'എന്‍ഡിആര്‍എഫിനെ കേരളം ആവശ്യപ്പെട്ടത്, മുന്നറിയിപ്പ് തന്നിട്ടില്ല'; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമല്ല ഇത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തസാഹചര്യം വിശദീകരിച്ച് കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'കേന്ദ്ര ആഭ്യന്തരമന്ത്രി ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നിട്ട് കേരളം എന്താണ് ചെയ്തത് എന്നൊരു ചോദ്യമാണ് ചോദിച്ചിട്ടുള്ളത്. വസ്തുതകളെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് ആ ഘട്ടത്തിലുണ്ടായിരുന്നത്. അവിടെ 115 മില്ലി മീറ്ററിനും 204 മില്ലി മീറ്ററിനും ഇടയ്ക്ക് മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

എന്നാല്‍ എത്ര മഴയാണ് പെയ്തത്? ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്റര്‍, അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലി മീറ്റര്‍ മഴ. ഇതാണ് ഈ പ്രദേശത്ത് പെയ്തത്. മുന്നറിയിപ്പ് നല്‍കിയിരുന്നതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒരു തവണ പോലും ആ പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായതിന് ശേഷം രാവിലെ ആറ് മണിയോട് കൂടിയാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ ലാന്റ്‌സ്ലൈഡ് വാണിംഗ് സിസ്റ്റത്തിനായി ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. ജൂലൈ 23 മുതല്‍ 28 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിന് നല്‍കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല്‍ അതിലൊരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. 29 ന് ഉച്ചക്ക് ഒരു മണിക്ക് നല്‍കിയ മുന്നറിയിപ്പ് പോലും വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ടാണ്.
ഇതേദിവസം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ സംബന്ധിച്ച് വയനാട് ജില്ലയ്ക്കുള്ള 30, 31 തിയതികളില്‍ ഗ്രീന്‍ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഗ്രീന്‍ എന്നാല്‍ ചെറിയ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത എന്നാണ് അര്‍ത്ഥം. എന്നാല്‍ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്തിരുന്നു.

മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് കേന്ദ്ര ജല കമ്മീഷന്‍. അവരാണ് പ്രളയമുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവാദപ്പെട്ട സ്ഥാപനം. എന്നാല്‍ ജൂലൈ 23 മുതല്‍ 29 വരെയുള്ള ഒരു ദിവസം പോലും ജല കമ്മീഷന്‍ ഇരുവഴഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. എന്‍ഡിആര്‍എഫ് സംഘം വന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.
കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ എന്‍ഡിആര്‍എഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. അത് കേരളം ആവശ്യപ്പെട്ടതാണ്. ഒമ്പത് എന്‍ഡിആര്‍എഫ് സംഘം വേണമെന്ന ആവശ്യം കേരളം ഉന്നയിച്ചതാണ്. അപകടം നടന്ന സ്ഥലം ദുരന്തം ഉത്ഭവിച്ച സ്ഥലത്തിന്റെ ആറേഴ് കിലോമീറ്റര്‍ ഇപ്പുറത്താണ്. അവിടെ ആരും ഇത്തരം ദുരന്തം പ്രതീക്ഷിക്കുന്നില്ല.
അതാണ് സംഭവിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വന്നിട്ടുള്ള മാറ്റങ്ങള്‍ എല്ലാവരും മനസിലാക്കണം. ഒരു ദുരന്തമുണ്ടാകുമ്പോള്‍ ആരുടേയെങ്കിലും പിടലിക്കിട്ട് ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമോ?' മുഖ്യമന്ത്രി ചോദിക്കുന്നു.












Click it and Unblock the Notifications