'സന്തോഷമുണ്ട് ജോലി കിട്ടിയതിൽ, പക്ഷേ അത് കാണാൻ എന്റെ ഇച്ചായൻ ഇല്ലല്ലോ എന്ന സങ്കടമുണ്ട്'; ശ്രുതി
മലയാളികളുടെ മനസ്സിൽ ഇപ്പോഴും ശ്രുതി ഒരു നോവാണ്. വയനാട് ഉരുൾപൊട്ടലിൽ അച്ഛനേയും അമ്മയേയും സഹോദരിയേയും നഷ്ടമായ ശ്രുതിക്ക് ഏക ആശ്രയമായിരുന്ന പ്രതിശ്രുത വരനെയും അപകടത്തിൽ നഷ്ടമായിരുന്നു. വാഹനാപകടത്തിൽ ജൻസന് ജീവൻ നഷ്ടമാവുകയും ശ്രുതിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്.
സർക്കാർ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്നും ഇത് കാണാൻ ജൻസൺ ഇല്ലാത്ത വേദനയും ഉണ്ടെന്ന് ശ്രുതി പറഞ്ഞു.' സന്തോഷമുണ്ട് ജോലി കിട്ടിയതിൽ, ഇനി ജീവിതാവസാനം വരെ ആയല്ലോ, അതിന്റെ സന്തോഷമുണ്ട്, പക്ഷേ അത് കാണാൻ എന്റെ ഇച്ചായൻ ഇല്ലല്ലോ എന്നൊരു സങ്കടമുണ്ട്. ശരിക്കും ഞാൻ ആ ന്യൂസ് കണ്ടില്ല. ഓരോരുത്തർ വിളിച്ച് പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എല്ലാവർക്കും സന്തോഷമായി ഫാമിലിക്കും ബന്ധുക്കൾക്കുമൊക്കെ, ശ്രുതി പറഞ്ഞു.

വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ അതിദാരുണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാഗങ്ങളും നഷ്ടപ്പെട്ടുപോയ ശ്രുതി എന്ന യുവതിയുടെ ദാരുണമായ സംഭവം എല്ലാവർക്കും അറിയാവുന്നതാണ്. അവരുടെ പ്രതിശ്രുത വരനും പിന്നെ നഷ്ടപ്പെട്ടു. ശ്രുതിക്ക് ജോലി നൽകാൻ മന്ത്രി സഭ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട് അച്ഛൻ ശിവണ്ണനും അമ്മ സബിതയും സഹോദരി ശ്രേയയും ആണ് മരണപ്പെട്ടത്.
പിന്നീട് ജൻസണയിരുന്നു ശ്രുതിക്ക് ആശ്രയമായത്. ശ്രുതിയും ജെൻസണും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു,
പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള തുടർച്ചയായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അനിയോജ്യമാണെന്ന് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത് രണ്ട് സ്ഥലങ്ങളാണെന്നും ഒന്ന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാര എസ്റ്റേറ്റ് ആണെന്നും രണ്ട് കൽപറ്റ മുൻസിപാലിറ്റിയിലെ എൽസ്റ്റോൺ എസ്‌റ്റേറ് ആണെന്നും ഈ രണ്ടിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാനാണ് മന്ത്രിസഭ കണ്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ഉരുൾ പൊട്ടലിൽ മാതാപിതാക്കൾ 2 പേരും നഷ്ടപ്പെട്ട 6 കുട്ടികളുണ്ട്. അവർക്കും സർക്കാർ ധനസഹായം പ്രഖ്യാപിച്ചും. ഓരോരുത്തർക്കും 10 ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications