വയനാട് ഉരുൾപൊട്ടൽ; ഇന്നും ജനകീയ തിരച്ചിൽ..ഇനി കണ്ടെത്താനുള്ളത് 126 പേരെ
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള ഇന്നും തിരച്ചിൽ നടക്കും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകളിലായിരിക്കും പ്രധാനമായും തിരച്ചിൽ. ജനകീയ തിരച്ചിലാണ് നടക്കുന്നത്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവർ തിരച്ചിലിന്റെ ഭാഗമാകും. രാവിലെ ഒന്‍പത്
മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തിരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ.
പുഴയുടെ ഭാഗങ്ങളിലും ഇന്ന് പ്രത്യേക തിരച്ചിൽ നടത്തും.ദുരന്തത്തിൽ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. നിലവിൽ 14 ക്യാമ്പുകളിലായി 1184 പേരാണ് കഴിയുന്നത്. അതിനിടെ വയനാട് ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചിരുന്നു.

നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾ താൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തനിവാരണനിധി ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും ബാക്കി ഭാഗം ഉടൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയുന്ന എല്ലാ കേന്ദ്ര ഏജൻസികളെയും അണിനിരത്തി, ദുരിതബാധിതരെ സഹായിക്കും. ദുരിതബാധിതരെ, പ്രത്യേകിച്ച് കുടുംബങ്ങളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ പുതിയ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നി പറഞ്ഞു. വയനാട്ടിലെ വീടുകളും സ്‌കൂളുകളും റോഡ് അടിസ്ഥാനസൗകര്യങ്ങളും കുട്ടികളുടെ ഭാവിയും പുനഃസ്ഥാപിക്കുന്നതിന് എല്ലാ നടപടികളും കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചിട്ടുണ്ട്. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു പോലുള്ള കാര്യങ്ങൾ വിശദമായി തന്നെ അറിയിക്കണമെന്ന നിർദ്ദേശവും പ്രധാനമന്ത്രി നൽകി.












Click it and Unblock the Notifications