന്നവര്‍ വേറെയുമുണ്ട് എന്നും അവരെ താഴെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വിടി മാത്യു പറഞ്ഞു. 'മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരും വീട്ടിനുള്ളില്‍ താമസിക്കുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്. അത് അങ്ങനെ തന്നെ കാണണം,' അദ്ദേഹം വ്യക്തമാക്കി.
പുറത്തേക്ക് എത്താന്‍ കഴിയാതെ വീട്ടില്‍ കഴിയുകയായിരുന്നു നാല് പേരും എന്നാണ് വിവരം. ഉരുള്‍പൊട്ടിയതിന്റെ എതിര്‍വശത്തായിരുന്നു ഇവരുടെ വീട്. ഒരാള്‍ക്ക് കാലിന് പരുക്കേറ്റതിനാലാണ് വീട്ടിനുള്ളില്‍ കഴിഞ്ഞതെന്ന് പ്രാഥമിക നിഗമനം. വളര്‍ത്ത് മൃഗങ്ങള്‍ ഉള്ളതിനാല്‍ ഇവര്‍ വീട്ടില്‍നിന്ന് മാറിയില്ല. അയല്‍ക്കാരാണ് വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. ജീപ്പ് മാര്‍ഗം ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
എന്നാല്‍ ഉരുള്‍പൊട്ടലുണ്ടായ സമയത്തും ആ വീട് സേഫായത് കൊണ്ട് അവര്‍ അവിടെ തന്നെ തുടരുകയായിരുന്നു എന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് കണ്‍ട്രോള്‍ റൂമില്‍ അവിടെ നാല് പേരുണ്ട് എന്ന വിവരം ലഭിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അവിടെ എത്തി അവരുമായി സംസാരിച്ചു. ബന്ധുവീട്ടിലേക്ക് പോകാന്‍ അവര്‍ തയ്യാറായി.
എലവയല്‍ എന്ന സ്ഥലത്തേക്ക് പുത്തുമല വഴി അവര്‍ യാത്ര തിരിച്ചിട്ടുണ്ട്. കാലിന് പരിക്കേറ്റത് ഈ അപകടവുമായി ബന്ധപ്പെട്ടുണ്ടായതല്ല. നേരത്തെ തന്നെ ഉള്ളതാണ്. ഞങ്ങള്‍ സ്‌ട്രെക്ചര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളൊക്കെ കരുതിയിരുന്നു. പക്ഷെ അതുവഴി ജീപ്പ് വന്നപ്പോള്‍ സേഫായി കയറി പോയിട്ടുണ്ട്. ഇനിയൊരു അപകടം സംഭവിച്ചാല്‍ അവരെ പുറത്തെത്തിക്കുന്നതും രക്ഷാപ്രവര്‍ത്തനം നടത്തുന്നതും ബുദ്ധിമുട്ടായിരിക്കും.
അത് മുന്‍കൂട്ടി കണ്ട് അവരെ മാറ്റുകയായിരുന്നു. ഇനി അവിടെ ആരുമില്ല എന്നും തങ്ങള്‍ അവിടെ എല്ലാം പരിശോധിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications