'യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ, എന്താണ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത്';ഭാഗ്യലക്ഷ്മി
ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുകൊണ്ടുള്ള ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വീഡിയോ എടുത്ത പെണ്‍കുട്ടി മാത്രമല്ല മറിച്ച് ആ വീഡിയോ കണ്ട ഉടനെ അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണെന്ന് നടി പറഞ്ഞു. കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തിൽ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന
ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ടെന്നും അവർ വിമർശിച്ചു. ഭാഗ്യലക്ഷ്മി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
' ബസ്സിൽ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും.
പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലർ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്.
ഇവിടെയും അയാൾ മോശമായി പെരുമാറിയെന്ന് ഈ പെൺകുട്ടിക്ക് ഉറപ്പുണ്ടെങ്കിൽ ഈ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു.
ഒരാൾ നമുക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറുമ്പോൾ, ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ പെരുമാറ്റത്തിൽ അത് പ്രകടമാകും. പക്ഷെ ഈ വിഡിയോയിൽ യാതൊരു
ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത്?

ഒരാളുടെ നിരപരാധിത്തം തെളിയിക്കാൻ / വിശ്വസിപ്പിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടിവരുന്നു.
അയാൾ മരിച്ചില്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാൾക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാൾ ജീവനൊടുക്കിയത്. അപ്പോൾ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്. കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തിൽ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്.
വ്യക്തമായ ചോദ്യമില്ലാതെ അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ പോയി', അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നടി സരിത ബാലകൃഷ്ണനും വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം
'ഒരു മനുഷ്യനെ പരസ്യമായി നാണം കെടുത്തി, ഒടുവിൽ അയാൾക്ക് മരണമല്ലാതെ വേറെ വഴിയില്ലെന്ന് തോന്നിപ്പിച്ച എല്ലാ 'ക്യാമറ കണ്ണുകൾക്കും' ബിഗ് സല്യൂട്ട്.. കൈയിലൊരു സ്മാർട്ട് ഫോണും, ഫേസ്ബുക്കിൽ രണ്ട് പോസ്റ്റിടാനുള്ള 'ധൈര്യവും' ഉണ്ടെങ്കിൽ ആരെയും വിചാരണ ചെയ്യാം. അങ്ങ് ശിക്ഷിച്ചേക്കാം. പോലീസും കോടതിയും വേണ്ട, ശിക്ഷ നടപ്പാക്കാൻ ഞങ്ങളുടെ മൊബൈൽ ക്യാമറകൾ മതിയെന്ന് തെളിയിച്ച 'വിപ്ലവകാരികൾക്ക്' അഭിനന്ദനങ്ങൾ. ഒരു മനുഷ്യജീവനേക്കാൾ വിലയുണ്ട് നിങ്ങളുടെയൊക്കെ ആ 'വൈറൽ' വീഡിയോകൾക്കും ലൈക്കുകൾക്കും അയാളും ഒരു ഇരയാണ്.ആ പേര് ഇവിടെ കുറിക്കുന്നില്ല. കാരണം, ഈ 'വിചാരണ'യുടെ അവസാനത്തെ ഇര അയാളാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് മാത്രം. കാരണം ഇനിയും ഒരുപാട് വൈറൽ ദാഹികൾ ആയ തത്തകൾ ഇവിടെ ഉള്ളത് കൊണ്ട്'.












Click it and Unblock the Notifications