Wayanad Landslide | വയനാട് ഉരുള്‍പൊട്ടല്‍: നാവിക സേനയും എത്തും, പാലം നിർമ്മിക്കാന്‍ ആർമി എഞ്ചിനീയറിങ് വിങ്
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെ രക്ഷാപ്രവർത്തനത്തിനായി കൂടുതല്‍ സൈന്യം എത്തുന്നു. കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളില്‍ നിന്നുള്ള സൈന്യമാണ് വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. അതേസമയം ആർമിയുടെ എഞ്ചിനീയറിങ് വിങ്ങും നാവികസേനയും ഉരുള്‍പൊട്ടല്‍ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് എത്തും. ഏഴിമലയില്‍ നിന്നാണ് നാവിക സേനയെത്തുന്നത്.
'രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.' മുഖ്യമന്ത്രി അറിയിച്ചു.

സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 'ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക.' മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോലീസിന്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications