'ദുരന്തബാധിതർക്ക് ഒപ്പം നിൽക്കുകയാണ് പ്രധാനം, കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; പ്രധാനമന്ത്രി
വയനാട്: ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചവർക്ക് ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറുകണക്കിന് ആളുകളുടെ സ്വപ്‌നങ്ങളാണ് തകർന്നതെന്നും കളക്‌ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തിൽ കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതബാധിതരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണെന്നും അതിനായി സർക്കാരുകൾ ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദുരിതബാധിതരും ഭാവി സംരക്ഷിക്കണമെന്നും അവർ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. താൻ പല ദുരന്തങ്ങളും നേരിൽ കണ്ടതാണെന്നും അതിനാൽ വിഷമം മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ നാശനഷ്‌ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്‌ടം ഉണ്ടായി, ഏത് രീതിയിൽ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ളവ അടങ്ങിയ മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്.
ദുരന്തവുമായി ബന്ധപ്പെട്ട സഹായങ്ങൾ പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ മെമ്മോറാണ്ടം തേടിയിരിക്കുന്നത്. കേരളത്തിനൊപ്പമുണ്ടെന്നും പുനരധിവാസത്തിന് പണം തടസമാകില്ലെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിക്കുകയും ചെയ്‌തിരുന്നു.
അതിനിടെ ഉരുൾപൊട്ടലിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നേരിട്ട് കണ്ടിരുന്നു. ചികിത്സയിൽ കഴിയുന്ന ആറ് പേരെയാണ് മോദി നേരിട്ട് കണ്ടത്. അവന്തിക, അരുൺ, അനിൽ, സുകൃതി എന്നിവരെ നേരിട്ട് കാണുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇവരെക്കൂടാതെ റസീന, ജസീല എന്നിവരെയും പ്രധാനമന്ത്രി കാണുകയുണ്ടായി.
പരിക്കേറ്റ് ചികിത്സയില്‍ കുട്ടികൾക്ക് മാനസിക പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി വിംസ് ആശുപത്രിയിലെ ഡോക്‌ടർമാർ അറിയിച്ചു. വിംസ് ആശുപത്രിയിൽ നിന്നും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം കളക്‌ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുക്കാനായി പോയത്.
കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലെ ദുരന്ത ഭൂമിയിലെത്തിയത്. മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിയ അദ്ദേഹം കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂള്‍ മൈതാനത്ത് ഇറങ്ങി. ഇതിന് ശേഷം വാഹനത്തില്‍ ചൂരല്‍മലയിലെ ബെയ്‌ലി പാലത്തില്‍ എത്തുകയും ഇവിടെ വച്ച് സൈനികരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications