വയനാട് ഉരുൾപൊട്ടൽ: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിച്ചു
തിരുവനന്തപുരം: വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനും ആയാണ് സ്പെഷ്യൽ ഓഫീസറെ നിയോഗിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേ സമയം മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ 84 ആയി. ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ സംസ്ഥാനം ഒട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെയ്ക്കേണ്ടതുമാണ്.

അതേ സമയം ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ചൂരൽമലയിലെ തകർന്ന പാലത്തിന് പകരം താത്ക്കാലിക പാലം നിർമ്മിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. മുണ്ടക്കൈയിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിച്ച് നൽകും. റോപ്പ് വഴി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരുന്നതായും മന്ത്രി കെ രാജൻ പറഞ്ഞു. എയർ ലിഫ്റ്റ് കാലാവസ്ഥ തടസ്സമാണ്.
ആവശ്യമെങ്കിൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരും. അതിനാവശ്യമായ ലൈറ്റുകൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ വഴി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ട് എന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.












Click it and Unblock the Notifications