കാസ്റ്റിംഗ് കൗച്ചും ലൈംഗിക ചൂഷണവും, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെ? പിണറായി സർക്കാരിനോട് പാർവ്വതി
കൊച്ചി: മലയാള സിനിമാ രംഗത്തെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് രണ്ട് വര്‍ഷമായി. ഇതുവരെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിടുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതോടെ സിനിമാ രംഗത്ത് നിന്ന് പ്രതിഷേധം ഉയരുകയാണ്.
നടി പാര്‍വ്വതി തിരുവോത്താണ് സംസ്ഥാന സര്‍ക്കാരിനോട് ചോദ്യം ഉയര്‍ത്തി മുന്നോട്ട് വന്നിരിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെ എന്ന് പാര്‍വ്വതി ചോദിക്കുന്നു. മലയാള സിനിമയിൽ കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്നും സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

2017ല്‍ മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമാ രംഗത്തെ ലിംഗവിവേചനം സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും രൂപീകരിക്കപ്പെട്ടു. ഡബ്ല്യൂസിസി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് 2017 ജൂലൈയില്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ രൂപീകരിച്ചത്. രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷം 2020ല്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ മുൻ എം.പി യും നാഷണൽ അവാർഡ് ജേതാവുമായ നടി ശാരദ, റിട്ട. ഐ.എ.എസ്.ഉദ്യോഗസ്ഥ കെ.ബി. വൽസല കുമാരി എന്നിവരാണ് അംഗങ്ങൾ. മൂന്ന് പേരും സംയുക്തമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ചിത്രീകരണ സ്ഥലങ്ങൾ ഉൾപ്പടെ മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ടിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്. മലയാള സിനിമയിലെ അവ്യവസ്ഥകൾ പരിഹരിക്കാൻ ശക്തമായ നിയമ നിര്‍മ്മാണം തന്നെ വേണമെന്നാണ് ഏറ്റവും പ്രധാന ശുപാര്‍ശ.

തങ്ങളുടെ സഹപ്രവർത്തക തൊഴിലിടത്തിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഡബ്ല്യു.സി.സി.യുടെ രൂപീകരണത്തിലേക്ക് നയിച്ച ഏറ്റവും പ്രധാന ആവശ്യത്തിന് കിട്ടിയ ഒരംഗീകാരമാണ് ഇതെന്നാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതിനെ കുറിച്ച് ഡബ്ല്യൂസിസി പ്രതികരിച്ചത്. ഇന്ത്യൻ സിനിമയിൽ ആദ്യമാണ് ഇത്തരമൊരു പഠനകമ്മീഷൻ ഉണ്ടാകുന്നത്. ചരിത്രമാണിത്. സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണ് എന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിക്കുകയുണ്ടായി.
ലോകം കീഴടക്കിയ പഞ്ചാബി സുന്ദരി, മിസ് യൂണിവേഴ്സ് 2021 ഹർനാസിന്റെ കലക്കൻ ചിത്രങ്ങൾ

എന്നാല്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതോടെയാണ് ഡബ്ല്യൂസിസി അംഗം കൂടിയായ നടി പാര്‍വ്വതി തിരുവോത്ത് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതിയുടെ പ്രതികരണം. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വേണ്ടി നിരവധി പേര്‍ തങ്ങള്‍ അനുഭവിച്ച ദുരവസ്ഥകളെ കുറിച്ച് തുറന്ന് സംസാരിക്കുകയുണ്ടായെന്ന് പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ തൊഴിലിടം സുരക്ഷിതമാക്കുന്നതിന് സഹായിക്കുന്ന നിയമം നിര്‍മ്മിക്കാന്‍ ഈ സുപ്രധാനമായ റിപ്പോര്‍ട്ട് ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുക്കാത്തത് സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവും ഇല്ല എന്നുളള ഓര്‍മ്മപ്പെടുത്തലാണ് എന്നും പാര്‍വ്വതി കുറിച്ചു. എവിടെ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന ചോദ്യത്തോടെയാണ് പാര്‍വ്വതിയുടെ കുറിപ്പ് അവസാനിക്കുന്നത്.

അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ നേരത്തെ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. ഹരീഷിന്റെ കുറിപ്പ് ഇങ്ങനെ: '' ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്ക്?? 46 ലക്ഷം രൂപയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കാൻ ഈ സർക്കാർ ചെലവിട്ടത്. സിനിമാ മേഖലയിലെ ജെണ്ടർ ഇഷ്യൂസ് പഠിക്കാനാണ് കമ്മിറ്റി. റിപ്പോർട്ട് നൽകിയിട്ട് മാസങ്ങളായി. ഇതുവരെ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല.

പ്രസിദ്ധീകരിക്കരുത് എന്ന നിബന്ധനയിൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം മാത്രം മറച്ചുവെച്ചു റിപ്പോർട്ടിന്റെ ബാക്കി ഭാഗം ജനങ്ങൾക്ക് മുൻപാകെ വെയ്ക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ജനങ്ങളുടെ നികുതി പണം എടുത്ത് ചെലവാക്കി ഉണ്ടാക്കിയ റിപ്പോർട്ട് വായിക്കാൻ ജനത്തിന് അവകാശമുണ്ട്. അതിന്മേൽ നടപടി എടുക്കുമോ ഇല്ലയോ എന്നതൊക്കെ സർക്കാർ കാര്യം. റിപ്പോർട്ട് പൂഴ്ത്തി വെയ്ക്കാൻ അതൊന്നും ന്യായമല്ല. റിപ്പോർട്ടിലെ ഉള്ളടക്കമെന്ന പേരിൽ സർക്കാരിന് തോന്നുന്ന കാര്യങ്ങൾ പറയലല്ല മര്യാദ. സ്ത്രീകളുടെ പിന്തുണ ചോദിച്ചു അധികാരത്തിൽ വന്ന ഒരു സർക്കാരിന് പ്രത്യേകിച്ചും.

ഏതൊക്കെ സ്ത്രീ വിരുദ്ധരെയാണ് ജസ്റ്റിസ്.ഹേമ കമ്മീഷൻ പ്രതിക്കൂട്ടിൽ നിർത്തുന്നത്? ആ പ്രതികളുടെ പേരുകൾ സമൂഹത്തിൽ വരരുത് എന്നു സർക്കാരിന് എന്താണിത്ര വാശി? ഈ റിപ്പോർട്ട് പൂഴ്ത്തി വെയ്ക്കുക വഴി സർക്കാർ സ്ത്രീവിരുദ്ധർക്ക് സഹായം ചെയ്യുകയല്ലേ എന്ന ചോദ്യത്തിനു ഇന്നാട്ടിലെ സ്ത്രീകളോട് പിണറായി വിജയൻ സർക്കാരിന് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മറുപടി പറയേണ്ടി വരും''.












Click it and Unblock the Notifications