ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും 4 കി.മീ അകലെവരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു: കെഎസ്ഇബി
വയനാട്: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കേന്ദ്രത്തില്‍ നിന്നും 4 കിലോ മീറ്റര്‍ അകലെ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു എന്ന് കെഎസ്ഇബി. ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. അവിടങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട് എന്നും കെഎസ്ഇബി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയോട് കൂടി തന്നെ ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും നാല് കിലോ മീറ്റര്‍ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിരുന്നു. ഇന്നലെ ദുരന്തം അറിഞ്ഞത് മുതല്‍ കെഎസ്ഇബി ജീവനക്കാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുത്. വൈദ്യുതി ബന്ധം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായതിനാല്‍ മണിക്കൂറുകള്‍ നീണ്ട അറ്റകുറ്റപ്പണികളാണ് കെഎസ്ഇബി ജീവനക്കാര്‍ പ്രദേശത്ത് നടത്തിയത്.

അതേസമയം വലിയ നഷ്ടമാണ് കെ എസ് ഇ ബിക്ക് സംഭവിച്ചിരിക്കുന്നത്. ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് മാത്രം ഏകദേശം മൂന്ന് കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്. മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഏകദേശം മൂന്നര കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ (11 കെവി) ലൈനുകളും 8 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ ഒഴുകിപ്പോവുകയും ആറ് ട്രാന്‍സ്‌ഫോര്‍മറുകള്‍ തകര്‍ന്ന് നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടത്തെ ആയിരത്തോളം വരുന്ന ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയായിരുന്നു. പ്രാഥമിക ജോലികള്‍ നിര്‍വഹിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും സബ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ വാഹനമടക്കം രണ്ട് ടീമുകളെ സജ്ജരാക്കിയിട്ടുണ്ട്.
വൈദ്യുതി പുന:സ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാന്‍സ്‌ഫോമറുകളും അനുബന്ധ സാമഗ്രികളും ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. കല്‍പ്പറ്റ 33 കെവി സബ്‌സ്റ്റേഷനിലെ വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു. കല്‍പ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികളിലും ബാക്ക് ഫീഡിംഗിലൂടെയാണ് വൈദ്യുതി എത്തിക്കുന്നത്.
മേപ്പാടി ടൗണിലും മേപ്പാടി ഗവ. ആശുപത്രി, വിംസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും കെഎസ്ഇബി അറിയിച്ചു. ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോ സാധിച്ചിട്ടില്ല. ദുരന്തം നടന്നതിനു മറുഭാഗത്തുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കണമെങ്കില്‍ തകര്‍ന്ന ലൈനുകള്‍ പുനഃസ്ഥാപിക്കണം.












Click it and Unblock the Notifications