'ഗുരുതരമായി പരിക്കേറ്റവർ, ഭക്ഷണമില്ലാതെ മണിക്കൂറുകളായി'; സഹായം കാത്ത് മുണ്ടക്കൈയിലെ റിസോർട്ടിലുള്ളവർ
വയനാട്: ഉരുൾപൊട്ടൽ ഏറെ നാശം വിതച്ച മുണ്ടക്കൈ മേഖലയിലെ റിസോർട്ടിൽ കുടുങ്ങിയവർ സഹായഹസ്‌തം കാത്തിരിക്കുന്നു. മണിക്കൂറുകളായി ജലപാനം പോലുമില്ലാതെയാണ് ഇവിടെ ഇവർ കഴിയുന്നത്. കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റവർ വരെ ഉൾപ്പെടുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ രക്ഷാപ്രവർത്തകരുടെ ഇടപെടൽ കാത്തിരിക്കുകയാണ് ഇവിടെ കുടുങ്ങി കിടക്കുന്നവർ.
മുണ്ടക്കൈയിലെ ട്രീവാലി റിസോർട്ടിലാണ് നൂറ്റിയമ്പതോളം പേർ കുടുങ്ങി കിടക്കുന്നത്. ഇന്നലെ രാത്രി രണ്ട് മണി മുതലാണ് റിസോര്‍ട്ടില്‍ കുടുങ്ങിയിരിക്കുന്നത്. സംഘത്തില്‍ പ്രായമായവും കുട്ടികളും സ്ത്രീകളും രോഗികളും ഒക്കെയുണ്ട് എന്നതാണ് ആശങ്കാജനകമായ കാര്യം. ഇവിടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാണെന്ന് റിസോർട്ടിൽ കഴിയുന്ന അസ്വാൻ എന്ന വ്യക്തിയെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു റൂമിനുള്ളിൽ തിങ്ങികഴിയുകയാണ് അവരെന്നും അപകടത്തിൽപെട്ട നിരവധി പേരെ രക്ഷപ്പെടുത്തി ഇവിടേക്ക് കൊണ്ട് വന്നിട്ടുണ്ടെന്നും അസ്വാൻ പറഞ്ഞു. ഇവരെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഇല്ലെങ്കിൽ മരണസംഖ്യ കൂടുമെന്നും അസ്വാൻ ചൂണ്ടിക്കാട്ടി. പുലർച്ചെ രണ്ട് മണി മുതൽ ഭക്ഷണവും വെള്ളവുമില്ലാതെ ജീവനും മുറുകെ പിടിച്ചു കഴിയുകയാണ് റിസോർട്ടിലെ മുഴുവൻ പേരും.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 250ഓളം പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സൂചന. കനത്ത മഴയും ചെളിയും മണ്ണും പാറകഷ്‌ണങ്ങളും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. സൈന്യത്തിന്റേയും എന്‍ടിആര്‍എഫിന്റേയും നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം നടക്കുന്നത്. ഫയർ ഫോഴ്‌സും പോലീസും രംഗത്തുണ്ട്.
നിലവിൽ മരണസംഖ്യ നൂറ് കടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് ദുരന്തത്തിൽ 108 പേർക്കാണ് ജീവൻ നഷ്‌ടമായത്. കൂടാതെ 98 പേരെ ഇനിയും ഇവിടെ നിന്നും കണ്ടെത്താനുണ്ട്. നൂറിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്, ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
വിംസ് ആശുപത്രിയില്‍ മാത്രം 82 പേര്‍ ചികിത്സയിൽ കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ മേപ്പാടി ആശുപത്രിയിൽ 27 പേരും കല്‍പ്പറ്റ ജനറൽ ആശുപത്രിയിൽ 13 പേരും ചികിത്സയിലുണ്ട്. പരിക്കേറ്റ് ചികിത്സ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണവും ഏറെയാണ്. ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച ചൂരൽമല ഭാഗത്ത് ഉൾപ്പെടെ കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തിന് തടസമാവുന്നുണ്ട്.












Click it and Unblock the Notifications